സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യനെതിരെ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമായി ഉയരുമ്പോള്‍ തന്നെ മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന കോളിളക്കമുണ്ടാക്കിയ ഐസ്ക്രീം പെണ്‍വാണിഭ കേസിലും അട്ടിമറി നടന്നിട്ടുണ്ടെന്ന രേഖകള്‍ പ്രതിപക്ഷ നേതാവിന് ലഭ്യമായിരിക്കുകയാണ്. മന്ത്രി കുഞ്ഞാലിക്കുട്ടി തങ്ങളെ പീഡിപ്പിച്ചുവെന്നും പുറത്തു പറയാതിരിക്കാന്‍ ഇരകളായ പെണ്‍കുട്ടികള്‍ക്ക് പണം നല്കി സ്വാധീനിച്ചു എന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴി ഐസ്ക്രീം കേസ് പുനരന്വേഷണ കേസ് ഡയറിപ്പകര്പ്പിലാണുള്ളത്. അന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ തീവ്രപരിശ്രമം നടത്തി പെണ്കുട്ടിള്ക്ക് പണം നല്‍കിയിരുന്നത് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൗഫ് ആയിരുന്നു. പിന്നീട് ഈ റൗഫ് കുഞ്ഞാലിക്കുട്ടിയുടെ എതിരാളിയായി താന്‍ കേസ് ഒതുക്കാന്‍ നടത്തിയ ഇടപെടലുകളെപ്പറ്റി ചാനലുകളില്‍ വാചാലനായി. ഇരകള്‍ക്കും സാക്ഷികള്‍ക്കും പണം നല്‍കിയും ജഡ്ജിയെ സ്വാധീനിച്ചും തെളിവുകള്‍ അട്ടിമറിച്ച് റൗഫ് കേസ് ഒതുക്കി എന്നും പ്രതികളെ വെറുതെ വിടാന്‍ ഉള്ള സാഹചര്യം ഇതാണെന്നുമായിരുന്നു റൗഫിന്റെ 2011 ലെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് എഡിജിപി വിന്‍സെന്റ് എം. പോളാണ് പുനരന്വേഷണത്തിന് നേതൃത്വം നല്‍കിയത്. അന്വേഷണം അട്ടിമറിച്ചതിന് തെളിവുകള്‍ ഇല്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. റോസ്ലിന്, ബിന്ദു, റെജിന എന്നിവരാണ് പീഡന വിധേയരായത്. കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴിമാറ്റി പറയാന്‍ റൗഫ് പഠിപ്പിച്ചുവെന്നും അതിന് പണം ലഭിച്ചു എന്നും മൊഴിമാറ്റി പറഞ്ഞതിനാലാണ് പ്രതികളെ വെറുതെ വിട്ടതെന്നും തെളിയുമ്പോള്‍ റൗഫ് പറഞ്ഞത് കളവാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടായിട്ടും പുനരന്വേഷണത്തിന് തെളിവുകളില്ലെന്നായിരുന്നു വിന്‍സന്‍ എം.പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേസ് തീര്‍പ്പാക്കുന്നതിന് മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് വി.എസ്.കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ടിന്റെ കോപ്പി ലഭ്യമായിരിക്കുന്നത്. ഒളിക്യാമറ ഓപ്പറേഷനില്‍ കിട്ടിയ സിഡികള്‍, മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ യാത്രാ ഡയറി, ബാങ്ക് ഇടപാട് രേഖകള്‍, ഇരകളുടെ മൊഴിമാറ്റിക്കാനും ജഡ്ജിയെ സ്വാധീനിക്കാനും നടത്തിയ ഇടപെടലുകള്‍ എന്നിവയുടെയൊക്കെ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ഇത് അവഗണിച്ചാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഇത് വിശ്വസനീയമല്ലെന്നായിരുന്നു സുപ്രീംകോടതി നിഗമനം.
ഇരകളെ ഗള്‍ഫിലേയ്ക്ക് കടത്തിയ കാര്യവും അന്വേഷണ സംഘം വ്യക്തമായി പരിശോധിച്ചില്ല. ജസ്റ്റിസ് തങ്കപ്പന് കൈക്കൂലി കൊടുത്തെന്നും അഡ്വ.അനില്‍ തോമസാണ് വിധി എഴുതിക്കൊടുത്തതെന്നും റൗഫ് വെളിപ്പെടുത്തുകയുണ്ടായി. ഇതും അന്വേഷണ സംഘം പരിഗണിച്ചില്ല. യഥാര്‍ത്ഥത്തില്‍ അന്വേഷണസംഘം ഇരകളുടെ മൊഴിയുടെ സത്യമല്ല, മറിച്ച് കുഞ്ഞാലിക്കുട്ടിയുടെ നിരപരാധിത്വം തെളിയിയ്ക്കാനാണ് വ്യഗ്രത കാട്ടിയതെന്നും ഇന്ന് വ്യക്തമാകുന്നു. മൊഴി മാറ്റിപ്പറയാന്‍ റൗഫ് പണം തന്നിരുന്നു എന്ന് ഇരകളായ റെജീനയും ബിന്ദുവും റോസ്ലിനും പറയുന്നുമുണ്ട്. ഇതിന് ശേഷം റൗഫ് കൂറുമാറി പറഞ്ഞത് താനും മറ്റു ചിലരും ചേര്‍ന്ന് കുഞ്ഞാലിക്കുട്ടിയെ ഐസ്ക്രീം കേസില്‍നിന്നും രക്ഷിച്ചു എന്നും ഇരകളെ സ്വാധീനിക്കാന്‍ പണം നല്കി എന്നും വ്യാജരേഖ ചമക്കാനും വ്യാജ തെളിവുകള്‍ ഉണ്ടാക്കാനും ശ്രമിച്ചു എന്നുമാണ്. മൊഴി മാറ്റി പറയാന്‍ റൗഫ് തങ്ങളെ നിര്‍ബന്ധിച്ചതായും കുഞ്ഞാലിക്കുട്ടി തന്നെ കേസില്‍ കുടുക്കി ജയിലില്‍ അടച്ചതിന് പ്രതികാരമായി മൊഴി മാറ്റി തന്നെ സഹായിക്കണമെന്ന് റൗഫ് പിന്നീട് ആവശ്യപ്പെട്ടതായും പെണ്‍കുട്ടികള്‍ പറയുന്നു.
സൂര്യനെല്ലി കേസും ഐസ്ക്രീം കേസും യുഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവിന് ഐസ്ക്രീം കേസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ചതും പുതിയ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. വിഎസ്സിന് കേസ് ഡയറി കൈമാറുന്നതിനെ എതിര്‍ത്ത യുഡിഎഫ് നിലപാട് കോടതിയുടെ രൂക്ഷ വിമര്‍ശനവും ക്ഷണിച്ചു വരുത്തിയിരുന്നു. ഇതാണ് സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ പ്രേരകമായത്. കേസില്‍ രണ്ട് വര്‍ഷം മുന്‍പ് ഉണ്ടായ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ഇപ്പോള്‍ അച്യുതാനന്ദന് ലഭിച്ച രേഖകള്‍ ഉപയുക്തമാകും. സൂര്യനെല്ലി കേസിലെ പുതിയ സംഭവവികാസങ്ങളെപ്പോലെ ഐസ്ക്രീം പീഡനക്കേസിലെ കേസ്ഡയറി പുറത്തുവന്നതും കേന്ദ്രത്തിലേയും കേരളത്തിലെയും സര്‍ക്കാരുകള്‍ക്ക് കൂനിന്മേല് കുരുവായിരിക്കുകയാണ്. സ്ത്രീപീഡനം തടയാന്‍ വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന വകുപ്പുപോലും ഉള്‍പ്പെടുത്തി തിടുക്കത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കിയ കേന്ദ്രസര്‍ക്കാരിന്റെ ആത്മാര്ത്ഥതയില്ലായ്മക്ക് ഇനി വേറെ തെളിവ് വേണ്ട. സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ പാര്‍ട്ടി നേതാവ് പി.ജെ. കുര്യനെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിന്റെ തനിനിറം പുറത്തായിരിക്കുകയാണ്. കുര്യനെതിരെ നടപടിയാവശ്യപ്പെട്ട് സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ എഴുതിയ കത്തിനോട് സോണിയാഗാന്ധി സ്വീകരിക്കുന്ന അനങ്ങാപ്പാറ നയം കോണ്‍ഗ്രസിന്റെ നിലപാടാണ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: