കൊല്ലം: ബീഹാറിനോടും പരാജയം ഏറ്റുവാങ്ങിയതോടെ സന്തോഷ് ട്രോഫിയില്‍ നിന്നും ഹിമാചല്‍ പ്രദേശ് പുറത്ത്. ക്ലസ്റ്റര്‍ ബി വിഭാഗത്തില്‍ ഇന്നലെ ബീഹാറുമായിട്ടാണ് ആദ്യമത്സരത്തില്‍ തന്നെ ഹിമാചല്‍ ഏറ്റുമുട്ടിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബീഹാര്‍ ഹിമാചലിനെ പരാജയപ്പെടുത്തിയത്. മൂന്ന് മല്‍സരങ്ങളില്‍ നിന്നായി ഹിമാചലിന് ഒരു പോയിന്റ് മാത്രമാണുള്ളത്. ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ അരുണാചല്‍ പ്രദേശ് ദാമന്‍ദിയുവിനെ പരാജയപ്പെടുത്തി. ജയിച്ചെങ്കിലും അരുണാചല്‍ പ്രദേശിന് ക്വാര്‍ട്ടറിലേക്ക് നേരിയ സാധ്യതയേ ഉള്ളു. നിലവില്‍ ഇനി ഒരു മല്‍സരം ശേഷിക്കെ നാല് പോയിന്റാണ് അരുണാചലിനുള്ളത്. ക്ലസ്റ്ററില്‍ നിന്നും ഒരു ടീം മാത്രമെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയുള്ളൂ. രണ്ട് ജയം വീതം നേടി ആറു പോയിന്റുള്ള കര്‍ണാടകയ്ക്ക് ഇനി രണ്ടു മല്‍സരം ശേഷിക്കുന്നതിനാല്‍ കര്‍ണാടയ്ക്ക് തന്നെയാണ് ക്വാര്‍ട്ടര്‍ സാധ്യത കല്‍പ്പിക്കുന്നത്. ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ ബീഹാറിന് വേണ്ടി ഉജ്വല്‍ ഗ്വാരിയാണ് ഗോള്‍ നേടിയത്. ബോക്സിനുള്ളില്‍ നിന്നും ശിവബ്രാദ് ഗൗതം നല്കിയ പാസ് ഉജ്വല്‍ ഗോള്വലയ്ക്കുള്ളിലാക്കുകയായിരുന്നു. 16ാം മിനിറ്റിലും 20ാം മിനിറ്റിലും ഗോള്‍ നേടാനുള്ള അവസരം ബീഹാര്‍ താരങ്ങള്‍ പാഴാക്കി. 53ാം മിനിറ്റില്‍ ഹിമാചലിന്റെ ചന്ദന്‍കുമാറിന്റെ ഷോട്ട് ബീഹാര്‍ ഗോളി ഹേമന്ത് തടഞ്ഞിട്ടു. ഇതിനിടെ ഹേമന്തിന് പരിക്കേല്‍ക്കുകയും പകരം നിതീഷ്കുമാറിനെ ഇറക്കിയാണ് മല്‍സരം പൂര്‍ത്തീകരിച്ചത്.ഇന്നലെ രണ്ടാം മല്‍സരത്തില്‍ അരുണാചല്‍ പ്രദേശ് ദാമന്‍ദിയുവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. 23ാം മിനിറ്റില്‍ ടോക്കോ പാലിയമിന്റെ വകയായിരുന്നു ഗോള്‍. ഗോളിയെ കബളിപ്പിച്ച് ബോക്സിലെത്തിയ ടോക്കോ തടുത്ത ഷോട്ട് ദാമന്ദിയുവിന്റെ പ്രതിരോധനിരക്കാരന്റെ കയ്യില്‍ തട്ടി ഗോള്വലയ്ക്കുള്ളിലെത്തുകയായിരുന്നു. ഇന്ന് നടക്കുന്ന ആദ്യമല്‍സരത്തില്‍ ജാര്‍ഖണ്ഡ് ഛണ്ഡീഗഡ്ഡിനോടും രണ്ടാം മത്സരത്തില്‍ ഗുജറാത്ത് നാഗാലാന്റുമായും ഏറ്റുമുട്ടും.
എ. ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: