ശാസ്താംകോട്ട: ശാസ്താംകോട്ട ഹിന്ദുമതമഹാസമ്മേളനം പ്രൗഡഗംഭീരമായ ആഘോഷപരിപാടികളോടെ ധര്മ്മശാസ്താക്ഷേത്രമൈതാനിയില് തുടങ്ങി. ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹൈന്ദവദര്‍ശനങ്ങളെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഹിന്ദുസമൂഹം തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്രങ്ങള്‍ നാടിന്റെ സാംസ്കാരികനിലയങ്ങളാകണം. ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കപ്പെട്ടാല് നാടിന് ഉന്നതിയുണ്ടാകും. ഹിന്ദുധര്‍മ്മങ്ങള്‍ പുത്തന്തലമുറക്ക് പകര്‍ന്ന് നല്‍കേണ്ട വേദികളാകണം. ഇത്തരം ചടങ്ങുകളെന്നും രാത്രി വ്യക്തമാക്കി. വിശ്വാസങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന പദ്ധതികളാണ് ക്ഷേത്രങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. ശ്രീപത്മനാഭന്റെ സ്വത്ത് അവിടത്തേക്ക് മാത്രം ഉള്ളതാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ശബരിമലയില്‍ വര്‍ഷാവര്‍ഷം വന്നുപോകുന്ന കോടിക്കണക്കിന് ഭക്തരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി സര്‍ക്കാര്‍ വിപ്ലവകരമായ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിവരുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ എക്സിബിഷന് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന് നിര്‍വഹിച്ചു. എം.വി.അരവിന്ദാക്ഷന്‍നായര്‍, പെരുമുറ്റം രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ഹിന്ദുസമ്മേളനത്തില്‍ സ്വാമി ഉദിത് ചൈതന്യ പ്രഭാഷണം നടത്തി. ഡോ.പി.കമലാസനന് അധ്യക്ഷനായിരുന്നു. ശാസ്താംകോട്ട രാമചന്ദ്രന്, അഡ്വ.ടി.കലേശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: