കേരള തലസ്ഥാനം സമരവേദി മാത്രമല്ല, ഏറ്റുമുട്ടല്‍ വേദി കൂടിയായി മാറുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ സമരം അക്രമാസക്തമായപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായും കയ്യേറ്റം നടത്തുന്നതായും വാര്‍ത്തയാണ്. ഇത് അപകടകരമായ പ്രവണതയാണെന്ന സിപിഎം സെക്രട്ടറി പിണറായി വിജയന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നോട്ടത്തില്‍ കൂടുതല്‍ ജീവനക്കാര്‍ ഡ്യൂട്ടിയ്ക്ക് ഹാജരാകുന്നുണ്ട്. ഹാജര്‍ നില ചൊവ്വാഴ്ച 62 ശതമാനത്തില്‍നിന്നും ബുധനാഴ്ച 70 ശതമാനമായിയത്രെ. ജീവനക്കാരെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും നിര്‍ബന്ധിതമായി വിലക്കുന്നതും ഇടതു സംഘടനകളുടെ ഭീഷണി കാരണമാണത്രെ. സ്ത്രീകളെ സമരരംഗത്തുള്ള സ്ത്രീകള്‍ തന്നെ ജോലിയില്‍ പ്രവേശിക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കവെ ഒരു ജീവനക്കാരിക്ക് ബോധക്ഷയം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കെഎസ്യു-എസ്എഫ്ഐ സംഘട്ടനം ഒഴിവാക്കാന്‍ പോലീസിന് കണ്ണീര് വാതകം പ്രയോഗിക്കേണ്ടിവന്നു.
അതിനിടെ സമരം ചെയ്യുന്ന 300 പേരെ, സസ്പെന്‍ഡ് ചെയ്യാനുളള സര്‍ക്കാര്‍ നീക്കവും പ്രതിഷേധം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. 70 ശതമാനം ജീവനക്കാര്‍ സമരത്തിലാണ്. 1000 വില്ലേജ് ഓഫീസുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സമരം സമാധാനപരമായി ഒത്തുതീര്‍ക്കുന്നതിന് പകരം സമരക്കാര്‍ക്കെതിരെ പോലീസിനെ വിന്യസിച്ചതും കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. മൂന്ന് ഹെഡ്മാസ്റ്റര്‍മാരെ മലപ്പുറത്ത് സസ്പെന്‍ഡ് ചെയ്തു.ഐടി സ്കൂളില്‍ സമരം ചെയ്യുന്ന 70 അധ്യാപകരെയും സസ്പെന്‍ഡ് ചെയ്യാനുള്ള നീക്കമാണ്. സമാധാനപരമായി ഒത്തുതീര്‍പ്പിന് ശ്രമിക്കാതെ സര്‍ക്കാര്‍ മര്‍ദ്ദന മുറകള്‍ സ്വീകരിച്ചാല്‍ സമരനേതാക്കള്‍ സമരം ശക്തിപ്പെടുത്താന്‍ നിര്‍ബന്ധിതരാകും എന്ന മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഈ നിയമം നടപ്പിലായാല്‍ അത് രണ്ടുതരം ജീവനക്കാരെയാകും സൃഷ്ടിക്കുക-സ്റ്റാറ്റ്യൂട്ടറി പെന്ഷന് ലഭിക്കുന്നവരും കോണ്‍ട്രിബ്യൂട്ടറി പെന്ഷന് ലഭിക്കുന്നവരും ഇത് എങ്ങനെയാണ് അനുവദനീയമാക്കുക എന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി പിണറായി വിജയന്റെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: