കാലടി: അനുഭവത്തില്‍നിന്ന് പ്രചോദനം നേടിയവയല്ല ഇന്നത്തെ കച്ചവടസിനിമ എന്നും ജീവിതത്തെ ആഭാസമായി ചിത്രീകരിക്കുന്ന അവ കണ്ടും കേട്ടും മടുത്ത കാര്യങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്നും വിഖ്യാത ചലച്ചിത്രകാരനായ അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ മലയാള വിഭാഗത്തില്‍ എറുഡൈറ്റ് പ്രോഗ്രാമിന്റെ ഭാഗമായി മൂന്ന് ദിവസത്തെ ‘സിനിമയും സാഹിത്യവും’ എന്ന പ്രഭാഷണ പരമ്പരയിലെ ആദ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജീവിതത്തെ ഉപരിതലത്തില്‍ മാത്രം ചിത്രീകരിക്കുന്ന കച്ചവട സിനിമ ബാഹ്യചലനങ്ങള്‍ മാത്രമുള്ള, മനസില്ലാത്ത കഥാപാത്രങ്ങളെയാണ് പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുന്നത്. അക്രമവും ഹിംസയും അതിഭാവുകത്വം നിറഞ്ഞ വികാരങ്ങളും നിരന്തരം അവതരിപ്പിച്ച് സമൂഹത്തിന്റെ മൂല്യബോധത്തെത്തന്നെ അവ ദുര്‍ബലപ്പെടുത്തുന്നു. ദല്‍ഹിയില്‍ പെണ്‍കുട്ടിക്ക് നേരെ നടന്നതുപോലുള്ള സംഭവങ്ങള്‍ക്ക് കാരണം സമൂഹത്തിന്റെ മൂല്യബോധം നഷ്ടപ്പെടുന്നതുകൊണ്ടാണ്. മനുഷ്യത്വവും ആര്‍ദ്രവികാരങ്ങളും ഉണ്ടാകുന്നത് മോശമാണെന്നും ഹിംസാത്മകതയും ആക്രമണോത്സുകതയുമാണ് പുരുഷലക്ഷണമെന്നും ഉള്ള സന്ദേശമാണ് ഇത്തരം സിനിമകള്‍ നല്‍കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന് കുറ്റപ്പെടുത്തി.
മലയാളത്തില്‍ ടെലിവിഷന്‍ സംസ്കാരം വ്യാപകമായത് നല്ല സിനിമക്ക് ഹാനികരമായി. മികച്ച സിനിമകള്‍ക്ക് അല്പം പോലും അവസരം കൊടുക്കാന്‍ അവ തയ്യാറാകുന്നില്ല. മികച്ച നിലവാരവും സാമൂഹിക പ്രസക്തിയുമുള്ള ധാരാളം ഡോക്യുമെന്ററികള്‍ ഇന്ന് ഉണ്ടാവുന്നുണ്ട്. അവക്ക് ഇടം നല്കാന് നമ്മുടെ ചാനലുകള്‍ തയ്യാറാവുന്നില്ല. കച്ചവട സിനിമയുടെ തിരക്കഥകള്‍ ഇന്ന് ധാരാളമായി വിറ്റുപോകുന്നുണ്ട്. സീരിയലിന് തിരക്കഥയെഴുതാന്‍ പരിശീലിക്കുന്നവര്‍ അതിനുള്ള വക കിട്ടുമോ എന്നറിയാനാണ് ഇത്തരം പുസ്തകങ്ങള്‍ വാങ്ങുന്നത്, അദ്ദേഹം പറഞ്ഞു.
പ്രോ വൈസ്ചാന്‍സലര്‍ ഡോ. സുചേതാ നായര്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനംചെയ്തു. മലയാളവിഭാഗം തലവന്‍ പ്രൊഫ. കെ.എസ്. രവികുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. വത്സലന്‍ വാതുശ്ശേരി, വിഷ്ണുരാജ്. പി, ആന്‍സി എ്ന്നിവര്‍ സംസാരിച്ചു. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ സഹായത്തോടെയാണ് പ്രഭാഷണ പരമ്പര നടക്കുന്നത്.
ഇന്ന് രാവിലെ 10.30 ന് ‘സിനിമയുടെ സാഹിത്യം’ എന്ന വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: