കൊല്ലം: സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷങ്ങള്‍ക്ക് നാളെ ജില്ലയിലെമ്പാടും വര്‍ണാഭമായ തുടക്കം. മഹാശോഭായാത്രകളും ജയന്തി സമ്മേളനങ്ങളും എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും നടക്കും. 2014 ജനുവരി 12 വരെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രൗഢമായ പരിപാടികളാണ് വിവേകാനന്ദ കേന്ദ്രത്തിന്റെയും ആഘോഷ സമിതികളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്.
കൊല്ലം നഗരത്തില്‍ ആഘോഷങ്ങള്‍ക്ക് മഹാശോഭായാത്രയോടെ തുടക്കമാകും. നാളെ വൈകിട്ട് നാലിന് ആനന്ദവല്ലീശ്വരം ക്ഷേത്രമൈതാനിയില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ഹൈസ്കൂള്‍ ജംഗ്ഷന്‍, താലൂക്ക് കച്ചേരി, ചാമക്കട, മെയിന്‍റോഡ്, ചിന്നക്കട വഴി ക്യുഎസി ഗ്രൗണ്ടില്‍ സമാപിക്കും. നൂറുകണക്കിന് വിവേകാനന്ദ വേഷധാരികള്‍, വിവേകാനന്ദ സ്മരണകള്‍ ഉണര്‍ത്തുന്ന നിശ്ചലദൃശ്യങ്ങല്‍, വിവിധ വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവ മിഴിവേകുന്ന ശോഭായാത്രയില്‍ ആയിരങ്ങള്‍ പങ്കെടുക്കും. ആഘോഷപരിപാടികളുടെ ഉദ്ഘാടനം ആനന്ദവല്ലീശ്വരം ക്ഷേത്ര ആഡിറ്റോറിയത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ പ്രൊഫ.ജി.കെ. ശശിധരന്‍ നിര്‍വഹിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷസമിതി അധ്യക്ഷന്‍ പി. കേശവന്‍നായര്‍ അധ്യക്ഷത വഹിക്കും.
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷവേളയില്‍ വൈചാരിക സദസ്, യുവസംഗമം, ഗ്രാമോത്സവം, വനവാസിഗോത്ര സംഗമം തുടങ്ങി വിവിധ ആഘോഷപരിപാടികള്‍ പഞ്ചായത്ത് തലത്തില്‍ നടക്കും. ഫെബ്രുവരി മാസം നഗരകേന്ദ്രങ്ങളില്‍ സാമൂഹ്യ സൂര്യനമസ്കാരയജ്ഞം, മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ വിവേകാനന്ദ സാഹിത്യപ്രചാരം, ഗൃഹസമ്പര്‍ക്കം, ജൂണ്‍- ജൂലൈ മാസങ്ങളില്‍ സാംസ്കാരിക സമ്മേളനം, വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍, സെപ്തംബര്‍ 11 ചിക്കാഗോ പ്രസംഗ വാര്‍ഷികം തുടങ്ങിയ പരിപാടികളോടെ നടക്കുന്ന ആഘോഷപരിപാടികള്‍ 2014 ജനുവരി 12ന് നടക്കുന്ന വിവേകാനന്ദ മഹാസംഗമത്തോടെ സമാപിക്കും. വിശദവിവരങ്ങള്‍ക്ക് 9947248146, 9037769727.
പത്രസമ്മേളനത്തില്‍ ആഘോഷസമിതി അധ്യക്ഷന്‍ പി. കേശവന്‍നായര്‍, ജനറല്‍ കണ്‍വീനര്‍ കാ.നാ. അഭിലാഷ്, ജോയിന്റ് കണ്‍വീനര്‍ എസ്. രഞ്ചന്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടികളുടെ വിളംബരമായി ഇന്നലെ നഗരത്തില്‍ ഇരുചക്രവാഹന റാലി നടന്നു. ജില്ലാ കണ്‍വീനര്‍ ക.ന.അഭിലാഷ്, മുണ്ടക്കല്‍ രാജു, പി.വിജയന്‍, സെന്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കരുനാഗപ്പള്ളി, തഴവ, ചവറ, തേവലക്കര പ്രദേശങ്ങളിലും ശോഭായാത്രകള്‍ നടത്തും.
അഞ്ചല്‍: വിശ്വം മുഴുവന്‍ സനാതന ധര്‍മ്മത്തിന്റെ മഹത്വം അറിയിച്ച സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം അഞ്ചലില്‍ വിപുലമായി ആഘോഷിക്കും. നാളെ അഞ്ചലില്‍ ശോഭായാത്രയും ഉദ്ഘാടന സമ്മേളനവും നടക്കും. ഉച്ചയ്‌ക്ക് 3.30ന് അഞ്ചല്‍ കോളേജ് ജംഗ്ഷനില്‍ നിന്നുമാരംഭിക്കുന്ന ശോഭായാത്ര മാര്‍ക്കറ്റ് ജംഗ്ഷനില്‍ സമാപിക്കും. 4.30ന് വിവേകാനന്ദ സാര്‍ധശതി ഉദ്ഘാടന സമ്മേളനം നടക്കും. ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ.ജി. സുരേന്ദ്രന്‍ അധ്യക്ഷനായിരിക്കും. പി.എം. വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തും. അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സക്കീര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.എന്‍. വാസവന്‍, അലയമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നിഷാകുമാരി, അഡ്വ.ജി. അനില്‍കുമാര്‍, ജി. രാജു എന്നിവര്‍ സംസാരിക്കും.
കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തില്‍ വൈകിട്ട് 3.30ന് നടക്കുന്ന വിവേകാനന്ദജയന്തി സമ്മേളനം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിന്നി ലുമുംബ അധ്യക്ഷത വഹിക്കും. കെപിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ജി. സുരേന്ദ്രന്‍, പ്രേംകുമാര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന മഹാശോഭായാത്ര കുലശേഖരനല്ലൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.
എഴുകോണില്‍ മഹാദേവക്ഷേത്രാങ്കണത്തില്‍ വൈകിട്ട് നാലിന് നടക്കുന്ന പരിപാടി എഴുകോണ്‍ സിഐ കെ. സദന്‍ ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന സഹസംഘടനാ സെക്രട്ടറി എം. സതീശന്‍, ആര്‍.ടി. സുജിത്, ആര്‍. ബിജുരാജ് എന്നിവര്‍ സംസാരിക്കും. ശോഭായാത്ര ചീരങ്കാവ് ജംഗ്ഷനില്‍ സമാപിക്കും. മേലിലയില്‍ കുന്നിക്കോട് വൈകിട്ട് മൂന്നിന് നടക്കുന്ന പരിപാടി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യും. വാര്‍ഡ് മെമ്പര്‍ വില്ലൂര്‍ സന്തോഷ് അധ്യക്ഷത വഹിക്കും. കെ.എന്‍. തങ്കപ്പന്‍പിള്ള സ്വാഗതവും സതീഷ് നന്ദിയും പറയും.
ശാസ്താംകോട്ട: മൈനാഗപ്പള്ളി മൂത്തോട് ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര കടപ്പാ മഹാദേവക്ഷേത്രത്തില്‍ സമാപിക്കും. ശാസ്താംകോട്ടയില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര ഭരണിക്കാവിലും പടിഞ്ഞാറേ കല്ലട തലയിണക്കാവില്‍ നിന്ന് തുടങ്ങുന്ന ശോഭായാത്ര കണത്താര്‍കുന്നത്തും സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: