കേരളത്തില്‍ ഇപ്പോള്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ പങ്കാളിത്ത പെന്ഷന് പദ്ധതി. 2013 ഏപ്രില്‍ 1 മുതല്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്ന ഒരു ജീവനക്കാരന് അയാളുടെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ 10 ശതമാനവും തുല്യതുകയുടെ സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ ഭാവിയില്‍ രൂപപ്പെടുത്തുന്ന പെന്ഷന് ഫണ്ടില്‍ നിക്ഷേപിക്കണം. ഇതുമൂലം കേരള സര്‍ക്കാരിന് പ്രതിമാസം 1200 കോടി രൂപ അധിക ബാധ്യത വരുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. ഈ കണക്ക് പ്രകാരം ആദ്യവര്‍ഷം 1200 കോടി രൂപ നിക്ഷേപിക്കുന്ന സര്‍ക്കാരിന് വര്‍ഷം 17 ശതമാനം മിനിമം വര്‍ദ്ധനവ് പ്രകാരം (ഉഅ+വാര്‍ഷിക ഇന്‍ക്രിമെന്റ്) 25 വര്‍ഷം കൊണ്ട് ഈ ഫണ്ടിലേക്ക് 342612 കോടി രൂപയുടെ നിക്ഷേപം നടത്തേണ്ടി വരും. പെന്ഷന് ഫണ്ടില്‍ നിക്ഷേപിക്കുന്ന കോടിക്കണക്കിന് വരുന്ന തുക കൈകാര്യം ചെയ്യുന്നത് വിദേശ സ്വദേശ കുത്തക കമ്പനികളാണ്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതില്‍ യാതൊരുവിധ നിയന്ത്രണവുമില്ല. നിക്ഷേപിക്കുന്ന തുകയുടെ 40 ശതമാനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് പെന്ഷന് നിശ്ചയിക്കുന്നത്. നിലവില്‍ അക്കൗണ്ടന്റ് ജനറലാണ് ജീവനക്കാരുടെ പെന്ഷന് നിശ്ചയിക്കുന്നത്. പങ്കാളിത്ത പെന്ഷന് ബാധകമായ ജീവനക്കാരന്റെ പെന്ഷന് നിശ്ചയിക്കുന്നത് പെന്ഷന് ഫണ്ട് മാനേജര്‍മാരാണ്. നിലവില്‍ 10 വര്‍ഷം സര്‍വ്വീസുള്ള ഒരു ജീവനക്കാരന് മിനിമം 4500 രൂപ അടിസ്ഥാന പെന്‍ഷനും വിലക്കയറ്റത്തിനനുസൃതമായി സര്‍ക്കാര്‍ നിശ്ചയിക്കുന്ന ക്ഷാമാശ്വാസവും ലഭിക്കുന്നുണ്ട്. പങ്കാളിത്ത പെന്ഷന് ബാധകമായ ഒരു ജീവനക്കാരന് 25 വര്‍ഷത്തെ സേവനത്തിന് ശേഷം 2038 ല്‍ വിരമിയ്ക്കുമ്പോള്‍ അയാളുടെ ശമ്പളത്തിന്റെ എത്ര ശതമാനം തുക അടിസ്ഥാന പെന്ഷന് നല്കുവാന് കഴിയും എന്ന് ഉറപ്പ് നല്കാന് സര്‍ക്കാരിന് കഴിയുമോ?
ജീവനക്കാരുടെ പെന്‍ഷനുള്ള അര്‍ഹത നിരവധി തവണ കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടു. 1982-ലെ ഡി.എസ്. നകാര കേസില്‍ സുപ്രീം കോടതി വിധി, പെന്ഷന് അവകാശം നിയമപരമായി സംരക്ഷിക്കപ്പെട്ടുകൊണ്ടായിരുന്നു. “കഴിഞ്ഞ കാലത്ത് വിശ്വസ്തസേവനം നടത്തിയതിന് തിരിച്ചു നല്കുന്ന നഷ്ടപരിഹാരം മാത്രമല്ല പെന്ഷന്, മറിച്ചും അതിനും ഉപരിയായ അതിവിശാലമായ ഒരു പ്രാധാന്യം പെന്‍ഷനുണ്ട്. അത് സാമൂഹിക-സാമ്പത്തിക നീതിയുടേതായ ഒരു നടപടിയും കൂടിയാണ്. വാര്‍ദ്ധക്യ പ്രക്രിയയുടെ ഭാഗമായി ശാരീരികവും മാനസികവുമായ ശക്തി ക്ഷയിക്കുന്ന, സമ്പാദ്യത്തെ മാത്രം ആശ്രയിച്ചു കഴിയാന്‍ നിര്‍ബന്ധിതമാകുന്ന, ജീവിതാന്ത്യത്തില്‍ സ്വാഭാവികമായി ലഭിക്കേണ്ട സാമ്പത്തിക സുരക്ഷയാണ് പെന്ഷന്” എന്നുള്ള സുപ്രീം കോടതി വിധി പോലും കാറ്റില്‍ പറത്തുകയാണ്.
നിര്‍വ്വചിക്കപ്പെട്ട ആനുകൂല്യത്തിന് പകരമായി നിര്‍വ്വചിക്കപ്പെട്ട വിഹിതം എന്ന അടിസ്ഥാന സമീപന മാറ്റമാണ് പുതിയ പെന്ഷന് പദ്ധതി. സര്‍വ്വീസ് കാലത്ത് ഒരു രൂപ പോലും വിഹിതമായി നല്‍കാതെ, അവസാനം വാങ്ങുന്ന ശമ്പളത്തിന്റെ (പത്ത് മാസത്തെ ശരാശരി) 50% പെന്‍ഷനായി ലഭിക്കുന്ന സ്ഥിതിക്കുപകരമായി, ജീവനക്കാര്‍ തങ്ങളുടെ ശമ്പളത്തിന്റെ 10% പ്രതിമാസ വിഹിതമായി നല്‍കുകയും, എന്നാല്‍ പെന്ഷന് ഒരു ഉറപ്പുമില്ലാത്ത സ്ഥിതിയുമാണ് ഉണ്ടാവുക. ഓഹരിക്കമ്പോളത്തിന്റെ ലാഭനഷ്ടങ്ങളാണ് പെന്ഷന് തുക നിശ്ചയിക്കുന്നത്. എത്ര കിട്ടുമെന്നോ, എത്ര കാലം കിട്ടുമെന്നോ പറയാന്‍ കഴിയില്ല.
2001 സെപ്തംബറില്‍ ഇന്ത്യയിലെ പെന്ഷന് പരിഷ്ക്കരണ നിര്‍ദ്ദേശങ്ങള്‍ എന്ന പേരില്‍ ഐ.എം.എഫ്.-ലോകബാങ്ക് തയ്യാറാക്കിയ രേഖയാണ് പുതിയ പദ്ധതിയുടെ അടിസ്ഥാനം. ഇത് നടപ്പിലാക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഭട്ടാചാര്യ കമ്മീഷന്, സര്‍ക്കാരിന്റെ താല്പര്യങ്ങള്ക്കനുസരിച്ച് റിപ്പോര്‍ട്ട് നല്‍കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ 01.01.04-നു ശേഷം സര്‍വ്വീസില്‍ വരുന്ന ജീവനക്കാര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്ഷന് സമ്പ്രദായം നിര്‍ത്തലാക്കിയും പുതിയ പെന്ഷന് പദ്ധതി ബാധകമാക്കിയും കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പെന്ഷന് ഫണ്ട് റഗുലേറ്ററി ആന്റ് ഡവലെപ്മെന്റ് അതോറിട്ടി ബില്ല് 2005 മാര്‍ച്ച് 21 ന് യു.പി.എ. ഗവണ്മെന്റ് ലോക്സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പു കാരണം ബില്‍ അംഗീകരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ല. കേന്ദ്രഗവണ്മെന്റിന്റെ പാത പിന്തുടര്ന്ന് നിരവധി സംസ്ഥാനങ്ങള്‍ തങ്ങളുടെ സംസ്ഥാനത്ത് പുതിയ പദ്ധതി നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു. ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന ധാര്‍ഷ്ട്യത്തോടെ, പുതിയ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. 2012 മാര്‍ച്ച് 24 ന് പി.എഫ്.ആര്.ഡി..എ. ബില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നാമമാത്രമായി ഉള്‍പ്പെടുത്തി പാര്‍ലമെന്റില്‍ ബില്ലിന് അംഗീകാരം നേടുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
2008 ല്‍ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ലോകമെമ്പാടും പെന്ഷന് ഫണ്ടുകള്‍ വന്‍ തകര്‍ച്ചയെ നേരിട്ടു. ഓഹരിക്കമ്പോളം തകര്‍ന്നതോടെ പെന്ഷന് ഫണ്ടില്‍ നിക്ഷേപിച്ചിരുന്ന കോടിക്കണക്കിന് ഡോളര്‍ അപ്രത്യക്ഷമായി. മാസങ്ങളായി തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും പെന്ഷന് ലഭിക്കുന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ പെന്ഷന് ഫണ്ടായ അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് എംപ്ലോയീസ് റിട്ടയര്‍മെന്റ് സിസ്റ്റം, കാലിഫോര്‍ണിയ ടീച്ചേഴ്സ് റിട്ടയര്‍മെന്റ് സിസ്റ്റം തുടങ്ങി എറ്റവും ശക്തമെന്ന് കരുതപ്പെട്ടിരുന്ന പെന്ഷന് ഫണ്ടുകള്‍ പോലും തകര്‍ന്നുതരിപ്പണമായി. 64 ബില്യണ്‍ ഡോളറാണ് കാലിഫോര്‍ണിയ സ്റ്റേറ്റ് ടീച്ചേഴ്സ് റിട്ടയര്‍മെന്റ് സിസ്റ്റം എന്ന പെന്ഷന് ഫണ്ടിന് നഷ്ടപ്പെട്ടത്. നാളിതുവരെ രൂപീകരിച്ചിട്ടുള്ള എല്ലാ പെന്ഷന് ഫണ്ടുകളും തകര്‍ന്ന ചരിത്രമാണ് ലോകത്തിന് മുന്നിലുള്ളത്. തകര്‍ന്ന പെന്ഷന് ഫണ്ടുകളിലെ അവശേഷിച്ച പണം ഫണ്ട് മാനേജര്‍മാര്‍ കൈക്കലാക്കി. ഫലത്തില്‍ ജീവനക്കാര്‍ക്ക് പെന്ഷന് ഇല്ലാതായി.
പങ്കാളിത്ത പെന്ഷന് നടപ്പിലാക്കുന്നതിനുള്ള ഉത്തരവിറക്കിയശേഷം, പൊതുസമൂഹത്തിന് മുന്നില്‍ ജീവനക്കാരെയും അദ്ധ്യാപകരെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രചരണമാണ് മുഖ്യമന്ത്രി അഴിച്ചുവിട്ടത്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് പെന്ഷന് ചെലവ് നാലിരട്ടിയായി വര്‍ദ്ധിച്ചുവെന്നും ഇത് സര്‍ക്കാരിന് താങ്ങാനാവില്ല എന്നുമായിരുന്നു പ്രചരണം. 2001-02 ല്‍ ആകെ വരവ് 9056 കോടി രൂപയും പെന്ഷന് ചിലവ് 1838 കോടി രൂപയുമായിരുന്നു. അതായത് വരവിന്റെ 20.29%. ഇപ്പോള്‍ ആകെ വരവ് 48141 കോടി രൂപയും പെന്ഷന് ചെലവ് 8178 കോടി രൂപയുമാണ്. ഇത് വരവിന്റെ 16.29% ആണ്. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് പെന്ഷന് ചെലവ് 4% കുറയുകയായിരുന്നു എന്നാണ്. പെന്ഷന് ചെലവില്‍ നാലിരട്ടി വര്‍ദ്ധനവുണ്ടായപ്പോള്‍ വരുമാനത്തില്‍ ആറിരട്ടിയും ഭക്ഷ്യസാധനങ്ങളുടെ വിലയില്‍ എട്ടിരട്ടിയും വര്‍ദ്ധനവുണ്ടായ കാര്യം ബോധപൂര്‍വ്വം മറച്ചുവച്ചു.
നിലവിലുള്ള ജീവനക്കാരെ ബാധിയ്ക്കില്ല എന്ന് പറയുന്ന സര്‍ക്കാര്‍, 92 വര്‍ഷം പഴക്കമുള്ള സ്റ്റാറ്റ്യൂട്ടറി പെന്ഷന് കേവലം ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ ഇല്ലാതാക്കിയ സാഹചര്യത്തില്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് ഭാവിയില്‍ പെന്ഷന് ലഭിക്കും എന്നുള്ളതിന് എന്ത് ഉറപ്പാണ് നല്കുവാന് സാധിക്കുക.
പങ്കാളിത്ത പെന്ഷന് പ്രകാരം റിട്ടയര്‍ ചെയ്യുന്ന ജീവനക്കാരന് കാലാകാലങ്ങളിലുള്ള പെന്ഷന് പരിഷ്ക്കരണ ആനുകൂല്യങ്ങള്‍, ക്ഷാമാശ്വാസം മുതലായവ ലഭിക്കുമോ, അതോ ഒരു നിശ്ചിത തുകയുടെ വരുമാനം കൊണ്ട് ജീവിതാവസാനം വരെ കഴിയേണ്ടി വരുമോ? പെന്ഷന് പറ്റിയ ജീവനക്കാരന് മരണപ്പെട്ടാല്‍ അവകാശിക്ക് ഫാമിലി പെന്ഷന് ലഭിക്കുന്നതിനുള്ള എന്ത് വ്യവസ്ഥയാണ് ഉള്ളത്.
കേരളത്തിലെ പെന്ഷന് ബാധ്യത വര്‍ദ്ധിക്കുന്നു എന്ന് വിലപിക്കുന്ന സര്‍ക്കാര്‍ 74 വയസ് ആയുര്‍ദൈര്‍ഘ്യമുള്ള സംസ്ഥാനത്ത് പെന്ഷന് പ്രായം കേന്ദ്രനിരക്കിലെങ്കിലും 60 വയസ്സായി വര്‍ദ്ധിപ്പിച്ച് പെന്ഷന് ബാധ്യത കുറയ്ക്കുന്നതിന് പകരം സംസ്ഥാന ജീവനക്കാരെ 56 വയസ്സില്‍ വീട്ടിലിരുത്തി പെന്ഷന് നല്‍കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്. ഇക്കാര്യങ്ങളിലെല്ലാം സംസ്ഥാന സര്‍ക്കാരിന് യാതൊരുവിധ മറുപടിയും നല്കുവാന് സാധിക്കുന്നില്ല.
ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്കും സര്‍ക്കാരിനും വന്‍ സാമ്പത്തിക ബാദ്ധ്യതയും സുരക്ഷിതത്വമില്ലായ്മയും സൃഷ്ടിക്കുന്ന ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ അടിയന്തരമായി പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നു.
>> പി. സുനില്‍കുമാര്‍ (കേരള എന്‍ജിഒ സംഘ് ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: