കൊല്ലം: പാരിപ്പള്ളിയില്‍ പോലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ മോഷ്ടാവ് ?ആട് ആന്റണിക്കൊപ്പം മുങ്ങി പൂനെയില്‍ ഷാഡോപോലീസിന്റെ പിടിയിലായ ഭാര്യ പെരുമ്പാവൂര്‍ സ്വദേശി സൂസനെ ഇന്നലെ കൊല്ലം പറവൂര്‍ കോടതിയില്‍ ഹാജരാക്കി.
കോടതി ഇവരെ 18വരെ കൊട്ടാരക്കര സബ് ജയിലില്‍ റിമാന്റ് ചെയ്തു. കേസ് അന്വേഷണ ചുമതലയുള്ള പറവൂര്‍ സി.ഐ. ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തിലാണ് ഇവരെ കൊല്ലത്തു കൊണ്ടുവന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനു ശേഷം ഉച്ചയോടെ പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പു നടത്തി. തുടര്‍ന്ന് പറവൂര്‍ കോടതിയില്‍ ഹാജരാക്കി.
പൂനെയില്‍ ഒരാഴ്ചക്കു മുമ്പ് ഷാഡോപോലീസാണ് സൂസനെ കസ്റ്റഡിയിലെടുത്തത്. ഒരു കോളനിയില്‍ താമസിച്ചിരുന്ന ഇവരെ തിരിച്ചറിഞ്ഞ കോളനിവാസികളാണ് പോലീസിനു വിവരം നല്‍കിയത്.തുടര്‍ന്നു പൂനെ പോലീസിനെ അറിയിക്കാതെയാണ് കസ്റ്റഡിയിലെടുത്തത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഷാഡോപോലീസ് ഇവരെ കൈമാറി. ആട് ആന്റണിയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചു അറിയാമെന്നതിനാല്‍ സൂസനെ കസ്റ്റഡിയില്‍ വാങ്ങുമെന്നു അന്വേഷണ ചുമതലയുള്ള പറവൂര്‍ സി.ഐ. ജവഹര്‍ ജനാര്‍ദ്ദ് പറഞ്ഞു.
ആന്റണി ആന്ധ്രയില്‍ ഉണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൂസനുമായി അവിടെത്തെ പല കേന്ദ്രങ്ങളിലും പരിശോധന നടത്തിയിരുന്നു. ഇയാളെ കണ്ടെത്താത്തതിനെത്തുടര്‍ന്നാണ് കൊല്ലത്തേക്കു തിരിച്ചത്. 2012 ജൂണ്‍ 12ന് അര്‍ധരാത്രിയോടെയാണ് പാരിപ്പള്ളി ജവഹര്‍ ജംഗ്ഷനില്‍ പട്രോളിംഗ് ഏര്‍പ്പെട്ടിരുന്ന പോലീസ് സംഘത്തിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ ആട് ആന്റണി കുത്തികൊലപ്പെടുത്തിയത്. എ.എസ്.ഐ. ജോയിക്കും കുത്തേറ്റിരുന്നു. പിന്നീട് പോലീസ് പിന്തുടര്ന്നപ്പോള് വര്‍ക്കല അയിരൂരിന് സമീപം വാന്‍ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടു. വാനിലുണ്ടായിരുന്ന വിരലാടയാളം പരിശോധിച്ചപ്പോഴാണ് പ്രതി ആട് ആന്റണിയെന്ന് വ്യക്തമായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വാടകവീട്ടില്‍ നിന്ന് രക്തക്കര പുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തു. ഇവിടെനിന്ന് ശ്രീകല, ഗിരിജ എന്നീ യുവതികളെയും കസ്റ്റഡിയിലെടുത്തു.
ആന്റണിയുടെ ചെന്നൈയിലെ ഫ്ലാറ്റുകളില്‍ നിന്ന് അരക്കോടിയോളം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ ശേഖരവും പോലീസ് കണ്ടെടുത്തിരുന്നു. ഇതിനിടെ ആട് ആന്റണിയുടെയും സൂസന്റെയും ചിത്രങ്ങളടങ്ങിയ ലുക്കൗട്ട് നോട്ടീസുകള്‍ പ്രസിദ്ധീകരിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. കഴിഞ്ഞ ഏഴുമാസമായി 25-ഓളം പേരടങ്ങിയ പ്രത്യേക പോലീസ് സംഘം ആട് ആന്റണിയെത്തേടി വടക്കന്‍ സംസ്ഥാനങ്ങളില്‍ അന്വേഷണം തുടരുകയായിരുന്നു. സൂസനോടൊപ്പം ആട് ആന്റണിയും പിടിയിലാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഭാര്യയെ ഉപേക്ഷിച്ചു ഇയാള്‍ കടക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: