പുത്തൂര്‍: കൈതക്കോട് മേഖലയിലെ അനധികൃത പാറഖനനം പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു. കോടതിയുടെ സ്റ്റേ ഉത്തരവ് പോലും കാറ്റില്‍പറത്തിയാണ് ഇവിടെ പാറഖനനം നടക്കുന്നത്. ക്വാറിയുടെ സമീപപ്രദേശങ്ങളിലുള്ള നാലോളം വീടുകള്‍ക്ക് വിള്ളലുണ്ടായത് പരിഭ്രാന്തിയുടെ ആഴം കൂട്ടിയിട്ടുണ്ട്.
തുടര്‍ച്ചയായ പാറപൊട്ടിക്കല്‍ മൂലം കൈതക്കോട് മേഖലയില്‍ സമീപകാലത്ത് നേരിയ ഭൂചലനങ്ങള്‍ ഉണ്ടായതും ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
പ്രദേശവാസിയായ തുളസീധരന്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് കൊട്ടാരക്കര മുന്‍സിഫ് കോടതി പാറഖനനം താല്‍ക്കാലികമായി തടഞ്ഞുകൊണ്ടുത്തരവിട്ടത്. ഉത്തരവ് പാറഖനനം നടത്തുന്ന വല്യത്ത് കണ്‍സ്ട്രക്ഷന്‍സ് ഉടമ കൈപ്പറ്റുകയും ചെയ്തു. എന്നിട്ടും പാറപൊട്ടിക്കല്‍ തുടരുന്നതിനെതിരെ ജനങ്ങള്‍ രോഷാകുലരാണ്. കോടതി ഉത്തരവ് പോലും വകവെക്കാതെ തുടരുന്ന പാറഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ എഴുകോണ്‍ എസ്ഐക്കും സിഐയ്ക്കും ഡിവൈഎസ്പിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും പാറപൊട്ടിക്കല്‍ തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
സ്റ്റേ ഉത്തരവുണ്ടാകുന്നതിന് മുമ്പുതന്നെ പൊട്ടിച്ചിട്ട പാറ നീക്കം ചെയ്യുക മാത്രമാണ് ഇവിടെ നടക്കുന്നതെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഇന്നലെയും നിര്‍ബാധം പാറഖനനം നടന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ദിവസവും കുറഞ്ഞത് 25ലോഡ് പാറയെങ്കിലും ഇവിടെ നിന്ന് പൊട്ടിച്ചുമാറ്റുന്നുണ്ടെന്ന് അവര്‍ പറയുന്നു. ഒരേക്കറോളം വരുന്ന പാറക്വാറിയില്‍ തുടര്‍ച്ചയായി നടക്കുന്ന ഖാനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നവും അപകടഭീഷണിയും ചെറുതല്ല. സമീപവാസികള്‍ക്ക് കൈതക്കോട് ഇണ്ടിളയപ്പന് ക്ഷേത്രത്തിലേക്ക് പോകുന്നതിനുള്ള വഴി ക്വാറിയുടെ സമീപത്തുകൂടിയാണ്. ഈ വഴി അടയ്ക്കാനും ക്വാറി നടത്തിപ്പുകാരനും പഞ്ചായത്ത് ഭരണസമിതിയുമായി ധാരണ ഉണ്ടാക്കിയതായും സൂചനയുണ്ട്.
കഴിഞ്ഞ ആറുമാസക്കാലത്തിനുള്ളില്‍ മൂന്ന് തവണയാണ് കൈതക്കോട്, പവിത്രേശ്വരം, ചെറുപൊയ്ക മേഖലയില്‍ നേരിയ തോതില്‍ ഭൂചലനം ഉണ്ടായത്. മുമ്പ് ഒരിക്കലും ഭൂചലനസാധ്യത സൂചിപ്പിച്ചിട്ടില്ലാത്ത ഈ പ്രദേശങ്ങളില്‍ സമീപകാലത്ത് രൂക്ഷമായ പാറഖനനവും ചെളിയെടുപ്പും മണലൂറ്റുമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഇതിനെതിരെ ജനങ്ങള്‍ സംഘടിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: