ലണ്ടന്‍: ബ്രസീലിനെതിരെ ഇംഗ്ലീഷ് ഫുട്ബോള്‍ ടീമിന് ചരിത്ര വിജയം. വെംബ്ലിയില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് പട കാനറികളെ തകര്‍ത്തത്. 23 വര്‍ഷത്തിനുശേഷമാണ് ഇംഗ്ലണ്ട് ബ്രസീലിനുമേല്‍ വിജയം നേടുന്നത്. ഇംഗ്ലണ്ടിന് വേണ്ടി വെയ്ന്‍ റൂണിയും ഫ്രാങ്ക് ലംപാര്‍ഡും ഗോളുകള്‍ നേടിയപ്പോള്‍ ബ്രസീലിന്റെ ആശ്വാസഗോള്‍ ഫ്രെഡാണ് സ്വന്തമാക്കിയത്. ഫുട്ബോള്‍ അസോസിയേഷന്റെ 150-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് മത്സരം നടന്നത്.
മുന്‍ ലോക ഫുട്ബോളറും സൂപ്പര്‍താരവുമായ റൊണാള്‍ഡീഞ്ഞോ ബ്രസീലിന് ലഭിച്ച പെനാല്‍റ്റി പാഴാക്കിയതും അവര്‍ക്ക് തിരിച്ചടിയായി. 17-ാം മിനിറ്റിലാണ് ബ്രസീലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. ബോക്സിനുള്ളില്‍ വച്ച് ജാക്ക് വില്‍ഷിയര്‍ പന്ത് കൈകൊണ്ട് തടുത്തതിനാണ് ബ്രസീലിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. എന്നാല്‍ റൊണാള്ഡീഞ്ഞോയെടുത്ത കിക്ക് ഇംഗ്ലണ്ട് ഗോളി ജോ ഹാര്‍ട്ട് രക്ഷപ്പെടുത്തി. ഇതോടെ ദീര്‍ഘനാളത്തെ ഇടവേളക്ക് ശേഷം ദേശീയ ടീം കുപ്പായമണിഞ്ഞ റൊണാള്‍ഡീഞ്ഞോക്ക് ഈ മത്സരം വേദനാജനകമായി. 21-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ഒരു അവസരം ലഭിച്ചെങ്കിലും ഡാനി വെല്‍ബാക്കിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 26-ാം മിനിറ്റില്‍ ഇംഗ്ലണ്ട് മത്സരത്തില്‍ മുന്നിലെത്തി. തിയോവാല്കോട്ടിന്റെ ഒരു തകര്‍പ്പന്‍ ഷോട്ട് ബ്രസീല്‍ ഗോളി ജൂലിയോ സെസാര്‍ തട്ടിയകറ്റിയത് റൂണിയുടെ കാലുകളിലാണ് കിട്ടിയത്. തുടര്‍ന്ന് റൂണി തൊടുത്ത ഷോട്ട് ജൂലിയോ സെസാറിനെ കീഴടക്കി ബ്രസീലിയന്‍ വലയില്‍ പതിച്ചു. 37-ാം മിനിറ്റില്‍ നെയ്മറിന് ഒരു അവസരം ലഭിച്ചെങ്കലും ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പാഞ്ഞു.
രണ്ടാം പകുതി ആരംഭിച്ച ഉടനെ ബ്രസീല്‍ റൊണാള്‍ഡീഞ്ഞോക്ക് പകരം ലൂക്കാസ് സില്‍വയെയും ലൂയിസ് ഫാബിയാനോക്ക് പകരം ഫ്രെഡിനെയും ഇംഗ്ലണ്ട് ക്ലെവര്‍ലിക്ക് പകരം പ്ലേ മേക്കര്‍ ലംപാര്‍ഡിനെയും കളത്തിലിറക്കി. തൊട്ടുപിന്നാലെ ബ്രസീല്‍ സമനില പിടിച്ചു. ലൂക്കാസ് മോറയുടെ പാസില്‍ നിന്ന് ഫ്രെഡാണ് കാനറികളുടെ സമനില ഗോള്‍ സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ ഫ്രെഡിന്റെ ഒരു ശ്രമം പാഴാവുകയും ചെയ്തു. 60-ാം മിനിറ്റില്‍ ഇംഗ്ലണ്ട് വീണ്ടും മുന്നിലെത്തി. ജാക്ക് വില്ഷിയറിന്റെ പാസില്‍ നിന്ന് ലംപാര്‍ഡ് പെനാല്‍റ്റി ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ട് ബ്രസീലിയന്‍ ഗോളി സെസാറിനെ കീഴടക്കി വലയില്‍ പതിച്ചു. 66-ാം മിനിറ്റില്‍ നെയ്മറിന്റെ ഒരു ശ്രമം ഇംഗ്ലണ്ട് ഗോളി ജോ ഹാര്‍ട്ട് രക്ഷപ്പെടുത്തി. രണ്ട് മിനിറ്റിനുശേഷം നെയ്മറിന്റെ മറ്റൊരു ശ്രമം ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 75-ാം മിനിറ്റില്‍ ഓസ്കറിന്റെ ഷോട്ട് ബാറില്‍ത്തട്ടിത്തെറിച്ചു. അവസാന മിനിറ്റുകളില്‍ ബ്രസീല്‍ മുന്നേറ്റനിര ഇംഗ്ലണ്ട് ഗോള്‍ മുഖത്ത് നിരവധി തവണ അപകടഭീഷണിമുഴക്കിയെങ്കിലും സമനില ഗോള്‍ മാത്രം അകന്നുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: