പോര്‍ട്ട്എലിസബത്ത്: ആഫ്രിക്കന്‍ കപ്പ് നേഷന്‍സ് ഫുട്ബോളില്‍ ഘാനയും മാലിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഘാന മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നീഗറിനെ കീഴടക്കി ഗ്രൂപ്പ് ബി ചാമ്പ്യന്മാരായും മാലി കോംഗയെ സമനിലയില്‍ പിടിച്ച് രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ട് റൗണ്ടിലെത്തിയത്. ഫെബ്രുവരി രണ്ടിന് പോര്‍ട്ട്എലിസബത്തില്‍ നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഘാന കേപ് വെര്ഡെയുമായും ഡര്‍ബനില്‍ നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക മാലിയുമായും ഏറ്റുമുട്ടും.
നീഗറിനെതിരായ പോരാട്ടത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ഘാന ലീഡ് നേടി. ആല്‍ബര്‍ട്ട് അഡോമയുടെ പാസില്‍ നിന്ന് സൂപ്പര്‍താരം അസമോവ ഗ്യാനാണ് ഘാനയുടെ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്നും നിരവധി ആക്രമണങ്ങള്‍ എതിര്‍ഗോള്‍മുഖത്തേക്ക് നടത്തിയ ഘാന 23-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. അസമോവ ഗ്യാന്‍ നല്കിയ സുന്ദരമായ പാസ് സ്വീകരിച്ച് ക്രിസ്റ്റ്യന്‍ അറ്റ്സുവാണ് നീഗര്‍ വല വീണ്ടും കുലുക്കിയത്. ആദ്യ പകുതിയില്‍ ഘാന 2-0ന് മുന്നിട്ടുനിന്നു. രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും ഘാന മൂന്നാം ഗോളും സ്വന്തമാക്കി. അവര്‍ക്ക് ലഭിച്ച ഒരു ഫ്രീകിക്കിനൊടുവില്‍ ഗ്യാന്‍ തൊടുത്ത തകര്‍പ്പന്‍ ഹെഡ്ഡര്‍ നീഗര്‍ ഗോളി തട്ടിയിട്ടു. പന്ത് ലഭിച്ചത് ജോണ്‍ ബോയെക്ക്. ബോയെ നിഷ്പ്രയാസം നീഗര്‍ ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു.
മറ്റൊരു മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം കോംഗോയുമായി സമനില പിടിച്ചാണ് മാലി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ കോംഗോ മുന്നിലെത്തി. അവര്‍ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് മൊകാനിയാണ് കോംഗോക്ക് ലീഡ് നേടിക്കൊടുത്തത്. എന്നാല്‍ ലീഡ് വഴങ്ങിയതോടെ ആക്രമണം ശക്തിപ്പെടുത്തിയ മാലി 14-ാം മിനിറ്റില്‍ സമനില പിടിച്ചു. ആഡം ടംബുറയുടെ പാസില്‍ നിന്ന് മാമഡു സമാസയാണ് മാലിക്ക് വേണ്ടി സമനില ഗോള്‍ നേടിയത്. തുടര്‍ന്ന് ഇരുടീമുകളും മികച്ച നിരവധി മുന്നേറ്റങ്ങള്‍ എതിര് ബോക്സിലേക്ക് നടത്തിയെങ്കിലും വിജയഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല.
ഇന്ന് ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന അവസാന റൗണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായ രണ്ട് വിജയങ്ങളോടെ നേരത്തെത്തന്നെ ക്വാര്‍ട്ടറില്‍ പ്രവേശിച്ച ഐവറികോസ്റ്റ് അള്‍ജീരിയയെ നേരിടും. മറ്റൊരു മത്സരത്തില്‍ മൂന്ന് പോയിന്റ് വീതമുള്ള ടുണീഷ്യ ടോഗോയുമായി ഏറ്റുമുട്ടും. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും. സമനിലയിലായാല്‍ ഗോള്‍ ശരാശരിയാണ് ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ നിശ്ചയിക്കുക. സമനിലയിലായാല്‍ മികച്ച ഗോള്‍ ശരാശരിയുടെ മികവില്‍ ടുണീഷ്യയായിരിക്കും അവസാന എട്ടില്‍ ഇടംപിടിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: