പത്തനാപുരം: മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ആശ്രയമാകേണ്ട പത്തനാപുരത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം വഴിമുട്ടുന്നു. ദിവസം പത്ത് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകേണ്ട ഇവിടെ ഇപ്പോള്‍ മൂന്ന് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. എന്നാല്‍ ഇവരില്‍ രണ്ടുപേര്‍ മാസങ്ങളോളമായി അവധിയിലാണ്. കടുത്ത വരള്ച്ചക്കാലമായതോടെ പ്രദേശത്തെ ജനങ്ങള്‍ പലവിധ രോഗബാധിതരാണ്. പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ദിവസം നാനൂറോളം രോഗികള്‍ എത്താറുണ്ട്. എന്നാല്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഇവര്‍ തിരിച്ചു പോകേണ്ട അവസ്ഥയാണ്. സ്വകാര്യ ആശുപത്രികള്‍ ഈ അവസരം മുതലെടുക്കുന്നുമുണ്ട്. ആശുപത്രിയോടു ചേര്‍ന്ന് ആരോഗ്യവകുപ്പിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അധികൃതര്‍ തയാറാകുന്നില്ല. ആശുപത്രി പരിസരം കാടുമൂടിയും ഒഴിഞ്ഞ മരുന്നുകുപ്പികളും സിറിഞ്ചു കുപ്പികളും മറ്റും കൂമ്പാരമായും കിടക്കുന്നു. പേവിഷബാധയും മഞ്ഞപ്പിത്തവും പിടിപെട്ട് പ്രതിരോധ കുത്തിവെയ്പിനായി എത്തിയാലും തിരിച്ചു പോകേണ്ട ഗതികേടാണ് പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഉള്ളത്. കിടത്തിചികിത്സ ഉള്‍പ്പെടെ നടന്നുവന്നിരുന്ന ആശുപത്രിയാണിത്.
താലൂക്ക് ആശുപത്രിക്ക് തുല്യമായി പ്രവര്‍ത്തിക്കേണ്ടതാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടുമണി ആകുമ്പോഴേക്കും ജീവനക്കാര്‍ വീട്ടില്‍ പോകുന്നുവെന്നാണ് പരാതി. പ്രാഥമിക ആരോഗ്യകേന്ദ്രത്തെക്കാളും ദയനീയമായ സ്ഥിതിയാണ് ഇവിടെയുള്ളത്. പത്തനാപുരം ബ്ലോക്കുപഞ്ചായത്തിന്റെ വകയായി ഉണ്ടായിരുന്ന ആംബുലന്‍സ് വര്‍ഷങ്ങളോളമായി കട്ടപ്പുറത്താണ്. മലയോര മേഖലയിലെ ജനങ്ങള്‍ കൂടുതല്‍ പണം നല്കി സ്വകാര്യ ആംബുലന്‍സിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. അടിസ്ഥാന സൗകര്യങ്ങളും സ്ഥലസൗകര്യങ്ങളും ഇല്ലാത്ത ഇവിടെ പ്രദേശത്തെ എംപിമാരും എംഎല്‍എമാരും ഫണ്ടുകള്‍ ലാപ്സാക്കുമ്പോള് മലയോര നാട്ടിലെ തോട്ടം തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഏക ആശ്രയമായ പത്തനാപുരത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ അവഗണനയിലാണ്.
അനന്തു തലവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: