കൊല്ലം: കളി കാണാനൊരുങ്ങി കൊല്ലം. അറുപത്തേഴാമത് സന്തോഷ്ട്രോഫി മത്സരങ്ങള്‍ക്ക് ഇന്ന് കിക്കോഫ്. ശരവണനും മനോഹരനും പിന്നീട് വംഗനാട്ടിലേക്ക് കാലുമാറിയ ബാബുമണിയുമൊക്കെ കരുത്തുപകര്‍ന്ന കന്നടിഗരുടെ അടുത്ത തലമുറക്കാര്‍ ഇന്ന് ആദ്യമത്സരത്തിന് കച്ചകെട്ടും. എതിര്‍മുഖത്ത് ഹിമാചലവീര്യം. രണ്ടാം മത്സരത്തില്‍ ബീഹാര്‍ അരുണാചലുമായി കൊമ്പുകോര്‍ക്കും. മൂന്നാം തവണയും കൊല്ലത്തിന്റെ ആരവങ്ങളില്‍ അലിയാന്‍ സന്തോഷ്ട്രോഫി വിരുന്നെത്തിയിരിക്കുന്നു.
കാല്‍പ്പന്തുകളിയുടെ പഴയകഥകളില്‍ കൊല്ലത്തിന്റെ ആവേശപ്പെരുമയുണ്ട്. ആര്‍പ്പുവിളികളുടെ ഓര്‍മ്മപ്പെരുക്കത്തില്‍ തെളിയുന്നത് ഇതേ ലാല്‍ബഹദൂര്‍ സ്റ്റേഡിയം. 88ലെ സന്തോഷ്ട്രോഫിയില്‍ കേരളം കണ്ട കനവുകള്‍ വീണുടഞ്ഞത് ഈ പുല്മൈതാനത്തായിരുന്നു. ഒരു പക്ഷേ ചരിത്രം കണ്ടതില്‍ വെച്ചേറ്റവും ശക്തമായ കേരളടീമിന്റെ സ്വപ്നങ്ങള്‍ക്ക് കരുത്തും ചൂടും പകര്‍ന്ന ആവേശമായിരുന്നു കൊല്ലത്ത് കാഴ്ചക്കാര്‍ അന്ന് പകര്‍ന്നത്.
തുടര്‍ച്ചയായി ഫെഡറേഷന് കപ്പ് വിജയങ്ങളിലൂടെ ഇന്ത്യന്‍ ഫുട്ബോള്‍ വീര്യത്തിന് കേരളീയ ഭാഷ്യം എഴുതിച്ചേര്‍ത്ത പോലീസ് പടയായിരുന്നു അന്നത്തെ പ്രതീക്ഷ. വി.പി. സത്യന്, യു. ഷറഫലി, കുരികേശ് മാത്യു, കെ.ടി. ചാക്കോ, ഐ.എം. വിജയന് തുടങ്ങിയവരുടെ നീണ്ടനിര. അതിവേഗ ഫുട്ബോളിന്റെ മാസ്മരികത ഇന്ത്യക്കാരന്റെ കാലുകള്‍ക്കും ഇണങ്ങും എന്ന് ലോകത്തോട് വിളിച്ചുപറയാന്‍ കൊതിച്ച ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ പടക്കുതിര തോമസ് സെബാസ്റ്റ്യനായിരുന്നു നായകന്. അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ഇന്ന് കിതയ്ക്കുന്ന കെഎസ്ആര്‍ടിസി അന്നിത്രയും രോഗാതുരമായിരുന്നില്ല. ചെറിയാന് പെരുമാലിയെപ്പോലെ എണ്ണം പറഞ്ഞ മുന്നേറ്റ നിരക്കാരെ പോറ്റാന്‍ കരുത്തുണ്ടായിരുന്നു ആ വകുപ്പിന്. 88ലെ കൊല്ലം സന്തോഷ്ട്രോഫിയിലാണ് ഹര്‍ഷകുമാര്‍ എന്ന കറുത്ത ചെറുപ്പക്കാരന് സെന്‍ട്രല്‍ എക്സൈസിന്റെ കൈപിടിച്ച് ചാട്ടുളി പോലെ മൈതാനം കീഴടക്കിയത്. കെല്‍ട്രോണിന്റെ ഗണേശനായിരുന്നു വിസ്മയം സൃഷ്ടിച്ച മറ്റൊരു പ്രതിഭ.
ഗോള്‍വല കാക്കാന്‍ കെ.ടി. ചാക്കോ. ഡിഫന്‍സില്‍ യു. ഷറഫലി, കുരികേശ് മാത്യു, കെ.എഫ്. ബെന്നി തുടങ്ങിയവര്‍. മധ്യനിരയില്‍ വി.പി. സത്യനും തോമസ് സെബാസ്റ്റ്യനും. മുന്നേറ്റ നിരയില്‍ സി.വി. പാപ്പച്ചന്, ഐ.എം. വിജയന്, ഗണേശന്, ചെറിയാന് പെരുമാലി, റിസര്‍വ് ബെഞ്ചില്‍ ഹര്ഷനെപ്പോലെയുള്ളവര്. ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോഴാണ് എന്ന ചോദ്യവുമായി സ്റ്റേഡിയം ഇരമ്പിയാര്‍ത്തു. തകര്‍ത്തു പെയ്ത മഴയില്‍ ഒലിച്ചുപോയ സെമിഫൈനലിന്റെ ആവര്‍ത്തനം തന്ന ഭാഗ്യമാണ് കേരളത്തെ അന്ന് കലാശക്കളിക്ക് യോഗ്യരാക്കിയത്. സെമിയില്‍ മഹാരാഷ്ട്രയോട് ഒരു ഗോളിന് പിന്നില്‍ നില്‍ക്കുമ്പോഴായിരുന്നു മഴ തുണച്ചത്. ചെറിയാന് പെരുമാലി തിരികെ വലകുലുക്കിയെങ്കിലും ഓഫ്സൈഡ് ആയി.
വിഷമം കൊണ്ടും നിരാശ കൊണ്ടും കൊല്ലത്തുകാര്‍ അന്നും ചിന്നക്കടയില്‍ കോരിച്ചൊരിയുന്ന മഴയത്ത് പ്രകടനം നടത്തി. ‘ചെറിയാന് അടിച്ചത് ഗോളല്ലെങ്കില്‍ സന്തോഷ്ട്രോഫി കൊല്ലത്തു വേണ്ട’ എന്നായിരുന്നു രസകരമായ ആ മുദ്രാവാക്യം.(66ല്‍ ആന്ധ്രയ്ക്കെതിരെ പാഴായിപ്പോയ ശിവദാസിന്റെ ഗോളിനെക്കുറിച്ചുള്ള ഓര്‍മ്മകളുടെ തിരിച്ചുവരവായിരുന്നു അത്). മത്സരം പിന്നീട് ആവര്‍ത്തിച്ചപ്പോള്‍ ഗോഡ്ഫ്രെ പെരേരയുടെ മഹാരാഷ്ട്ര കൊമ്പുകുത്തി.
പഞ്ചാബായിരുന്നു ഫൈനലിലെ എതിരാളി. പരിക്കിന്റെ പിടിയില്‍ പാപ്പച്ചനെ നഷ്ടപ്പെട്ട കേരളത്തിന് എക്സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ തോമസ് സെബാസ്റ്റ്യനെയും തിരികെ വിളിക്കേണ്ടി വന്നു. രണ്ട് മുന്‍നിര നായകന്മാര് നഷ്ടപ്പെട്ട ടീമിനെ ഒറ്റയ്ക്ക് കാക്കുകയായിരുന്നു ഗണേശന്. ഷറഫലിയും സത്യനും ഹര്ഷനും ഗണേശനൊപ്പം തോള്‍കൊടുത്ത് പൊരുതിയപ്പോള്‍ മുഴുവന്‍ കേരളത്തിനും വേണ്ടി കൊല്ലം ആര്‍ത്തുവിളിച്ചു.
കളിക്കളത്തില്‍ തോല്‍ക്കാതിരിക്കാന്‍ മരണപ്പോരാട്ടം നടത്തിയ കേരളം പക്ഷേ ഭാഗ്യപരീക്ഷണത്തിന്റെ മരണക്കുരുക്കില്‍ വീണു. സഡന്‍ഡെത്തില്‍ തോറ്റിട്ടും തോല്‍ക്കാതെയാണ് കൊല്ലം ഗണേശനെന്ന പോരാളിയെ നെഞ്ചേറ്റി മടങ്ങിയത്. ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന്റെ പുല്‍നാമ്പുകള്‍ക്ക് ഈര്‍പ്പം പകര്‍ന്ന ആ താരരാജാക്കന്മാരുടെ കണ്ണുനീരിന്റെ ഓര്‍മ്മയുണ്ട് ഇന്ന് പന്തുരുളുമ്പോള്‍ ഒപ്പം.
കാല്‍പ്പന്തുകളിയുടെ ആവേശക്കാഴ്ചകളിലേക്ക് കൊല്ലം വഴുതി വീഴുമ്പോള്‍ ഒരു നഷ്ടബോധമുണ്ട് കൂട്ടിന്. കൊല്ലത്ത് പന്തുതട്ടാന്‍ കേരളമില്ലെന്ന നഷ്ടബോധം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: