പത്തനാപുരം: കമലഹാസന്റെ വിശ്വരൂപം പത്തനാപുരത്തെ സീമ തിയറ്ററില്‍ പ്രദര്‍ശനം നിര്‍ത്തിവച്ചതില്‍ യുവമോര്‍ച്ച പ്രതിഷേധിച്ചു. നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിയറ്ററിലേക്ക് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. പത്തനാപുരം പഞ്ചായത്ത് ഓഫീസിന് സമീപത്തു നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നഗരംചുറ്റി തിയറ്ററിനു മുന്‍വശത്ത് പുനലൂര്‍ സിഐ വിജയന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം തടഞ്ഞു. ചിത്രം കാണുവാനുള്ള പ്രേക്ഷകരുടെ അവകാശം സംരക്ഷിക്കാന്‍ പോലീസ് തയാറാകണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. തുടര്‍ന്നു നടന്ന റോഡുപരോധം സുഭാഷ് പട്ടാഴി ഉദ്ഘാടനം ചെയ്തു.
തീവ്രവാദപ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഈ ചിത്രത്തില്‍ മതത്തിന്റെ പരിവേഷം കൊടുക്കുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തനാപുരം സീമാ തിയറ്ററില്‍ വിശ്വരൂപം പ്രദര്‍ശിപ്പിക്കാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും സുഭാഷ് പട്ടാഴി പറഞ്ഞു. യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് സജീവ് ഇരണൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ആര്. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. രതീഷ് ഇരണൂര്‍, സുജി കവലയില്‍, സേതു നെല്ലിക്കോട്, ആര്. രാജഗോപാല്‍, കടവൂര്‍ കണ്ണന്, രതീഷ്ചന്ദ്രന്, പ്രവീണ്‍, അഭിലാഷ്, രമേശന്, രാജേന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: