മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്ക് സുബൈര്‍ ഗോകര്ണിനേയും കല്പന കൊച്ചാറിനേയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇരുവരും ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു മേധാവിയായിട്ടുള്ള സമിതിയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. ധനകാര്യ സേവന വകുപ്പ് സെക്രട്ടറി ഡി.കെ.മിത്തലും സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ലോക ബാങ്കിന്റെ ദക്ഷിണേഷ്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടകയുടെ പദവിയാണ് കല്‍പ്പന കൊച്ചാര്‍ വഹിക്കുന്നത്. ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണറായ ഗോകര്ണിന്റെ മൂന്ന് വര്‍ഷ കാലാവധി നവംബറില്‍ അവസാനിച്ചുവെങ്കിലും ഒരു മാസത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു. ഇദ്ദേഹത്തെ വീണ്ടും ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നതിനോട് അനുകൂല നിലപാടാണ് ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു സ്വീകരിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
ധനകാര്യ മന്ത്രി ഈ കമ്മറ്റിയുടെ ശുപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കേണ്ടതുണ്ട്.
ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവേഴ്സിന്റെ ചീഫ് ഇക്കണോമിസ്റ്റായിരുന്നു ഗോകര്ണ്. ക്രിസില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ ചീഫ് ഇക്കണോമിസ്റ്റ് എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
യുഎസിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ധനതത്വ ശാസ്ത്രത്തില്‍ പിഎച്ച്ഡി എടുത്തിട്ടുള്ള കല്‍പ്പന കൊച്ചാര്‍ അന്താരാഷ്ട്ര നാണ്യ നിധി(ഏഷ്യ-പസഫിക്) ഡിവിഷന് മേധാവിയായും മുതിര്‍ന്ന ഉപദേഷ്ടകയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: