സൂര്യനെല്ലി കേസില്‍ ലൈംഗിക കുറ്റാരോപിതനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന് പദവി രാജിവച്ച് പുനരന്വേഷണം നേരിടണമെന്ന ആവശ്യം കേരളത്തിലെ പ്രതിപക്ഷവും ജനങ്ങളും ശക്തമായി ഉയര്‍ത്തുന്നതും തലസ്ഥാനം പ്രതിപക്ഷ സ്ത്രീസംഘടനകളുടെ സമരത്തില്‍ പ്രക്ഷുബ്ധമാകുന്നതും കേരളം കണ്ടു. നിയമസഭയ്ക്ക് മുന്പില് സിപിഎം-സിപിഐ വനിതാ സംഘടനകള്‍ സമരം ചെയ്ത്, നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടതും സിപിഐ എംഎല്‍എ ബിജിമോളെ സമര സ്ഥലത്തുനിന്നും മാറ്റുന്നതിനുള്ള പോലീസ് ശ്രമത്തിനിടയില്‍ അവരുടെ താലിമാല പൊട്ടിയതും വലിച്ചിഴയ്ക്കപ്പെട്ട ബിജിമോളെ പരിക്കുകളോടെ ആശുപത്രിയിലാക്കുന്നതും ദൃശ്യമാധ്യമങ്ങളില്‍ കണ്ടു.
സൂര്യനെല്ലി കേസില്‍ തുടരന്വേഷണം തടയാനുള്ള വാദമുഖങ്ങളെല്ലാം പുതിയ തെളിവുകള്‍, അപ്രസക്തമാക്കിയപ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് കുര്യനെ രക്ഷിക്കാന്‍ ഏകപക്ഷീയമായി ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്റെ പക്ഷപാതപരമായ കുറ്റാന്വേഷണവും മൂന്ന് കോടതികള്‍ കുറ്റ വിമുക്തനാക്കിയ പി.ജെ.കുര്യനെതിരെ തുടരന്വേഷണം ആവശ്യമില്ലെന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയും ആണ്. ഇപ്പോള്‍ കുര്യനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പാട് പെടുമ്പോള്‍ മുമ്പ് കുര്യന് സഹായകരമായി മൊഴി നല്കിയ അന്നമ്മ ഇടിക്കുളയും ബിജെപി നേതാവ് കെ.എസ്.രാജനും നടത്തിയ പുതിയ വെളിപ്പെടുത്തലുകളാണ് കുര്യനെ വീണ്ടും പ്രതിക്കൂട്ടില്‍ കയറ്റുന്നത്. അതോടെയാണ് കുര്യന് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് വനിതാ സംഘടനകളും കേരളത്തിലെ വനിതാ സമൂഹവും ആവശ്യപ്പെടുന്നത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട ദിവസം താന്‍ എട്ടുമണിവരെ ഇടിക്കുളയുടെ വീട്ടിലായിരുന്നു എന്ന കുര്യന്റെ മൊഴിയ്ക്ക് വിരുദ്ധമായി അന്നമ്മ പറയുന്നത് കുര്യന് വന്നത് നാലുമണിക്കാണെന്നും മുക്കാല്‍ മണിക്കൂര്‍ മാത്രമാണ് തങ്ങിയതെന്നുമാണ്.
തിരുവല്ലയില്‍ വച്ച് രാത്രി ഏഴുമണിക്ക് കുര്യനെ കണ്ടെന്ന ആദ്യ മൊഴി രാജന് മൂലവീട്ടില്‍ തിരുത്തി പറയുന്നത് വൈകിട്ട് അഞ്ചുമണിക്കകം കുര്യനെ കണ്ടെന്നാണ്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസില്‍നിന്ന് വിമുക്തനാക്കപ്പെട്ട കുര്യന് സാക്ഷിമൊഴികള്‍ മാറിയപ്പോള്‍ പുനരന്വേഷണം നേരിടേണ്ടിവരും. ഇനി ക്രിമിനല്‍ നടപടിക്രമം 173 (6) വകുപ്പുപ്രകാരം തുടര്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കേണ്ടതാണ്. ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂരും കുര്യനെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും കോണ്‍ഗ്രസില്‍ തന്നെ കുര്യന് പുനരന്വേഷണം നേരിടണം എന്ന അഭിപ്രായമുള്ള ലോബിയും ശക്തമാണ്.
ദല്‍ഹി കൂട്ട ബലാല്‍സംഗ കേസ് ഉയര്‍ത്തിയ ശക്തവും ജനവികാരത്തിന്റെ അടിസ്ഥാനത്തിലാണ് ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയും സ്ത്രീ സുരക്ഷ ഉറപ്പാക്കാനും കര്‍ശന നിലപാട് സ്വീകരിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായത്. ഇതിന്റെ പശ്ചാത്തലത്തില്‍ വന്ന സുപ്രീംകോടതി വിധിയാണ് കുര്യനെതിരെ പുനരന്വേഷണത്തിന്റെ സാധ്യത വെളിപ്പെടുന്നത്. കേസില്‍ വീണ്ടും വാദം കേട്ട് വിധി നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. ലോക്സഭാ തെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തില്‍ ഇതിന്റെ പ്രത്യാഘാതം കോണ്‍ഗ്രസ് പാര്‍ട്ടി നേരിടേണ്ടിവരും.
ഇപ്പോള്‍ തന്നെ ജസ്റ്റിസ് വര്‍മ്മ കമ്മീഷന് ശുപാര്‍ശകള്‍ അവഗണിച്ചാണ് പുതിയ ഓര്‍ഡിനന്‍സ് അംഗീകരിച്ചതെന്ന ആരോപണം നിലനില്ക്കുന്നു. രാജ്യസഭാ അധ്യക്ഷന്‍ അധിക സമയം സഭയില്‍ വരാത്ത സാഹചര്യത്തില്‍ രാജ്യസഭാ ഉപാധ്യക്ഷനായ കുര്യന് തന്നെയാണ് സഭ നയിക്കുന്നത്. വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുളള ഓര്‍ഡിനന്‍സ് രാജ്യസഭയുടെ അംഗീകാരത്തിനെത്തുമ്പോള് സഭാധ്യക്ഷന്റെ കസേരയില്‍ കുര്യന്റെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
സൂര്യനെല്ലി കേസില്‍ ശക്തമായ സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് മുന്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ പി.ജി. തമ്പി ഒരു ടെലിവിഷന്‍ ചാനലില്‍ വെളിപ്പെടുത്തിയതും സൂര്യനെല്ലി കേസിനെ പുനരുജ്ജീവിപ്പിക്കുന്നു. കുര്യനെതിരെ മൊഴി പറയരുതെന്ന് സിബി മാത്യൂസ് തന്നെ താക്കീത് ചെയ്തതായി തിരുവല്ല ബാറിലെ അഭിഭാഷകനും കെപിസിസി അംഗവുമായ തോമസ് മാത്യുവും പറയുകയുണ്ടായി. സിബി മാത്യൂസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് കുര്യന് രാത്രി ഏഴുമണിവരെ തിരുവല്ലയിലും 8.30 ന് ചങ്ങനാശ്ശേരി എന്‍എസ്എസ് ആസ്ഥാനത്തും ഉണ്ടായിരുന്നു എന്നാണ്. ഇതിന് വിരുദ്ധമായ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ഈ പശ്ചാത്തലത്തിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് വക്താവ് പി.സി.ചാക്കോയും കുര്യനെ പിന്തുണച്ചാണ് രംഗത്തുവരുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന പുതിയ ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തില്‍, കുര്യനെതിരായ ആരോപണം പുച്ഛിച്ച് തള്ളുന്ന കോണ്‍ഗ്രസ് നിലപാടിനെയാണ് കേരളത്തിലെ വനിതാ സംഘടനകള്‍ എതിര്‍ക്കുന്നത്. ലൈംഗിക പീഡകനായ രാജ്യസഭാ ഉപാധ്യക്ഷന്റെ കയ്യില്‍നിന്നും സ്ത്രീ ഇരകള്‍ക്ക് നീതി ലഭിക്കാന്‍ ഉള്ള സാധ്യത ഇല്ലാതാക്കുകയാണ് കുര്യന് ആ പദവിയില്‍ തുടരുന്നതുവഴി ഉറപ്പാക്കുന്നത്. ഇതുകൊണ്ടാണ് കുര്യന് പദവി രാജിവെച്ച് അന്വേഷണം നേരിടണം എന്ന ആവശ്യം ശക്തമാകുന്നത്. എം.എം.മണിക്കെതിരെയുള്ള അഞ്ചേരി ബേബി വധക്കേസ് എങ്ങനെ പുനരന്വേഷിക്കുന്നുവോ അതുപോലെ സൂര്യനെല്ലികേസും പുനരന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: