ന്യൂദല്‍ഹി: നിക്ഷേപക മന്ത്രിസഭാ സമിതിയില്‍ നിന്നും പ്രധാനപ്പെട്ട മന്ത്രിമാരെ ഒഴിവാക്കിയതായി ആക്ഷേപം. വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ് ഈ സമതി. ഭൂമി ഏറ്റെടുക്കല്‍, തൊഴിലാളികളുമായുള്ള പ്രശ്നം എന്നിങ്ങനെ നിരവധി കാരണങ്ങള്‍ക്കൊണ്ട് രാജ്യത്തെ വിവിധ വ്യവസായ പദ്ധതികള്‍ക്ക് കാലതാമസം നേരിടുകയാണ്. പാരിസ്ഥിതിക അനുമതി ലഭിക്കാന്‍ വൈകുന്നതും ഇതിനൊരു കാരണമാണ്. ഈ കാരണത്താല്‍ ഇതുമായി ബന്ധപ്പെട്ട മന്ത്രിമാരെയെല്ലാം ഈ സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. എന്നാല്‍ ഇവരെ നിക്ഷേപക മന്ത്രിസഭാ സമിതിയില്‍ അംഗങ്ങളായി ഉള്‍പ്പെടുത്തിയിട്ടില്ല.
കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് സമിതിയിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. അതേ സമയം പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി കിഷോര്‍ ചന്ദ്ര ഡിയോയെ സമിതി അംഗമായി ഉള്‍ക്കൊള്ളിക്കുകയോ പ്രത്യേകം ക്ഷണിക്കുകയോ ചെയ്തിട്ടില്ല. വന്‍കിട പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന് വേണ്ടി രൂപീകരിക്കുന്ന ദേശീയ നിക്ഷേപക ബോര്‍ഡിനെ ശക്തമായി എതിര്‍ത്തവരില്‍ ഒരാളാണ് ഇദ്ദേഹം.
ഗ്രാമ വികസന മന്ത്രി ജയറാം രമേശ്, തൊഴില്‍ മന്ത്രി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, തുടങ്ങിയവര്‍ നിക്ഷേപക മന്ത്രിസഭാ സമിതിയില്‍ ഉള്‍പ്പെട്ടിട്ടില്ല. 15 അംഗ സമിതിയില്‍ നാല് പേര് പ്രത്യേകം ക്ഷണിക്കപ്പെട്ടവരാണ്. ഷിപ്പിംഗ് മന്ത്രി ജി.കെ.വാസന്, ഉരുക്ക് മന്ത്രി ബേനി പ്രസാദ് വര്‍മ തുടങ്ങിയവരും സമിതിയില്‍ അംഗങ്ങളല്ല. കേന്ദ്ര കൃഷി മന്ത്രി ശരത് പവാര്‍, പൊതു സംരംഭക, വ്യവസായ മന്ത്രി പ്രഫുല്‍ പട്ടേല്‍, ജലവിഭവ വകുപ്പ് മന്ത്രി ഹരീഷ് റാവത്ത് തുടങ്ങിയവര്‍ സമിതി അംഗങ്ങളാണ്. പ്രധാനമന്ത്രി മന്മോഹന് സിംഗാണ് നിക്ഷേപക മന്ത്രി സഭാ സമിതിയുടെ തലവന്‍. ദേശീയ നിക്ഷേപക ബോര്‍ഡ് എന്നാണ് ഈ സമിതിയ്ക്ക് ആദ്യം നല്‍കിയിരുന്ന പേര്. ജയന്തി നടരാജന് പുറമെ ആസൂത്രണ കമ്മീഷന് ഡപ്യൂട്ടി ചെയര്മാന് മോണ്ടേക് സിംഗ് ആലുവാലിയ, വൈദ്യുതി സഹമന്ത്രി ജ്യോതിരാദിത്യസിന്ധ്യ, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി മനീഷ് തിവാരി എന്നിവര്‍ക്കാണ് സമിതിയിലേക്ക് പ്രത്യേകം ക്ഷണം ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: