പത്തനാപുരം: മണ്കലങ്ങളില് തിളച്ചുതൂവിയ ഓരോ ജലകണങ്ങളിലും അന്നപൂര്‍ണേശ്വരിയുടെ അനുഗ്രഹസാന്നിധ്യം തൊട്ടറിഞ്ഞു. ആയിരങ്ങള്‍ക്ക് അഭീഷ്ടസിദ്ധിയരുളുന്ന അമ്മയുടെ നിറസാന്നിധ്യം ഭക്തരുടെ കണ്ഠങ്ങളില്‍ മന്ത്രങ്ങളായുയര്ന്നപ്പോള് പട്ടാഴി ക്ഷേത്രവും പരിസരപ്രദേശങ്ങളും യാഗശാലയ്ക്കു സമാനമായി. എങ്ങും ദേവീമന്ത്രമുഖരിതമായ അന്തരീക്ഷം.
പട്ടാഴിഅമ്മയുടെ തിരുമുന്നില്‍ പതിനായിരങ്ങള്‍ ഇന്നലെ ആത്മസമര്‍പ്പണത്തിന്റെ പൊങ്കാലയര്‍പ്പിച്ചു സായൂജ്യം നേടി. രാവിലെ ഏഴിന് അഡ്വ. ഐഷാപോറ്റി എംഎല്‍എ ഭദ്രദീപം തെളിയിച്ചു. സിനിമാ സീരിയല്‍ താരമായ ശാലുമേനോന് ഭണ്ഡാരഅടുപ്പിലേക്ക് അഗ്നിപകര്‍ന്നതോടെ പതിനായിരക്കണക്കിന് പൊങ്കാല അടുപ്പുകളില്‍ ജ്വാലയുയര്‍ന്നു. പുത്തന്‍ മണ്കലങ്ങളില് പുതുപ്രതീക്ഷകളുമായി പതിനായിരത്തിലേറെ ഭക്തരാണ് അമ്മയ്ക്ക് പൊങ്കാല സമര്‍പ്പണം നടത്തിയത്. ഭക്തിയുടെ നിറവില്‍ ആനന്ദം സൃഷ്ടിച്ചു.
ഭക്തര്‍ സങ്കടങ്ങളുടെ ഉരുക്കഴിച്ച് നിറകലങ്ങളില്‍ ദേവിയുടെ കൃപാവരം തേടി സായൂജ്യം നേടി. രാവിലെ 9.30ന് ദേവസ്വംബോര്‍ഡംഗം സുഭാഷ് വാസു പ്രസാദം കൊട്ടാരക്കര ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഡി. ശ്രീകുമാറിനു നല്കി ഉദ്ഘാടനം ചെയ്തു.
കെഎസ്ആര്‍ടിസി അതിരാവിലെ മൂന്നു മുതല്ക്കേ വിവിധ ഡിപ്പോകളില്‍ നിന്നും സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തിയിരുന്നു. പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയ ഭക്തര്‍ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ക്ഷേത്രസംരക്ഷണ സമിതി ഒരുക്കിയിരുന്നത്.
തലേദിവസം എത്തിയ ഭക്തര്‍ക്കായി താമസ സൗകര്യം, കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നതിനായി വാളണ്ടിയര്‍മാരും മെഡിക്കല്‍ വിഭാഗവും ആംബുലന്‍സ് സേവനും സജ്ജമാക്കിയിരുന്നു. ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ഏറ്റവും വലിയ പൊങ്കാലയാണ് പട്ടാഴിയിലേത്. ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് എ.ആര്. അരുണ്‍, കര്മ്മചന്ദ്രന്പിള്ള, ഹരീഷ്കുമാര്‍, മീനം രാകേഷ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വമേകി.
അനന്തു തലവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: