കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനുവേണ്ടി കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് പുനരധി വാസ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ തൊഴില്‍ നല്‍കണമെന്ന് മുന്‍മന്ത്രിയും എം.എല്‍.എയും ആയ എസ്.ശര്‍മ്മ ആവശ്യപ്പെട്ടു. മൂലംമ്പിള്ളി കുടിയിറക്കലിന്റെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് കുടിയൊഴിക്കപ്പെട്ട കുടുംബങ്ങളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി അഞ്ച് വര്‍ഷം മുമ്പ് കിടപ്പാടങ്ങള്‍ വിട്ടുകൊടുത്ത കുടുംബങ്ങളെ വീണ്ടും ദ്രോഹിക്കരുത്. മുന്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പുനരധിവാസ പാക്കേജ് സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. പാക്കേജിലെ പ്രധാന ഘടകങ്ങളിലൊന്നായ ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളില്‍ നിന്ന് ഒരാള്‍ക്ക് വീതം തൊഴില്‍ നല്‍കും എന്ന ഉത്തരവ് നടപ്പിലാക്കണം. കൊച്ചിന്‍പോര്‍ട്ട് ട്രസ്റ്റ് അതിന് മുന്‍കൈ എടുക്കുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ ഇടപെടുത്തി ഉത്തരവ് നടപ്പിലാക്കണം.
വിദേശകപ്പലുകള്‍ക്ക് കണ്ടെയ്നര്‍ ടെര്‍മിനല്‍ ഉപയോഗിക്കുവാന്‍ ‘കമ്പോട്ടാഷ്’ നിയമത്തില്‍ ഇളവു വരുത്താമെങ്കില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുവാന്‍ വേണ്ടി കിടപ്പാടം നഷ്ടപ്പെടുത്തിയ കുടുംബങ്ങളുടെ അവകാശങ്ങളും മാനിക്കപ്പെടണം. സമാധാനപരമായ പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വികസനപ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ സാധാരണ ജനങ്ങള്‍ക്കു കൂടി അനുഭവവേദ്യമാകണം. മൂലംമ്പിള്ളി പാക്കേജ് അട്ടിമറിക്കപ്പെട്ടാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ സ്ഥലം വിട്ടുതരാന്‍ മടിക്കും എന്ന് കേരളനിയമസഭയിലെ യു.ഡി.എഫ് ചീഫ്വിപ്പ് പി.സി.ജോര്‍ജ് എം.എല്‍.എ തന്റെ മുഖ്യപ്രഭാഷണത്തില്‍ പ്രതികരിച്ചു.
സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത സെക്രട്ടേറിയറ്റ് മാര്‍ച്ച് രാവിലെ 11.30ന് ഫൈന്‍ ആര്‍ട്സ് കോളേജ് പരിസരത്തു നിന്നും ആരംഭിച്ചു. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് കണ്ടത്തില്‍ കോര്‍ എപ്പിസ്കോപ്പ, കെ. റെജികുമാര്‍, കുരുവിള മാത്യൂസ്, ജി.എസ്.പത്മകുമാര്‍, എസ്.ബുര്‍ഹാന്‍, വി.പി.വിത്സന്, ജസ്റ്റിന് പി.എ, എം.എ. സൂസി, എം.ഷാജര്‍ഖാന്‍, പി.ജെ. സെലസ്റ്റീന്‍, മൈക്കിള്കോതാട്, സ്റ്റാന്‍ലി മുളവുകാട്, ബി.ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: