കൊല്ലം: ജില്ല അതിരൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന് പത്രസമ്മേളനത്തില്‍ പറഞ്ഞു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സുകളായ ശാസ്താംകോട്ട കായലും തെന്മല ഡാമും വരള്‍ച്ചാ ഭീഷണി നേരിടുന്നത് മുന്നറിയിപ്പുകള്‍ അവഗണിച്ചതിനാലാണ്. ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ പഞ്ചായത്തും ഒരുങ്ങുകയാണ്.
1991-92 കാലഘട്ടത്തിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ഭാഗമായി തെന്മല ഡാമില്‍ ശേഖരിക്കപ്പെട്ട എക്കലും മണലും മറ്റ് അവശിഷ്ടങ്ങളും ഇപ്പോഴും നീക്കം ചെയ്യാത്തതാണ് ഡാമിന്റെ സംഭരണശേഷി കുറയാന്‍ കാരണമായതെന്ന് ജയമോഹന് പറഞ്ഞു. ഡാമില്‍ നിന്നുള്ള ഇടതുവലതു കനാലിനെ ആശ്രയിച്ചുള്ള ജപ്പാന് കുടിവെള്ള പദ്ധതികളും ജലചേസന പദ്ധതികളും ഭീഷണിയിലാണ്. ജില്ലയിലെ 650ഓളം കുളങ്ങളും ചിറകളും ഒപ്പം കിണറുകളും സംരക്ഷിക്കും. കുടിവെള്ള ദൗര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണത്തിനും യുദ്ധകാല അടിസ്ഥാനത്തില്‍ നടപടിയുണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് ഷിബു ബേബിജോണിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ശാസ്താംകോട്ട തടാകത്തിനും ഡാമിനും ഉണ്ടായ അവസ്ഥ നമ്മുടെ ജില്ലയിലെ ആറുകളായ ഇത്തിക്കര, കല്ലട എന്നിവയ്ക്ക് ഉണ്ടാകാതിരിക്കാനായി അവയുടെ തീരങ്ങളില്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പുമായി ചേര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ കണ്ടല്ചെടി ഉള്‍പ്പെടെ സസ്യങ്ങള്‍ വച്ചുപിടിപ്പിക്കാനുള്ള പദ്ധതി ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിമുട്ടയുടെ കാര്യത്തില്‍ രണ്ടുവര്‍ഷം കൊണ്ട് സ്വയംപര്യാപ്തത കൈവരിക്കാന്‍ ജില്ലയ്ക്ക് കഴിയുമെന്ന് ജയമോഹന് പ്രത്യാശ പ്രകടിപ്പിച്ചു. 26 ലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലയില്‍ 36 കോടി മുട്ടയാണ് ഒരുവര്‍ഷം ആവശ്യമായിട്ടുള്ളത്. ഇതില്‍ 12.5 കോടി മുട്ട ജില്ലയില്‍ തന്നെ ഉല്പാദിപ്പിക്കുന്നുണ്ട്. ശേഷിക്കുന്ന 23.5 കോടി മുട്ട മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നത്. ഏകദേശം 94 കോടി രൂപയാണ് ഇങ്ങനെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നത്. ജില്ലയിലുള്ള 70 ഗ്രാമപഞ്ചായത്തുകളും ഓരോ വാര്‍ഡിലും 300 കോഴിക്കുഞ്ഞുങ്ങളെ വീതം എല്ലാവര്‍ഷവും വിതരണം ചെയ്താല്‍ രണ്ടുവര്‍ഷം കൊണ്ട് മുട്ട ഉല്പാദനത്തില് ജില്ല സ്വയംപര്യാപ്തമാകുമെന്നാണ് വിലയിരുത്തല്‍. സംയോജിത മുട്ടക്കോഴി വളര്‍ത്തല്‍- കൊല്ലം മോഡല്‍ എന്ന പേരില്‍ സംസ്ഥാനത്താകെ മാതൃകയായി കൊല്ലം ജില്ലാ പഞ്ചായത്ത് 2013-14 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഈ പദ്ധതി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: