സഞ്ചാര-സ്വാതന്ത്ര്യം ജനാധിപത്യത്തിലെ മൗലികാവകാശമാണ്. സമരം സ്വാതന്ത്ര്യം നേടാനുള്ള ആദ്യത്തെ ആയുധവും. മഹാത്മജിയുടെ മഹത്തായ സഹനസമരം തൊട്ട് പി.ജയരാജന്റെ അറസ്റ്റിലരങ്ങേറിയ ലിബിയ തോല്‍ക്കുന്ന ആക്രമണങ്ങള്‍വരെ ഇന്ത്യന്‍ജനാധിപത്യത്തിലെ അവകാശസമരങ്ങളുടെ സമ്മിശ്ര ചരിത്രമാണ്. ത്യാഗത്തിന്റെയും പോരാട്ടത്തിന്റേയും ചരിത്രവും നശീകരണത്തിലേക്കും ആക്രമണത്തിലേക്കുള്ള അതിന്റെ അപഥ സഞ്ചാരവും. അത് ഭാരതത്തിന് ഒരുപാട് നേടിത്തരുകയും ഒട്ടനവധി നഷ്ടപ്പെടുത്തുകയും ചെയ്തു.
ഗാന്ധിയന്‍ സമരരീതിയുടെ ജനാധിപത്യപരമായ പരിണാമമായിരുന്നു വഴി തടയുന്ന സമരങ്ങള്‍. കക്ഷി രാഷ്ട്രീയത്തിന്റെ വിപര്യയങ്ങളിലൂടെ സഞ്ചരിച്ച് സഞ്ചരിച്ച് അവയോരോന്നും ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ അപഹാസ്യമാക്കി. സമരങ്ങളുടെ ആന്തരിക ചോദന മനുഷ്യ സ്നേഹത്തിന്റെ ആസ്പദങ്ങളില്‍ നിന്നകന്ന് അവനവന്റെ ശക്തിയുടെ ഭീഷണ രൂപം പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഉപാധികളായി. സമരവീര്യത്തിന്റെ സ്ഥാനം ആക്രമണ വാസന തട്ടിയെടുത്തു. പൊതുമുതല്‍ പൊതുജനത്തിന് നശിപ്പിക്കാനുള്ളതായി.
അങ്ങനെ അവകാശം നേടാന്‍ വേണ്ടി അരങ്ങേറപ്പെട്ട സമരങ്ങള്‍ അവശേഷിച്ച അവകാശങ്ങള്‍കൂടി കവര്‍ന്നെടുത്തും വംശ വ്യത്യാസമില്ലാതെ വഴി നടക്കാനുള്ള അവകാശത്തിനായിവരെ വഴി തടയുന്ന സമരങ്ങള്‍ അരങ്ങേറപ്പെട്ടു. രാഷ്ട്രീയം ജനത്തിനെ പൊറുതിമുട്ടിച്ചുകൊണ്ട് ഭരണകൂടത്തെ ശ്വാസം മുട്ടിയ്ക്കാന്‍ ശ്രമിച്ചു; ഭരണകൂടം തിരിച്ചും.
ഗാന്ധിജിയുടെ സഹനസമരത്തില്‍ സഹനമത്രയും അനുഷ്ഠിച്ചത് സമരാനുഗാമികളാണ്; ചിന്തകൊണ്ടും ശരീരംകൊണ്ടും ഒപ്പം നിന്നവര്‍. സ്വാതന്ത്ര്യാനന്തരം അടിയന്തരാവസ്ഥയിലും നിരോധനങ്ങളെ നിഷ്പ്രഭമാക്കാന്‍ ആര്‍എസ്എസ് നടത്തിയ ഏതാനും ചില സമരങ്ങളിലും അണ്ണാ ഹസാരേയുടേത്പോലെ അപൂര്‍വം ചില സമര പ്രതിഭാസങ്ങളിലും ഒഴികെ സമരത്തിന്റെ സാഹസവും ദുരന്തവും സഹിക്കേണ്ടി വരുന്നത് സാധാരണക്കാരാണെന്നതാണ് വസ്തുത. സമരങ്ങളുമായോ സമരാശയങ്ങളുമായോ പുലബന്ധംപോലും പുലര്‍ത്താത്ത പൊതുജനം.
നിരത്തിലെ സമരങ്ങള്‍ക്ക് നിയമം നിരോധനമേര്‍പ്പെടുത്തുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ സരള സങ്കീര്‍ണതകള്‍ക്ക് നിരക്കുന്നതല്ല. നിയമ നിര്‍മാണ സഭകളെ ഉപയോഗിച്ച് രാഷ്ട്രീയം നിയമത്തെ മറികടക്കും എന്നതാവും അതിന്റെ അനന്തരഫലം. അവകാശങ്ങള്‍ ഏപക്ഷീയമല്ലെന്ന് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ മനസ്സിലാക്കുകയാണ് വേണ്ടത്. അവകാശങ്ങള്‍ സ്വയം ഉറപ്പുവരുത്താനും പരസ്പ്പരം ലംഘിക്കാതിരിക്കാനുമുള്ളതാണ്. സമരം മൂലം അവസാനത്തെ വരിയില്‍ അവസാനം നില്ക്കുന്ന ജനത്തിന്റെ ഭാഗീകാവകാശമെങ്കിലും ഹനിയ്ക്കപ്പെട്ടാല് സമരം അതിന്റെ മൗലികലക്ഷ്യത്തില്നിന്ന് മനുഷ്യസ്നേഹത്തില്‍നിന്ന് പിന്തിരിഞ്ഞു തുടങ്ങും. സമരത്തിന്റെ മുഖവും രീതിനീതികളും മാറ്റപ്പെടണം. വിലക്കയറ്റത്തിനെതിരെയുള്ള സമരം വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനത്തിന്റെ വഴിതടയുകയല്ല വേണ്ടത്. ധന-ഭക്ഷ്യ വകുപ്പുകളുടേയും മന്ത്രിമാരുടേയും സ്വാസ്ഥ്യം കെടുത്തലാണ് അഭികാമ്യം. പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിക്കുമ്പോള്‍ ബലമായി അടച്ചുപൂട്ടിക്കേണ്ടത് സാധാരണക്കാരന്റെ ജീവിതം നിരക്കിനിങ്ങുന്ന നിരത്തുവക്കിലെ പീടികപ്പാടങ്ങളല്ല. രാജ്യത്തെ എണ്ണിയാലൊടുങ്ങാത്ത പെട്രോള്‍ പമ്പുകള്‍ക്കും മുകളില്‍ പതിനായിരക്കണക്കിന് കോടിയുടെ പരസ്യം കൊടുത്ത് അതിന്റെ കമ്മീഷന് പറ്റുന്ന മന്ത്രാലയങ്ങളുടെ സുവര്‍ണ വാതായനങ്ങള്ക്കാണ്.
നിരത്തുകള്‍ സഞ്ചരിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് ഒരു വാദമുണ്ട്: നടപ്പാതകള്‍ നടക്കാനുള്ളതെന്നും. സമരങ്ങളും സമ്മേളനങ്ങളും സ്റ്റേഡിയങ്ങളിലോ മൈതാനങ്ങളിലോ സ്വകാര്യമായി നടക്കട്ടെയെന്നും കോടതി നിരീക്ഷിക്കുന്നു. ഇവിടെ ഉയരുന്ന ഒരു ചോദ്യമുണ്ട്; നടന്നും സഞ്ചരിച്ചും ഭക്ഷിച്ചും ഉറങ്ങിയും ഇണചേര്‍ന്നും മാത്രമുള്ള അധോമുഖം, ആന്തരികജന്യമായ ജീവിതമാണോ നമ്മുടെ ദൗത്യം എന്ന ചോദ്യം. മനുഷ്യന്റെ സാമൂഹിക ഘടനകള്‍ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ടെങ്കില്‍ അവന്റെ വാസപരിസരങ്ങളിലെമ്പാടും അതിനുള്ള സാധ്യതകള്‍ ഉണ്ടാകേണ്ടതുണ്ട്. വായിച്ചും അറിഞ്ഞും അനുഭവിച്ചും മനുഷ്യന് നേടുന്ന ബാഹ്യമായ വ്യാപ്തികള്ക്കൊപ്പം സംഘടിതമായ ബോധവും കരുത്തും ഉള്‍ക്കാഴ്ചയും അവനെ നയിക്കേണ്ടതുണ്ട്. വ്യക്തിയെ സമൂഹവുമായി ബന്ധിപ്പിക്കുന്ന സ്ഥാവര ഘടകങ്ങളില്‍ പ്രധാനം എന്ന നിലയില്‍ ജനത്തിനുവേണ്ടി നടത്തപ്പെടുന്ന സമരങ്ങള്‍, വിശദീകരണങ്ങള്‍, പ്രതിഷേധങ്ങള്‍, ആഘോഷങ്ങള്‍, ജനായത്ത പ്രക്രിയകള്‍ എന്നിവയിലൊക്കെ നിരത്തുകളും പൊതുഇടങ്ങളും കൂടി പങ്കാളികളാകേണ്ടതുണ്ട്. സാമൂഹ്യജീവിതത്തിന് മതപരവും വൈജ്ഞാനികവും ധിഷണാപരവും രാഷ്ട്രീയവും ഒക്കെയായ നിരവധി തലങ്ങളുണ്ട്. അവയ്ക്ക് മനുഷ്യനുമായി സംവദിച്ചേ കഴിയൂ. അതിന് അടച്ചിട്ട അകത്തളങ്ങളില്ല സമൂഹത്തിന്റെ വാസപരിസരങ്ങളിലാണ് അവയൊക്കെയും അരങ്ങേറേണ്ടത്. അതിന് ജനത്തിന്റെ നിന്ദയ്ക്കും പ്രശംസയ്ക്കും തിരസ്ക്കാരത്തിനും അര്‍ഹതയുണ്ട്. അതിന് അവകാശസമരങ്ങളും അവഗണനയോടുള്ള പ്രതിഷേധവും ആറ്റുകാല്‍ പൊങ്കാലയും തുടങ്ങി മൈക്ക് വെച്ച് മുക്കുതോറും ദൈവരാജ്യം വിളിച്ചുവരുത്തുന്ന പെന്തക്കോസ്ത് ശബ്ദമലിനീകരണ സുവിശേഷംവരെ തെരുവോരങ്ങളില്‍ അരങ്ങേറേണ്ടതുണ്ട്.
ഇവിടെയാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ വിവേകം പുലര്‍ത്തേണ്ടത്. ഒരു വിപുലമായ മൗലീകാവകാശത്തിന്റെ തിരക്കില്‍ അഭയാര്‍ത്ഥികളായി നിന്നുകൊണ്ടാണ് സമരം നടത്തുന്നതെന്ന് അനുനിമിഷം അവര്‍ ഓര്‍മിക്കണം. ‘ഇതാ ഞങ്ങള്‍ നിങ്ങളുടെ തിക്കുമുട്ടലില്നിന്ന് ഒരിത്തിരി സ്ഥലം അപഹരിച്ചുകൊണ്ട്, നിങ്ങള്‍ക്ക് ശല്യമുണ്ടാക്കാതെ നിങ്ങളുടെ അവകാശത്തിനായി സമരം ചെയ്യുന്നു’ എന്ന ലാഘവത്വം അണികളില്‍ വളര്‍ത്തണം. ഭാവനയോടെ ആസൂത്രണം ചെയ്താല്‍ ഒരാളേയും ബുദ്ധിമുട്ടിക്കാതെയും എന്നാല്‍ ഏവരുടേയും ശ്രദ്ധ ആകര്ഷിച്ചുകൊണ്ടും എത്ര വലിയ സമരങ്ങളും നടത്താനാകും എന്ന് എത്രയോ വട്ടം തെളിയിക്കപ്പെട്ടതാണ്. നിരത്തും മനുഷ്യരും തങ്ങളുടെ ധാര്‍ഷ്ട്യം സഹിക്കാനുള്ള സ്വകാര്യ സ്വത്തല്ലെന്ന് നേതൃത്വങ്ങള്‍ മനസ്സിലാക്കിയാല്‍ മതി. ഉദാസീനത ഭരണഭാഷയും അവഗണന ഭരണഘടനയും സ്മൃതിനാശം പ്രകടന പത്രികയും ആയിരിക്കുന്ന ഒരുനാട്ടില്‍ പ്രതിഷേധ സമരങ്ങള്‍ ആവശ്യമില്ലെന്ന് പറയാനാവില്ല. ഓരോ പ്രതിഷേധവും ഭരണാധിപരുടെ ഉറക്കത്തിന് ചില ഇടവേളകള്‍ സമ്മാനിക്കുന്നു. അവ എങ്ങനെ ജനജീവിതത്തെ ബാധിക്കാതെ നടത്താം എന്നതാണ് നാം ചിന്തിക്കേണ്ട വസ്തുത.
ഓരോ സമരവും സമ്മര്‍ദ്ദത്തിലാക്കേണ്ടത് ആ സമരത്തിന് നമ്മളെ നിര്ബന്ധിതരാക്കിത്തീര്ത്തവരെയാണ്. അപ്പോഴേ സമരങ്ങള്‍ സമ്പൂര്‍ണമായി ഫലപ്രദമാവുകയുള്ളൂ. അതിന് ജനത്തിനെ സമരത്തിന്റെ ഇരകളാക്കില്ലെന്ന തീരുമാനമാണ് നേതൃത്വങ്ങള്‍ ആദ്യം കൈക്കൊള്ളേണ്ടത്. അല്ലെങ്കില്‍ ജനം പതിയെ രാഷ്ട്രീയത്തിനും നേതൃത്വത്തിനും എതിരായിത്തീരും എന്നതാവും ഫലം. വഴിതടയുന്ന സമരങ്ങള്‍ അവസാനിച്ചു കിട്ടാന്‍ വേണ്ടി ജനം വഴി തടയേണ്ടുന്ന അവസ്ഥ വന്നുചേരും.
** വിനയന് കോന്നി
പ്രതികരിക്കാൻ ഇവിടെ എഴുതുക: