ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബസില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ അഭിമുഖം പുറത്തുവിട്ട സ്വകാര്യ ചാനലായ സീ ന്യൂസിനെതിരെ പോലീസ് കേസെടുത്തു. 228-ാം വകുപ്പ് പ്രകാരം ദല്‍ഹി വസന്ത് വിഹാര്‍ പോലീസാണ് ചാനലിനെതിരെ കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടിയെ തിരിച്ചറിയുന്ന വിധത്തിലുള്ള ചില വിവരങ്ങള്‍ അഭിമുഖത്തിലൂടെ പുറത്തായതിനാലാണ് ചാനലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇരയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്താകുന്നത് നിയമം മൂലം വിലക്കിയിട്ടുണ്ട്. അതേസമയം, പെണ്‍കുട്ടിയുടെ സുഹൃത്ത് മുന്നോട്ടു വന്നതുകൊണ്ടാണ് അഭിമുഖമെടുത്തതെന്ന് സീ ന്യൂസ് അറിയിച്ചു.
കഴിഞ്ഞമാസം 16നാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. ഡിസംബര്‍ 16ന് രാത്രി ബസിലുണ്ടായ സംഭവത്തെക്കുറിച്ച് ഒരു മാധ്യമത്തിന് ഈ സുഹൃത്ത് അഭിമുഖം നല്‍കിയതാണ് ഏറ്റവും പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു സ്വകാര്യ ചാനലിന് മുന്നില്‍ സുഹൃത്ത് അവീന്ദ്ര പാണ്ഡെ പ്രത്യക്ഷപ്പെടുന്നത്. സ്വകാര്യ ചാനലായ സീ ന്യൂസാണ് അഭിമുഖം പുറത്തുവിട്ടത്. അവളെ രക്ഷിക്കാന്‍ കഴിയുമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് ആദ്യമായി സുഹൃത്ത് അഭിമുഖത്തില്‍ പറഞ്ഞത്. അന്ന് രാത്രിയിലുണ്ടായ സംഭവങ്ങളെക്കുറിച്ച് വികാരാധീനനായാണ് അവീന്ദ്ര പറഞ്ഞത്.
പീഡനത്തിനുശേഷം ബസില്‍ നിന്നും വലിച്ചെറിയപ്പെട്ട തങ്ങളെ രക്ഷിക്കാന്‍ ഇന്ന് പ്രതിഷേധത്തിന്റെ കൊടിപിടിക്കുന്നവര്‍ ആരും തയ്യാറായില്ല. പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച്ച ഉണ്ടായതായും അവീന്ദ്ര തുറന്നടിച്ചു. സംഭവത്തിനുശേഷം വിവരം പോലീസിനെ അറിയിച്ചിട്ടും മണിക്കൂറുകള്‍ക്കുശേഷമാണ് ഇവര്‍ സ്ഥലത്തെത്തി തങ്ങളെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ സംഭവം വിളിച്ചറിയിച്ചതിനുശേഷം നാല് മിനിറ്റുകള്‍ക്കുള്ളില്‍ തങ്ങള്‍ സ്ഥലത്തെത്തിയെന്നാണ് ദല്‍ഹി പോലീസ് അന്ന് വിശദീകരിച്ചത്.
വിവസ്ത്രരായി പുറത്തെറിയപ്പെട്ട തങ്ങള്‍ മണിക്കൂറുകളോളം റോഡരികില്‍ കിടന്നു. സഹായത്തിനായി കെഞ്ചിയപ്പോള്‍ ആരും തിരിഞ്ഞുനോക്കിയില്ല. ഓട്ടോക്കു കൈകാണിച്ചപ്പോള്‍ ആരും നിര്‍ത്താന്‍ തയ്യാറായില്ല. അവസാനം ഉച്ചത്തില്‍ കരഞ്ഞു. കരച്ചില് കേട്ട് വണ്ടി നിര്‍ത്തി തങ്ങളെ നോക്കിയതല്ലാതെ ആരും സഹായിക്കാനും തയ്യാറായില്ലെന്നും അവീന്ദ്ര വെളിപ്പെടുത്തി. അടുത്ത് ആശുപത്രി ഉണ്ടായിരുന്നിട്ടും രണ്ട് കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലാണ് പോലീസുകാര്‍ എത്തിച്ചത്. നേരത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ അവള് രക്ഷപ്പെടുമായിരുന്നുവെന്നും അവീന്ദ്ര നിറകണ്ണുകളോടെ പറഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോള്‍ ഒരു വസ്ത്രം പോലും നല്കാന് ആരും തയ്യാറായില്ല. അവസാനം അവിടുത്തെ തൂപ്പുകാരനാണ് ഒരു പുതപ്പ് നല്‍കിയത്.
സംഭവം നടന്ന അന്നുമുതല്‍ എല്ലാവരും തെരുവിലാണ്. കാര്യങ്ങള്‍ എല്ലാവരുടേയും ഭാവനയ്ക്കനുസരിച്ച് പടച്ചുവിടുകയാണ്. ശരിക്കും അന്ന് നടന്നത് എന്താണെന്ന് അറിയിക്കാനാണ് താന്‍ ഈ അഭിമുഖത്തിന് തയ്യാറായത്. കാരണം ഇത് മറ്റാരുടെയെങ്കിലും ജീവന് രക്ഷിക്കാന്‍ സഹായമായാലോ?
പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച്ചയാണ് അന്നുണ്ടായത്. വസ്ത്രം നല്‍കാനോ ആംബുലന്‍സ് വിളിക്കാനോ അവര്‍ തയ്യാറായില്ല. പകരം രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന ഞങ്ങളെ നോക്കി നില്‍ക്കുകയാണ് ചെയ്തത്. ആശുപത്രിയില്‍ എത്തിച്ചതിനുശേഷം വസ്ത്രത്തിനുവേണ്ടി യാചിക്കുകയാണ് ചെയ്തത്. ലോകത്തില്‍ ആര്‍ക്കും ഇത്തരമൊരു ദുരവസ്ഥ ഉണ്ടായിട്ടുണ്ടാകില്ല.
ഭാവിയില്‍ ഇത്തരം സാഹചര്യങ്ങളില്‍ ഇരകള്‍ക്ക് പോലീസ് സഹായം നല്‍കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുകയാണ് ആദ്യം വേണ്ടത്. സര്‍ക്കാര്‍ ആശുപത്രി തിരഞ്ഞ് വിലയേറിയ സമയം കളയുകയല്ല വേണ്ടത്. സാക്ഷികളെ കേസിന്റെ പേരില്‍ പീഡിപ്പിക്കരുത്. മെഴുകുതിരി കത്തിച്ചതുകൊണ്ടൊന്നും ഈ നാട്ടിലെ രാജ്യത്തെ ജനങ്ങളുടെ മാനസികാവസ്ഥയില്‍ മാറ്റം വരില്ല. മറ്റുള്ളവരെ സഹായിക്കുവാനുള്ള മനസാണ് ആദ്യം ഉണ്ടാകേണ്ടത്. അവള് നമ്മുടെ എല്ലാവരുടേയും കണ്ണ് തുറപ്പിക്കുകയാണ് ചെയ്തത്. തുടര്‍ന്നുള്ള പോരാട്ടത്തില്‍ അവളുടെ പേര് നല്‍കുന്നത് അവള്‍ക്ക് നമ്മള് നല്കുന്ന ശ്രദ്ധാഞ്ജലിയായിരിക്കുമെന്നും അവീന്ദ്ര പാണ്ഡെ സീ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: