ബാഴ്സലോണ: ബാഴ്സലോണ വീണ്ടും ഫുള്‍ചാര്‍ജില്‍ തിരിച്ചെത്തി. കഴിഞ്ഞയാഴ്ച റിയല്‍ സോസിഡാഡിനോട് അപ്രതീക്ഷിത പരാജയം നേരിട്ട ബാഴ്സലോണ ഇന്നലെ ഒസാസുനക്കെതിരെ ഉജ്ജ്വലവിജയം നേടിയാണ് ഗംഭീര തിരിച്ചുവരവ് നടത്തിയത്.
ഇന്നലെ പുലര്‍ച്ചെ നടന്ന പോരാട്ടത്തില്‍ മെസ്സിയുടെ ബൂട്ടില്‍ നിന്ന് പിറന്ന നാല് തകര്‍പ്പന്‍ ഗോളുകളുടെ കരുത്തില്‍ ബാഴ്സലോണ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഒസാസുനയെ തകര്‍ത്തു. മത്സരത്തിന്റെ മുക്കാല്‍ പങ്കും പത്തുപേരുമായാണ് ഒസാസുന കളിച്ചത്. 27-ാം മിനിറ്റില്‍ അവരുടെ പ്രതിരോധനിരയിലെ കരുത്തന് ആരിബാസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെയാണ് അവര്‍ക്ക് 10 പേരുമായി കളിക്കേണ്ടിവന്നത്.
മത്സരത്തിന്റെ 10-ാം മിനിറ്റിലാണ് മെസ്സി ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ഒസാസുന ഗോളി ആന്ദ്രെ ഫെര്‍ണാണ്ടസ് പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ സംഭവിച്ച പാളിച്ചയില്‍ നിന്നാണ് ആദ്യഗോള്‍ പിറന്നത്. സാവിയുടെ ഗോള്‍ ശ്രമം ക്ലിയര്‍ ചെയ്യുന്നതില്‍ ഒസാസുന ഗോളിക്ക് പിഴച്ചു. പന്ത് കിട്ടിയ മെസ്സി ഫെര്‍ണാണ്ടസിനെ നൃത്തച്ചുവടുകളിലൂടെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഇതോടെ ലാ ലിഗയില്‍ തുടര്‍ച്ചയായ 11 മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും മെസ്സിക്ക് സ്വന്തമായി. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ഒസാസുന 24-ാം മിനിറ്റില്‍ സമനില പിടിച്ചു. മാര്‍ക്ക് ബ്രട്ടന് ബോക്സിനുള്ളിലേക്ക് നല്കിയ പാസ് പിടിച്ചെടുത്ത് റൗള്‍ സെഡ്രിക് ഇടംകാലുകൊണ്ട് തൊടുത്ത ഷോട്ട് ബാഴ്സ ഗോളി വിക്ടര്‍ വാല്‍ഡസിനെ കീഴടക്കി വലയില്‍ കയറി. മൂന്നുമിനിറ്റിനുശേഷം ഒസാസുനയുടെ ആരിബാസ് രണ്ടാം മഞ്ഞകാര്‍ഡ് കണ്ട് പുറത്തുപോയി. ബോക്സിനുള്ളില്‍ വച്ച് പന്ത് കൈകൊണ്ട് തടുത്തതിനാണ് ആരിബാസിന് തുടര്‍ച്ചയായ രണ്ടാം മഞ്ഞകാര്‍ഡും മാച്ചിംഗ് ഓര്‍ഡറും ലഭിച്ചത്. ഇതിന് ലഭിച്ച സ്പോട്ട് കിക്ക് മെസ്സി നിഷ്പ്രയാസം വലയിലെത്തിച്ചു. പിന്നീട് 40-ാം മിനിറ്റില്‍ ഡാനി ആല്‍വസിന്റെ പാസില്‍ നിന്ന് പെഡ്രോ ബാഴ്സയുടെ ലീഡ് ഉയര്‍ത്തി. ആദ്യപകുതിയില്‍ ബാഴ്സ 3-1ന് മുന്നിലായിരുന്നു.
രണ്ടാം പകുതിയിലും ബാഴ്സയുടെ മുന്നേറ്റമായിരുന്നു. 56-ാം മിനിറ്റില്‍ മെസ്സി തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഡേവിഡ് വില്ലയുടെ പാസില്‍ നിന്നാണ് മെസ്സി തന്റെ മൂന്നാം ഗോളും ബാഴ്സയുടെ നാലാം ഗോളും നേടിയത്. രണ്ട് മിനിറ്റിനുശേഷം അഡ്രിയാനോയുടെ പാസില്‍ നിന്ന് മെസ്സി തന്റെ നാലാം ഗോളും ബാഴ്സയുടെ അഞ്ചാം ഗോളും സ്വന്തമാക്കി.
മറ്റൊരു പ്രധാന മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. അത്ലറ്റിക് ബില്ബാവോയൊണ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അത്ലറ്റികോ മാഡ്രിഡിനെ കീഴടക്കിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം മത്സരത്തിന്റെ 50-ാം മിനിറ്റില്‍ സാന്ജോസാണ് ബില്‍ബാവോയുടെ ആദ്യഗോള്‍ നേടിയത്. തുടര്‍ന്ന് 77-ാം മിനില്‍ സുസേയ്റ്റയും 84-ാം മിനിറ്റില്‍ ഡി മാര്‍ക്കോസും ബില്‍ബാവോയുടെ ഗോളുകള്‍ നേടി.
മറ്റൊരു മത്സരത്തില്‍ മലാഗ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മയോര്‍ക്കയെ കീഴടക്കി. മലാഗക്ക് വേണ്ടി സാവിയോള, ഇസ്കോ, മോണ്‍റിയല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. 72-ാം മിനിറ്റില്‍ ഡെമിഷെലിസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായി കളിച്ചാണ് മലാഗ മികച്ച വിജയം സ്വന്തമാക്കിയത്. മയോര്‍ക്കക്ക് വേണ്ടി വിക്ടറും ജിയോവാനിയും ഗോളുകള്‍ നേടി.
21 മത്സരങ്ങള്‍ പൂര്‍ത്തിയായ ലാ ലീഗയില്‍ 58 പോയിന്റുമായി ബാഴ്സ കിരീടത്തിലേക്ക് കുതിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡ് 47 പോയിന്റുമായി രണ്ടാം സ്ഥാനത്തും 43 പോയിന്റുമായി നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: