പുത്തൂര്‍: കൈതക്കോട് അനധികൃത പാറഖനനം നാട്ടുകാര്‍ തടഞ്ഞു. കോടതി ഉത്തരവ് വകവെക്കാതെ തുടര്‍ന്ന് വന്നിരുന്ന പാറഖനനമാണ് ഇന്നലെ രാവിലെ അമ്പതോളം വരുന്ന ജനക്കൂട്ടം തടഞ്ഞത്. തുടര്‍ന്ന് എഴുകോണ്‍ എസ്ഐ മുഹമ്മദ്ഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. രണ്ട് ടിപ്പറുകളും ഒരു ഹിറ്റാച്ചിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടിപ്പറുകള്‍ പുത്തൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വല്യത്ത് കണ്‍സ്ട്രക്ഷന്‍ ഉടമയുടെ നേതൃത്വത്തിലാണ് കൈതക്കോട് നിവാസികളെ ആശങ്കയിലാക്കി പാറഖനനം നടന്നുവന്നിരുന്നത്. സമീപപ്രദേശത്തുള്ള നാല് വീടുകള്‍ക്ക് ഇതുമൂലം വിള്ളലുകള്‍ വീണിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രദേശവാസിയായ തുളസീധരന്‍പിള്ള നല്കിയ പരാതിയില്‍ കൊട്ടാരക്കര മുന്‍സിഫ് കോടതി പാറഖനനം തടഞ്ഞുകൊണ്ട് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് വകവെക്കാതെയാണ് പാറപൊട്ടിക്കല്‍ തുടര്‍ന്നത്.
ഇതിനെതിരെ നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടികള്‍ ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് ഇന്നലെ ജനക്കൂട്ടം പാറഖനനം തടഞ്ഞത്. അതേസമയം പാറക്വാറിയുടെ സമീപത്തുകൂടിയുള്ള പഞ്ചായത്ത് റോഡ് ക്വാറിഉടമയുടെ സൗകര്യത്തിന് വേണ്ടി വഴിമാറ്റാന്‍ ശ്രമിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് തോമസ് വര്‍ഗീസ് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. ഇത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: