കൊല്ലം: വേനല്‍ കടുത്തതോടെ കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാകുന്നു.പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന നഗരവാസികളാണ് പ്രധാനമായും ആഴ്ചകളായി കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്നത്. പൊതുടാപ്പുകളിലും വീടുകളിലെ ടാപ്പുകളിലും ജലമെത്തുന്നില്ല. ശാസ്താംകോട്ട തടാകത്തിലെ ജലദൗര്‍ലഭ്യവും പമ്പിംഗ് തകരാറുമാണ് കുടിവെള്ളത്തിന് ദൗര്‍ലഭ്യം നേരിടാന്‍ കാരണമെന്നു അധികൃതര്‍.
കോര്പ്പറേഷന് അതിര്‍ത്തിപ്രദേശങ്ങളില്‍ ടാങ്കറുകളില്‍ വെള്ളം എത്തിക്കുമെന്നു അറിയിച്ചിരുന്നുവെങ്കിലും ടാങ്കറുകളില്‍ നിറയ്ക്കാന്‍ പോലും കുടിവെള്ളം കിട്ടാനില്ലായെന്നതാണു സ്ഥിതി. ശാസ്താംകോട്ടയിലെ പമ്പിംഗ് സ്ഥലത്തു എക്കല്‍ അടങ്ങിയ വെള്ളമായതിനാല്‍ പമ്പിംഗങ്ങ് നടക്കുന്നില്ല. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ നഗരത്തിലെ ചില കുഴല്‍ക്കിണറുകളില്‍ നിന്നും സ്വകാര്യ കിണറുകളില്‍ നിന്നും ജലം ശേഖരിച്ചു വിതരണം ചെയ്യുവാനുള്ള ശ്രമവും ഫലം കാണുന്നില്ല. നഗരത്തിലെ റസിഡന്റ്സ് അസോസിയേഷനുകള്‍ കുടിവെള്ള പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.വെള്ളമില്ലാത്തതിനാല്‍ കെഎസ്ആര്‍ടിസിയിലെ കംഫര്‍ട്ട് സ്റ്റേഷന് അടക്കം പല പൊതു കംഫര്‍ട്ട് സ്റ്റേഷനുകളും അടഞ്ഞുകിടക്കുന്നു. ജില്ലയിലെ തീരദേശങ്ങളിലെ പൊതുടാപ്പുകളിലൊന്നും വെള്ളമില്ലാത്ത അവസ്ഥയാണ്. കടല്‍ത്തീരത്തെ വീടുകളില്‍ കിണറുകള്‍ ഇല്ലാത്തതിനാല്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും തീരദേശവാസികള്‍ ബുദ്ധിമുട്ടുന്നു. പ്രശ്നം ഗുരുതരമായതോടെ കോര്പ്പറേഷന് തീരദേശങ്ങളില്‍ ടാങ്കറുകളില്‍ വെള്ളം എത്തിക്കുവാന്‍ ആരംഭിച്ചു.
എന്നാല്‍ ഇന്നലെ തീരദേശത്തു വിതരണം ചെയ്തതു ചെറിയ ഒരു ടാങ്കര്‍ ജലം മാത്രമാണ്.ഇതു നാലോ അഞ്ചോ കുടുംബങ്ങള്‍ക്കു മാത്രമാണു പ്രയോജനപ്പെട്ടത്.വഴിനീളെ പാത്രങ്ങളുമായി നിന്നിരുന്നവര്‍ക്കു വെള്ളം കിട്ടാതെ വന്നതോടെ ചെറിയ തോതില്‍ സംഘര്‍ഷവും ഉണ്ടായി.
എല്ലാവര്ക്കും ആവശ്യത്തിനു ജലം എത്തിക്കുമെന്ന അധികൃതരുടെ ഉറപ്പിന്മേലാണു ജനം സംഘര്‍ഷത്തില്‍ നിന്നും പിന്തിരിഞ്ഞത്. നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതില്‍ കോര്പ്പറേഷന് തികഞ്ഞ അനാസ്ഥ കാണിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: