ആലുവ: അര്‍ബുദ രോഗം ശരീരത്തെ വിഴുങ്ങുമ്പോഴും തളരാതെ നിന്ന ചന്ദ്രിക നീതിക്കായി അലയുന്നു. ചികിത്സക്കായി എടുത്ത ലീവിന് അംഗീകാരം നല്‍കാത്തതും ജോലിക്ക് ശമ്പളം കിട്ടാത്തതുമാണ് ചന്ദ്രിക എന്ന സര്‍ക്കാര്‍ ജീവനക്കാരിയെ വിഷമത്തിലാക്കുന്നത്.
ആലുവ ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ ടൈപ്പിസ്റ്റാണ് ദേശം കുന്നുംപുറം സ്വദേശിനിയായ പി.പി.ചന്ദ്രിക. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 19മുതല്‍ അര്‍ബുദ ചികിത്സയിലാണവര്‍. തൊട്ടടുത്ത മാസം തന്നെ ഓപ്പറേഷന് നടത്തുകയും കീമോ ചികിത്സ ആരംഭിക്കുകയും ചെയ്തു. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചികിത്സയ്ക്കുവേണ്ടിയുള്ള ലീവിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ആശുപത്രിയില്‍നിന്ന് സ്വയം ഓഫീസിലെത്തി നല്കി. കാന്‍സര്‍ രോഗികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 45 ദിവസത്തെ സ്പെഷ്യല്‍ കാന്‍സര്‍ ലീവ് അനുവദിച്ചിരുന്നു. ഈ ലീവിനുള്ള അപേക്ഷയാണ് ചന്ദ്രിക നല്കിയതും. ആവശ്യമായ രേഖകള്‍ ഹാജരാക്കിയിട്ടും തന്റെ ലീവ് ഇതുവരെ പാസാക്കിയിട്ടില്ലെന്ന് ചന്ദ്രിക പറയുന്നു.
ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള പൊതു അവധി ദിവസങ്ങള്‍ ഒഴിവാക്കിയാണ് ചന്ദ്രിക 45 ദിവസത്തെ ലീവിന് അപേക്ഷിച്ചത്. ലീവ് പാസാകാത്തതുമൂലം ജൂലൈ ആഗസ്റ്റ്, സപ്തംബര്‍ മാസത്തെ ശമ്പളവും ഇതുവരെ ലഭിച്ചിട്ടില്ല. ഇതേപ്പറ്റി ചോദിക്കുമ്പോള്‍ ലഭിക്കുന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയും ചന്ദ്രികയെ കൂടുതല്‍ വിഷമത്തിലാക്കുന്നു. രോഗിയായ തനിക്ക് ഓണത്തിന്റെ അഡ്വാന്‍സ് ശമ്പളവും മറ്റു ടിഎകളും നിഷേധിച്ചിട്ടുണ്ടെന്ന് ചന്ദ്രിക പറഞ്ഞു. വിരമിക്കാന്‍ രണ്ടുമാസം മാത്രം ശേഷിക്കെ അക്കൗണ്ടന്റ് ജനറലിന് അയയ്ക്കാന്‍ ചന്ദ്രികനല്കിയ പെന്ഷന് ബുക്കും ഇപ്പോള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. വിരമിച്ചാലും രോഗിയായ തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ അവിവാഹിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: