ജോഹന്നസ്ബര്‍ഗ്: ക്യാപ്റ്റനായി തന്റെ 100 മത്സരത്തിനിറങ്ങിയ ഗ്രെയിം സ്മിത്തിന്റെ നായകത്വത്തില്‍ ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ വിജയം. പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 211 റണ്‍സിനാണ് പാക്കിസ്ഥാനെ കീഴടക്കിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തോടെ ഫാസ്റ്റ് ബൗളര്‍ ഡ്വെയ്ല് സ്റ്റെയിനാണ് ദക്ഷിണാഫ്രിക്കക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. രണ്ട് ഇന്നിംഗ്സിലുമായി 60 റണ്‍സ് വിട്ടുകൊടുത്ത് 11 വിക്കറ്റുകളാണ് സ്റ്റെയിന് വീഴ്ത്തിയത്. സ്റ്റെയിനാണ് മാന്‍ ഓഫ് ദി മാച്ച്. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 480 റണ്‍സ് എടുക്കേണ്ടിയിരുന്ന പാക്കിസ്ഥാന് 268 റണ്‍സിന് ഓള് ഔട്ടായതോടെയാണ് ദക്ഷിണാഫ്രിക്കക്ക് മികച്ച വിജയം സ്വന്താമായത്. സ്കോര്‍: ദക്ഷിണാഫ്രിക്ക 253, മൂന്നിന് 275 ഡി. പാക്കിസ്ഥാന് 49, 268. ഒന്നര ദിവസത്തിലേറെ കളി ബാക്കിനില്‍ക്കേയാണ് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്.
ടെസ്റ്റ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്കോറിനാണ് പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്സില്‍ പുറത്തായത്. 29.1 ഓവര്‍ മാത്രം ബാറ്റ് ചെയ്ത പാക്കിസ്ഥാന് വെറും 49 റണ്‍സിനാണ് ഓള് ഔട്ടായത്. 8.1 ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റ് വീഴ്ത്തിയ ഡ്വെയ്ല് സ്റ്റെയിനിന്റെ ഏറ്റവും മികച്ച ബൗളിംഗാണ് പാക്കിസ്ഥാനെ ഒന്നാം ഇന്നിംഗ്സില്‍ ചുരുട്ടിക്കെട്ടിയത്. 13 റണ്‍സെടുത്ത അസര്‍ അലിയും 13 റണ്‍സെടുത്ത മിസ്മ ഉള് ഹഖും മാത്രമാണ് രണ്ടക്കം പിന്നിട്ടത്. ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 253 റണ്‍സെടുത്തിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ 204 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഇതോടെ പാക്കിസ്ഥാന് വിജയലക്ഷ്യം 480 റണ്‍സായി. 103 റണ്‍സെടുത്ത എ.ബി. ഡിവില്ലിയേഴ്സ് സെഞ്ച്വറി നേടി.
രണ്ടാം ഇന്നിംഗ്സില്‍ 183ന് നാല് എന്ന നിലയില്‍ നാലാം ദിവസം കളി പുനരാരംഭിച്ച പാക്കിസ്ഥാന് 25 റണ്‍സെടുത്തപ്പോഴേക്കും അഞ്ചാം വിക്കറ്റ് നഷ്ടമായി. 53 റണ്‍സെടുത്ത് ബാറ്റിംഗ് പുനരാരംഭിച്ച ആസാദ് ഷഫീഖിനെയാണ് പാക്കിസ്ഥാന് നഷ്ടമായത്. തലേന്നത്തെ സ്കോറിനോട് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ഷഫീഖിനെ സ്റ്റെയിന്റെ ബൗളിംഗില്‍ കല്ലിസ് പിടികൂടി. അഞ്ചാം വിക്കറ്റില്‍ 127 റണ്‍സാണ് മിസ്മയും ഷഫീഖും കൂട്ടിച്ചേര്‍ത്തത്. പിന്നീട് ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മിസ്ബയെയും പാക്കിസ്ഥാന് നഷ്ടമായി. 44 റണ്‍സുമായി ബാറ്റിംഗ് പുനരാരംഭിച്ച മിസ്ബയെയാണ് നഷ്ടമായത്. 64 റണ്‍സെടുത്ത മിസ്ബയെ സ്റ്റെയിനിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡിവില്ലിയേഴ്സ് പിടികൂടി. മിസ്ബയാണ് പാക് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. പിന്നീട് സ്കോര്‍ 218-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും പാക്കിസ്ഥാന് നഷ്ടമായി. 6 റണ്‍സെടുത്ത സര്‍ഫ്രാസ് അഹമ്മദിനെ ഫിലാന്‍ഡര്‍ ക്ലീന്‍ ബൗള്‍ഡാക്കി. സ്കോര്‍ 240-ല്‍ എത്തിയപ്പോള്‍ എട്ടാം വിക്കറ്റും പാക്കിസ്ഥാന് നഷ്ടമായി. 11 റണ്‍സെടുത്ത സയീദ് അജ്മലിനെ മോണ്‍ മോര്‍ക്കലിന്റെ പന്തില്‍ ഡിവില്ലിയേഴ്സ് പിടികൂടി. സ്കോര്‍ 261-ല്‍ എത്തിയപ്പോള്‍ 23 റണ്‍സെടുത്ത ഉമര്‍ ഗുലും മടങ്ങി. സ്റ്റെയിന്റെ ബൗളിംഗില്‍ ഡിവില്ലിയേഴ്സ് പിടികൂടിയാണ് ഉമര്‍ ഗുല്‍ പുറത്തായത്. പിന്നീട് 7 റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അവസാന പാക് വിക്കറ്റും നിലം പതിച്ചു. 9 റണ്‍സെടുത്ത ജുനൈദ് ഖാനെ സ്റ്റെയിന് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ 211 റണ്‍സിന്റെ ഉജ്ജ്വല വിജയം ദക്ഷിണാഫ്രിക്കക്ക് സ്വന്തമായി. സ്റ്റെയിന് 52 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫിലാന്‍ഡറും മോര്‍ക്കലും രണ്ട് വിക്കറ്റ് വീതവും കല്ലിസ് ഒരു വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: