Categories: Kerala

വിവാദങ്ങളില്‍ മുടന്തി കേന്ദ്രസര്‍ക്കാര്‍; വാടകയിനത്തില്‍ പാഴാകുന്നത്‌ ലക്ഷങ്ങള്‍

Published by

കാസര്‍കോട്‌: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷം ഇന്ന്‌ ശിലാസ്ഥാപനം നടക്കുന്ന കാസര്‍കോട്ടെ കേന്ദ്രസര്‍വ്വകലാശാല പ്രഖ്യാപനം നടന്ന്‌ മൂന്നര വര്‍ഷത്തിനു ശേഷവും ശൈശവദശയില്‍. സെന്‍ട്രല്‍ യൂണിവേഴ്സിറ്റീസ്‌ ആക്ട്‌ പ്രകാരം 2009ല്‍ കാസര്‍കോട്ടുള്‍പ്പെടെ 16 കേന്ദ്ര സര്‍വ്വകലാശാലകളാണ്‌ അനുവദിക്കപ്പെട്ടത്‌. അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ക്യാംപസ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ വിവാദങ്ങളില്‍പ്പെട്ട്‌ മുടന്തുകയായിരുന്നു കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാല. നായന്മാര്‍മൂലയിലും പടന്നക്കാട്ടുമുള്ള വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലയ്‌ക്ക്‌ ഒരു മാസം വാടകയിനത്തില്‍ നഷ്ടമാകുന്നത്‌ പത്ത്‌ ലക്ഷത്തിലധികം രൂപയാണ്‌. ഏഴ്‌ ഹോസ്റ്റലുകളുടെയും രണ്ട്‌ ഗസ്റ്റ്‌ ഹൗസുകളുടെയും വാടക ഇതിനുപുറമെയാണ്‌. സ്വന്തം കെട്ടിടമെന്ന സര്‍വ്വകലാശാലയുടെ സ്വപ്നം സര്‍ക്കാര്‍ അനാസ്ഥമൂലം നീളുമ്പോള്‍ ലക്ഷങ്ങളാണ്‌ പൊതു ഖജനാവില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്‌. കേരളത്തിലും ബീഹാറിലും മാത്രമാണ്‌ ക്യാംപസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാതിരിക്കുന്നത്‌.

2009 ജൂണിലാണ്‌ കാസര്‍കോട്ട്‌ കേന്ദ്രസര്‍വ്വകലാശാല അനുവദിക്കപ്പെട്ടത്‌. നായന്മാര്‍മൂലയിലെ വാടകകെട്ടിടത്തില്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. തുടക്കം മുതല്‍ തന്നെ വിവാദത്തിന്റെ ചുഴിയിലായിരുന്നു സര്‍വ്വകലാശാല. സ്ഥലമനുവദിക്കുന്നതിനെ ചൊല്ലിയായിരുന്നു ആദ്യ തര്‍ക്കം. 500 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ നല്‍കണമെന്നായിരുന്നു നിബന്ധന. പെരിയയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷനുകീഴിലുള്ള 310 ഏക്കര്‍ കഴിഞ്ഞ സര്‍ക്കാര്‍ സര്‍വ്വകലാശാലയ്‌ക്ക്‌ അനുവദിച്ചു. എന്‍ഡോസള്‍ഫാന്‍ തളിച്ച ഭൂമിയെന്ന കാരണത്താല്‍ മാസങ്ങള്‍ പാഴായെങ്കിലും ഭൂമിഏറ്റെടുക്കാന്‍ തന്നെ അധികൃതര്‍ തീരുമാനിച്ചു. സര്‍വ്വകലാശാലയ്‌ക്ക്‌ സ്ഥലം കൈമാറാന്‍ സര്‍ക്കാര്‍ പിന്നെയും കാലതാമസമെടുത്തു. ഒടുവില്‍ 2012 മാര്‍ച്ച്‌ 18ന്‌ ഭൂമി കൈമാറി. ബാക്കി സ്ഥലം സംബന്ധിച്ച്‌ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുമില്ല.

കേന്ദ്രമന്ത്രിമാരെ കിട്ടാനില്ലെന്ന വിചിത്രവാദവുമായി ശിലാസ്ഥാപനത്തിന്‌ മാസങ്ങള്‍ കാത്തിരിക്കേണ്ടിവന്ന സര്‍വ്വകലാശാലാ അധികൃതരെയാണ്‌ പിന്നീട്‌ കണ്ടത്‌. സ്ഥലം കൈമാറിയിട്ട്‌ ഒന്‍പത്‌ മാസങ്ങള്‍ക്കുശേഷമാണ്‌ ഇപ്പോള്‍ ശിലാസ്ഥാപനം നടക്കുന്നത്‌. വാടകയിനത്തില്‍ ഒരു കോടിയില്‍പ്പരം രൂപയാണ്‌ അനാഥമായതും. മൂന്ന്‌ പ്രാവശ്യം ശിലാസ്ഥാപനചടങ്ങ്‌ നിശ്ചയിച്ചിരുന്നുവെങ്കിലും അന്നത്തെ കേന്ദ്രമാനവവിഭവശേഷി മന്ത്രി കപില്‍സിബലിന്റെ അസൗകര്യം മൂലം മാറ്റി വയ്‌ക്കുകയായിരുന്നുവെന്ന്‌ സര്‍വ്വകലാശാല അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 17ന്‌ ശിലാസ്ഥാപനം നടക്കുമെന്നായിരുന്നു കേന്ദ്രം ആദ്യം അറിയിച്ചത്‌. അവസാന നിമിഷം പുതിയ തീയതി പോലും പ്രഖ്യാപിക്കാതെ ചടങ്ങ്‌ ഒഴിവാക്കുകയായിരുന്നു. പിന്നീട്‌ സപ്തംബര്‍ 18നും ഒക്ടോബര്‍ 31നും പരിപാടി നിശ്ചയിച്ചുവെങ്കിലും ഒരുക്കങ്ങള്‍ക്കിടെ അതും പിന്‍വലിക്കുകയായിരുന്നു. കേന്ദ്ര സര്‍വ്വകലാശാലയ്‌ക്ക്‌ കീഴില്‍ അനുവദിക്കപ്പെടുമെന്ന്‌ പ്രതീക്ഷിക്കുന്ന മെഡിക്കല്‍ കോളേജ്‌ എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ തീവ്രത ഏറ്റവുമധികം അനുഭവിക്കുന്ന കാസര്‍കോട്ടു തന്നെയായിരിക്കുമെന്ന്‌ ഉറപ്പിച്ചിരുന്നു. എന്നാല്‍ തുടക്കം മുതല്‍ക്കുതന്നെ പത്തനംതിട്ടയിലേക്ക്‌ മെഡിക്കല്‍ കോളേജ്‌ മാറ്റാന്‍ നീക്കം നടന്നിരുന്നു. തിരുവല്ലയില്‍ കേന്ദ്ര സര്‍വ്വകലാശാലയ്‌ക്ക്‌ പത്തേക്കര്‍ അനുവദിക്കപ്പെട്ടതോടെ സംശയം ബലപ്പെടുകയും ചെയ്തു. പ്രതിഷേധമുയര്‍ന്നപ്പോള്‍ മെഡിക്കല്‍ കോളേജ്‌ കാസര്‍കോട്ട്‌ തന്നെ സ്ഥാപിക്കുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

അധ്യാപക-അനധ്യാപക നിയമനങ്ങളും വിവാദത്തിലാണ്‌ കലാശിക്കുന്നത്‌. നിയമനങ്ങളിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന്‌ ആവശ്യമുയര്‍ന്നിട്ടുണ്ട്‌. ഇത്‌ സംബന്ധിച്ച നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തിയിട്ടുണ്ട്‌. മാനദണ്ഡങ്ങള്‍ പാലിക്കാതെ അനര്‍ഹരെ തിരുകി കയറ്റിയെന്നാണ്‌ ആരോപണം.

>> കെ.സുജിത്ത്‌

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by