കാലടി: മറ്റുള്ളവരെ കുറ്റപ്പെടുത്തുകയല്ല നാം സ്വയം സംഘടിക്കുകയും പരസ്പരം സ്നേഹിച്ച് നമ്മുടെ ആവശ്യങ്ങള്‍ നേടിയെടുക്കുകയാണ് വേണ്ടതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. മലയാറ്റൂര്‍ ഇല്ലിത്തോട് ശാഖയുടെ ശാഖമന്ദിരോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചത്തകുതിരയെന്ന് നെഹ്റു വിശേഷിപ്പിച്ച മുസ്ലീം ലീഗിന്റെ മുകളില്‍ കയറിയിരുന്നാണ് ഉമ്മന്‍ചാണ്ടി ഭരിക്കുന്നതെന്നും അവരുടെ വിദ്യാലയങ്ങള്‍ എയഡഡ് ആക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിക്കും മറ്റ് നേതാക്കള്‍ക്കും ഇല്ലിത്തോട് ജംഗ്ഷനില്‍ നിന്നും ശാഖമന്ദിരത്തിലേക്ക് വാദ്യമേളങ്ങളുടെയും പൂത്താലങ്ങളുടെയും അകമ്പടിയോടെ സ്വീകരണം നല്കി. പൊതുസമ്മേളനത്തില്‍ കുന്നത്തുനാട് യൂണിയന് പ്രസിഡന്റ് കെ.കെ.കര്ണ്ണന് അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് വി.വി.യശോധരന് സ്വാഗതം പറഞ്ഞു. ലൈബ്രറിയുടെ ക്ഷേമ നിധിയുടെയും ഉദ്ഘാടനവും നടന്നു. അനുഗ്രഹ പ്രഭാഷണവും പൂര്‍വ്വകാല പ്രവര്‍ത്തകരെ ആദരിക്കലും ശാഖയുടെ കമ്പ്യൂട്ടര്‍ വത്കരണത്തിന്റെയും ഉദ്ഘാടനം യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന് നിര്‍വഹിച്ചു. കുന്നത്തുനാട് യൂണിയന് സെക്രട്ടറി എ.ബി.ജയപ്രകാശ്, യോഗ കൗണ്‍സിലര്‍ സജിത് നാരായണന്, യോഗം ബോര്‍ഡ് മെമ്പര്‍ ടി.എന്‍.സദാശിവന്, ടി.ജി.വിദ്യാസാഗര്‍, ശാഖ സെക്രട്ടറി ശിവന് തേനൂരാന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് 3.30ന് മതമേതായാലും മനുഷ്യന് നന്നാല് മതി എന്ന വിഷയത്തില്‍ സ്നേഹസദസ്സ് നടന്നു. ഇല്ലിത്തോട് ശാഖ പ്രസിഡന്റ് വി.വി.യശോധരന് അദ്ധ്യക്ഷനായിരുന്നു. സ്നേഹസദസ്സില്‍ ഇല്ലിത്തോട് കാത്തിലിക് ചര്‍ച്ച് ഫാ.ഡോ.ജോസഫ് കോട്ടയ്ക്കല്‍, ഇല്ലിത്തോട് ജമാ അത്ത് ഇമാം ജാഫര്‍ അല്‍ ഹസ്സനി, കെപിഎംഎസ് മേഖല കണ്‍വീനര്‍ ടി.ഡി.വേലായുധന്, കെഎസ്എസ് താലൂക്ക് പ്രസിഡന്റ് എം.കെ.സുധാകരന്, മുളങ്കുഴി ദേവി ക്ഷേത്രം പ്രസിഡന്റ് ബാബു റ്റി.ജി. എന്നിവര്‍ സംസാരിച്ചു. വൈകീട്ട് പ്രസാദ ഊട്ടും തുടര്‍ന്ന് ഇല്ലിത്തോട് ഗ്രാമനിവാസികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: