കൊച്ചി: വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം ഇന്ന് കൊച്ചിയില്‍ ഫുട്ബോള്‍ മാമാങ്കം. എട്ട്വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരത്തിന് ഇന്ന് വേദിയാവുന്നത്. റാങ്കിംഗില്‍ മുന്നിലുള്ള പാലസ്തീനുമായാണ് ഇന്ത്യ ഇന്ന് അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അങ്കത്തിനിറങ്ങുന്നത്. വൈകിട്ട് 6.30നാണ് പോരാട്ടം. മത്സരം ടെന്‍ ആക്ഷനില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി ഇരുടീമുകളും സ്റ്റേഡിയത്തില്‍ കഠിന പരിശീലനം നടത്തുകയാണ്. ഇന്നത്തെ മത്സരം ഫിഫ റാങ്കിംഗ് പോരാട്ടമാണെന്നതിനാല്‍ ഇരു ടീമുകളും മികച്ച പ്രകടനമായിരിക്കും പുറത്തെടുക്കുക.
ഐലീഗിലെ അവസാനമത്സരങ്ങളിലേറ്റ പരിക്കുമൂലം പാലസ്തീനെതിരായ മത്സരം മികച്ച സ്ട്രൈക്കറായ ആന്റണി പെരേരക്കും ഗോളി കരണ്‍ജിത് സിംഗിനും നഷ്ടമായത് ഇന്ത്യക്ക് നേരിയ തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. ഇരുവര്‍ക്കും പകരമായി ഡെമ്പോ ഗോവ താരങ്ങളായ ജോക്കിം അബരാഞ്ചസും സുബാശിഷ് റോയ് ചൗധരിയുമാണ് ടീമിലെത്തിയത്. ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യം പ്രയാഗ് യുണൈറ്റഡിന്റെ കണ്ണൂര്‍ക്കാരനായ സി.കെ. വിനീതാണ്. ഇന്ന് വിനീത് കളത്തിലിറങ്ങുമെന്നാണ് സൂചന.
എന്തായാലും ഇന്നലെയും ടീം ഇന്ത്യ സ്റ്റേഡിയത്തില്‍ ദീര്‍ഘനേരം പരിശീലനം നടത്തി. പാസ്സിംഗിലും ഡ്രിബ്ലിങ്ങിലും ഷൂട്ടിംഗിലും പരിശീലനം നടത്താനാണ് ഇന്ത്യന്‍ താരങ്ങള്‍ ഭൂരിഭാഗം സമയവും മാറ്റിവച്ചത്. രാജ്യത്തെ ഏറ്റവും മികച്ച സ്ട്രൈക്കറായ സുനില്‍ ഛേത്രിയുടെ നായകത്വത്തിലാണ് ടീം ഇന്ത്യ ഇന്ന് അങ്കത്തിനിറങ്ങുന്നത്. ഇതിന് മുന്നോടിയായി മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശീലനവും നടത്തിയിട്ടുണ്ട്. കോച്ച് കൂവര്‍മാന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം നടത്തിയത്.
ഇന്ത്യന്‍ നിരയിലും ഒരു വിദേശവംശജനുണ്ട്. ജാപ്പനില്‍ ജനിച്ചുവളര്‍ന്ന ഇസൂമി അറാട്ട. ഇന്ത്യന്‍ ഫുട്ബോളില്‍ മധ്യനിരയിലെ ഏറ്റവും മികച്ച താരമാണ് ഇസൂമി. അസാമാന്യമായ വേഗം, പന്ത് പാസ് ചെയ്യുന്നതിലെ കൃത്യത, കളിയുടെ ഗതി മനസ്സിലാക്കി പൊസിഷന്‍ മാറാനുള്ള കഴിവ്, പന്ത് കാലില്‍ ഇല്ലെങ്കില്‍പ്പോലും എതിരാളിയെ കബളിപ്പിക്കുംവിധം ഓടിമാറുകയും എതിര്‍നിരയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നിവയില്‍ മിടുമിടുക്കനാണ് ഇസൂമി. ജപ്പാനില്‍ ജനിച്ചുവളര്‍ന്ന ഇസൂമിയുടെ പിതാവ് ഇന്ത്യക്കാരനും അമ്മ ജപ്പാന്‍കാരിയുമാണ്. 2006ല്‍ ഇന്ത്യയിലെത്തിയെങ്കിലും കഴിഞ്ഞ വര്‍ഷമാണു പൗരത്വം ലഭിച്ചത്. ഇന്നത്തെ പോരാട്ടത്തില്‍ ഇന്ത്യന്‍ മുന്നേറ്റത്തിന്റെ ചുക്കാന്‍ പിടിക്കുക ഇസൂമിയായിരിക്കും. ഇന്ത്യന്‍ ഐ ലീഗില്‍ പൂനെ എഫ്സിയുടെ മിന്നും താരവുമാണ് ഇസൂമി.
അനുഭവ സമ്പന്നനായ നായകന് റംസി സലാഹ്, പ്രതിരോധത്തിലെ കരുത്തന്മാരായ ഹാനി നബൊാസ്, ഉമര്‍ യാറോണ്‍, മധ്യനിരയിലെ പ്ലേമേസകകര് ഇമാദ് സത്താറ എന്നീ മുന്നിരതാരങ്ങളെക്കൂടാതെയാണ് പാലസ്തീന് ടീം ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. വിദേശരാജ്യങ്ങളിലെ വിവിധ ക്ലബുകളില്‍ കളിക്കുന്ന താരങ്ങളെ വിട്ടുകിട്ടാത്തതാണ് അവര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. മികച്ച താരങ്ങളുടെ അഭാവത്തിലും ഇന്ത്യക്കെതിരെ വിജയം ലക്ഷ്യമിട്ടായിരിക്കും പാലസ്തീന് ടീം ഇന്ന് ഇറങ്ങുന്നത്.
ഇന്നലെ ആദ്യം പരിശീലനത്തിനെത്തിയത് പാലസ്തീന് ടീമായിരുന്നു. നെഹ്റു സ്റ്റേഡിയത്തില്‍ കഠിന പരിശീലനമാണ് പാലസ്തീന് ടീം അംഗങ്ങള്‍ നടത്തിയത്. ശാരീരിക ക്ഷമത നിലനിര്‍ത്തുന്നതിനൊപ്പം ഡ്രിബ്ലിംഗിലും പാസ്സിംഗിലും ഹെഡ്ഡിംഗിലുമാണ് ടീം പരിശീലനം നടത്തിയത്. പിന്നീട് ഇരു ടീമുകളായി വിഭജിച്ച് പരിശീലന മത്സരവും നടത്തി.
ഫുട്ബോളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ-പാലസ്തീന് പോരാട്ടം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: