ബോളിവുഡ് നടന് ഷാരൂഖ് ഖാന് ഇന്ത്യ മതിയായ സുരക്ഷ നല്‍കണം എന്ന് പാക്കിസ്ഥാന് ആഭ്യന്തര മന്ത്രി റഹ്മാന് മാലിക്കിന്റെ പ്രസ്താവന പ്രകോപനപരമാണ്. ഒരു നടന് പ്രേക്ഷക പ്രീതി നേടി ജനഹൃദയങ്ങളില്‍ പ്രതിഷ്ഠ നേടുന്നത് അഭിനയ മികവുകൊണ്ട് മാത്രമാണ്. അയാളുടെ ജാതിയോ മതമോ അതില്‍ ഒരു ഘടകമേ അല്ല. വസ്തുത ഇതായിരിക്കെ ഷാരൂഖ് ഖാന് മുസ്ലീം ആയതിനാല്‍ ഇന്ത്യയില്‍ സുരക്ഷിതനല്ലെന്ന ദുഃസൂചനയാണ് പാക്കിസ്ഥാന് നല്‍കുന്നത്. ഇതിനെതിരെ കേന്ദ്രസര്‍ക്കാരും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിക്കഴിഞ്ഞു. റഹ്മാന് മാലിക് ഇന്ത്യക്കാരെ ഓര്‍ത്ത് വേവലാതിപ്പെടേണ്ട ആവശ്യമില്ലെന്നും പാക്കിസ്ഥാനിലെ കാര്യം നോക്കിയാല്‍ മതി എന്നും അവരൊക്കെ പ്രതികരിച്ച് കഴിഞ്ഞു. അയല്‍രാജ്യമായ പാക്കിസ്ഥാനോട് കൂറു കാണിക്കുന്ന തരത്തില്‍ താന്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും മുസ്ലീങ്ങളുടെ പ്രതീകമായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും തന്നെ കണ്ടിരുന്നു എന്നും ഷാരൂഖ് ഖാന് പറഞ്ഞിട്ടുണ്ട്. ‘മൈ നെയിം ഈസ് ഖാന്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം മുസ്ലീങ്ങളുടെ നിര്‍വചനം എന്തെന്ന ചോദ്യത്തിന് ഖാന് ഒരു മാസികയ്ക്ക് നല്കിയ മറുപടിയാണ് വിവാദ ഹേതു. ഇന്ത്യയില്‍ മതിയായ സുരക്ഷ ലഭിക്കുന്നില്ലെങ്കില്‍ ഖാന് പാക്കിസ്ഥാനിലേയ്ക്ക് വരാമെന്ന് ആദ്യം ക്ഷണിച്ചത് ലഷ്ക്കറെ സ്ഥാപകന്‍ ഹാഫിസ് സയ്യിദ് ആയിരുന്നു.
മാലിക് പറയുന്നത് ഷാരൂഖിനെക്കുറിച്ച് ഇന്ത്യക്കാര്‍ മോശമായി ധരിച്ചിരിക്കുന്നു എന്നും ഈ സമീപനം മാറ്റണമെന്നുമാണ്. ഖാനെ ഷാരൂഖ് ഖാന് എന്ന പ്രസിദ്ധ നടനാക്കി ഉയര്‍ത്തിയത് ഇന്ത്യയാണ്. അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത് ഗൗരി എന്ന പ്രസിദ്ധമോഡലിനെയാണ്. യുഎസില്‍ ഖാനെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയതാണ് വിവാദത്തിന്റെ അടിസ്ഥാനം. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം പടിഞ്ഞാറന്‍ രാജ്യങ്ങളുടെ മുസ്ലീം വിരുദ്ധതയുടെ പശ്ചാത്തലത്തില്‍ തന്റെ പേര് ഭീകരവാദികളുടെ പേരിനോട് ചേര്‍ത്ത് വായിച്ചത് നിര്‍ഭാഗ്യകരമാണെന്ന് ഷാരൂഖ് അഭിപ്രായപ്പെട്ടതിനോട് സംവിധായിക ദീപ മേത്തയും എഴുത്തുകാരന് സല്മാന് റുഷ്ദിയും യോജിച്ചിരുന്നു. ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചും പാക്കിസ്ഥാന് വേവലാതിപ്പെടെണ്ടെന്നും തങ്ങളുടെ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇന്ത്യയ്ക്കറിയാം എന്നും ഇന്ത്യ എല്ലാ രീതിയിലും സുരക്ഷിതമാണെന്നും ആഭ്യന്തര സെക്രട്ടറി ആര്.കെ.സിംഗ് തിരിച്ചടിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും പാക്കിസ്ഥാന് അകന്നുനില്‍ക്കണമെന്നും ബിജെപിയും പ്രതികരിച്ചു. ഇതില്‍ ഇന്ത്യയുടെ പ്രതിഷേധം പാക്കിസ്ഥാനെ അറിയിക്കണമെന്നും ബിജെപി വക്താവ് ഷാനവാസ് ഹുസൈന് ആവശ്യപ്പെട്ടു. ഇന്ത്യയുടെ പ്രതിഷേധം പാക്കിസ്ഥാനെ അറിയിക്കണമെന്നും ഹുസൈന് ആവശ്യപ്പെട്ടു. ഇന്ത്യയുടെ സുരക്ഷാ കാര്യങ്ങളെയോര്‍ത്ത് പാക്കിസ്ഥാന് വേവലാതി വേണ്ടെന്ന് ബിജെപി നേതാവ് നഖ്വിയും പറഞ്ഞു.
ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ അതിഥിയായെത്തിയാണ് മാലിക് ഇന്ത്യാവിരുദ്ധ പരാമര്‍ശം നടത്തിയത് എന്നത് ഖേദകരമാണ്. ഇന്ത്യയില്‍ ജാതിയോ മതമോ നോക്കാതെയാണ് എല്ലാവര്ക്കും സുരക്ഷ ഒരുക്കുന്നതും കലാകാരന്മാരെയും എഴുത്തുകാരെയും ആദരിക്കുന്നതും ബഹുമാനിക്കുന്നതും. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തുപോലും എത്തിയത് ഡോ.അബ്ദുള്‍ കലാം ആയിരുന്നു എന്ന കാര്യം പാക്കിസ്ഥാന് വിസ്മരിക്കുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു കലാകാരന് ഇന്ത്യയില്‍ എത്തിയാല്‍ മതിയായ സുരക്ഷ നല്കിയിരിക്കും. അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് വഷളായ ഇന്തോ-പാക് ബന്ധം കൂടുതല്‍ വഷളാക്കാന്‍ ഈ വിവാദം ഒരു ഹേതുവായി മാറിയിരിക്കുന്നു. ഇതിനെല്ലാം വിരാമമിട്ട് ഷാരൂഖ് ഖാന് തന്നെ സ്വയം താന്‍ ഇന്ത്യയില്‍ തീര്‍ത്തും സുരക്ഷിതനാണെന്നും ചോദിക്കാത്ത ഉപദേശം ആവശ്യമില്ലെന്നും മറുപടി നല്കി. സ്വന്തം മാതാപിതാക്കളുടെ മകന് എന്നപോലെ താന്‍ ഇന്ത്യക്കാരനാണെന്ന സത്യവും അലംഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു നടനെന്ന രീതിയില്‍ തനിയ്ക്ക് കിട്ടുന്ന സ്നേഹത്തിനും ആരാധനയ്ക്കും അതിരുകളില്ലെന്നും തന്റെ സുരക്ഷയെപ്പറ്റി താന്‍ ഒരിക്കലും ആശങ്കാഭരിതനല്ലെന്നും ഖാന് പറയുന്നത് ഒരര്‍ത്ഥത്തില്‍ പാക്കിസ്ഥാനുള്ള മറുപടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: