കൊച്ചി: വിദേശനിക്ഷേപശക്തികള്ക്ക് ജാലകം മലര്‍ക്കെ തുറക്കുകയും സ്വദേശി വിപണിയ്ക്ക് പ്രഹരവുമേകിയതാണ് ഇന്ത്യയുടെ 2012 വാണിജ്യ വര്‍ഷം. അഴിമതിയും വിവാദവും സൃഷ്ടിച്ച് രാഷ്ട്രീയ അന്ധതയുടെ മറവില്‍ വിദേശിയ്ക്ക് കൂടുതല്‍ അവസരമേകിക്കൊണ്ടുള്ള നയമായിരുന്നു 2012 ല്‍ ഭാരതം ദര്‍ശിച്ചത്. വാണിജ്യ വ്യവസായ മേഖലകള്‍ക്കൊപ്പം നിക്ഷേപ-ബാങ്കിംഗ് മേഖലയും തുറന്നിട്ടുകൊണ്ട് 2012 ഇന്ത്യ സ്വദേശികള്‍ക്ക് വന്‍ പ്രഹരമാണ് നല്‍കിയത്. സബ്സിഡി വെട്ടിക്കുറച്ച് വില വര്‍ധന സൃഷ്ടിച്ചും വിദേശശക്തികള്‍ക്ക് അടിയറവെച്ച് ചില്ലറ വില്‍പ്പന മേഖലയും ബാങ്കിംഗ് രംഗവും ഓഹരി വിപണിയും തുറന്നു നല്‍കിയും സ്വകാര്യ-കോര്‍പ്പറേറ്റ് ശക്തികള്‍ക്കായി നയങ്ങള്‍ തിരുത്തിയും പൊതുജനങ്ങള്‍ക്കുമേല്‍ അധിക സാമ്പത്തിക ഭാരമേകിയ ഇന്ത്യന്‍ ഭരണകൂടം 2012 ന്റെ അന്ത്യത്തില്‍ നല്കിയ മുന്നറിയിപ്പ് കടുത്ത സാമ്പത്തിക പ്രഹരത്തിന്റെ വരുംനാളുകളെയാണ്. അനിയന്ത്രിതമായ നാണയപ്പെരുപ്പവും തളര്‍ന്ന വളര്‍ച്ചാ നിരക്കും വര്‍ധിച്ച ധനകമ്മിയും തിരിച്ചടിയേകിയ കാലാവസ്ഥയില്‍ തളര്‍ന്ന കാര്‍ഷിക മേഖലയും 2012 വര്‍ഷം ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയായി മാറി.
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളെ വിഫലമാക്കി ബാങ്കുകള്‍ പലിശനിരക്കില്‍ കുറവ് വരുത്താത്തതും നിത്യോപയോഗ സാധന വില വര്‍ധനവും സാധാരണ ജനങ്ങള്‍ക്ക് ജീവിത ചെലവുകള്‍ കനത്ത പ്രഹരമാക്കി മാറ്റുകയാണ് ചെയ്തത്. വ്യാവസായിക തളര്‍ച്ച തുടരുന്നതും വാണിജ്യ മേഖലയിലെ വിലക്കുതിപ്പും കയറ്റുമതിയിലെ തളര്‍ച്ചയും ഇറക്കുമതി രംഗത്തെ കുതിച്ചുച്ചാട്ടവും 2012 ന്റെ പ്രഹരമായി മാറി. അനിയന്ത്രിതമായി കുതിച്ചുയര്‍ന്ന സര്‍ക്കാര്‍ ചെലവുകളും ബജറ്റ് പ്രതീക്ഷകളുടെ തിരിച്ചടിയും ഭരണകൂടത്തെ കടുത്ത സാമ്പത്തിക നിയന്ത്രണത്തിന് പ്രേരണയേകിയപ്പോള് വീണ്ടുവിചാരമില്ലാത്ത സര്‍ക്കാര്‍ സമീപനങ്ങള്‍ ആശ്വാസത്തേക്കാളേറെ ആശങ്കയുടെ നാളുകളാണ് ജനത്തിന് നല്‍കിയത്. പൊതുമേഖലയിലെ കമ്പനികളുടെ ഓഹരികള്‍ വില്‍പ്പന നടത്തുകയെന്നതായിരുന്നു കഴിഞ്ഞകാലങ്ങളില്‍ ഭരണകൂടം നടത്തിയതെങ്കില്‍ 2012 ലിത് വിദേശിക്ക് വരവേല്‍പ്പ് നല്കുന്ന നയത്തിന്റെതാക്കി ഭരണകൂടം മാറ്റുകയും ചെയ്തു. ആഗോള റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് 125 കോടി നല്കി എന്ന് തുറന്ന് പറഞ്ഞ 2012 വര്‍ഷത്തില്‍ ചില്ലറ വില്‍പ്പന മേഖലയില്‍ നൂറ് ശതമാനം വിഹിതം വിദേശനിക്ഷേപകര്‍ക്ക് അനുവദിച്ചുകൊണ്ടുള്ള ബില്ലവതരിപ്പിച്ച് പാസ്സാക്കി. യുപിഎ-കോണ്‍ഗ്രസ് ഭരണകൂടം സ്വദേശി വില്പ്പനമേഖലയെ ഇല്ലായ്മ ചെയ്യുന്നതിന് തയ്യാറാകുകയും ചെയ്തു.
ഇന്ധനവില നിയന്ത്രണം ഭാഗികമായി ഓയില്‍ കമ്പനികള്‍ക്ക് നല്‍കിയതിന് പിന്നാലെ സബ്സിഡി വെട്ടിക്കുറച്ച് ഇന്ധന വില വര്‍ധിപ്പിച്ചും പാചകവാതക സിലിണ്ടറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയും നടത്തിയ സാമ്പത്തിക നിയന്ത്രണ പ്രക്രിയ സാധാരണക്കാരന് വന്പ്രഹരമാണുണ്ടാക്കിയത്. ഓയില്‍ കമ്പനികളുടെ ലാഭനേട്ടത്തില്‍ നടത്തിയ പരിഷ്ക്കരണം ഫലത്തില്‍ കോര്‍പ്പറേറ്റ് സ്വകാര്യ ശക്തികള്‍ക്ക് വന്‍ നേട്ടമാണുണ്ടാക്കിയതെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തിയത്. ഇന്ധന വില വര്‍ധനവിന്റെ പ്രഹരം വാണിജ്യ വ്യാപാര മേഖലയില്‍ കടത്തുകൂലിക്കും ഉല്‍പ്പാദന ചെലവിലുണ്ടായ കുതിച്ചുച്ചാട്ടം വിപണിയില്‍ വന്‍ വില വര്‍ധനവിനും ഇടയാക്കി. ഇത് രാജ്യത്തെ നാണയപ്പെരുപ്പ നിരക്കിന്റെ വര്‍ധനവിനും ഇടയാക്കി. 2011 ലെ നാണയപ്പെരുപ്പത്തിനെക്കാള് രണ്ട് ശതമാനത്തിന്റെ വര്‍ധനവാണ് 2012 ലെ നാണയനിരക്കിലുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു.
സാമ്പത്തിക പരിഷ്ക്കരണ നടപടികള്‍ രാജ്യത്തെ വളര്‍ച്ചാ നിരക്കിന് വന്തിരിച്ചടിയേകിയതാണ് അന്താരാഷ്ട്ര സംഘടനകളടക്കമുള്ളവരുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2011-12 വര്‍ഷം നേടിയ സാമ്പത്തിക വളര്‍ച്ചാ നിരക്കായ 7.5 ശതമാനത്തില്‍നിന്നും 2012-13 വര്‍ഷം വളര്‍ച്ചാ നിരക്ക് 5.5-6.00 ശതമാനത്തിലും കുറയുമെന്ന് വിലയിരുത്തല്‍. ഇന്ത്യയുടെ ഏഴ് വര്‍ഷം മുതലുള്ള വളര്‍ച്ചാനിരക്കിന്റെ നിലവാരമാണിത്. വ്യാവസായിക-ഉല്‍പ്പാദന-ഖനന മേഖലയിലെ തളര്‍ച്ച ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്ക്കുപരിയായി ഈ മേഖലയെ സ്വകാര്യ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് തീറെഴുതി നല്‍കാനാണ് രാജ്യത്തെ ഭരണകൂടം 2012 വര്‍ഷം തയ്യാറായതെന്ന് വിവിധ മേഖലയില്‍നിന്നുള്ള വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ബാങ്കിംഗ് നോഡല്‍ ഏജന്‍സിയായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ നിരന്തര പരാജയം പ്രകടമാക്കിയ വര്‍ഷമാണ് 2012. നാല് ഘട്ടങ്ങളിലായി നടന്ന സാമ്പത്തിക അവലോകനത്തില്‍ റിപ്പോ, റിവേഴ്സ് റിപ്പോ, സിആര്ആര്നിരക്കുകളില് കുറവ് വരുത്തിയിട്ടും ബാങ്കിംഗ് മേഖലയില്‍ കാര്യമായ പ്രതിഫലനമേല്ക്കാതെ പലിശാ നിരക്കുകളും വളര്‍ച്ചാ നിരക്കുകളും മാറ്റമില്ലാതെ തുടര്‍ന്നത് സാധാരണക്കാരന് വിപരീത ഫലമാണുണ്ടാക്കിയതെന്ന് ചൂണ്ടിക്കാട്ടുന്നു. ബാങ്കിംഗ് മേഖല കൂടുതല്‍ തുറന്നു നല്‍കിയും വിദേശ നിക്ഷേപത്തിന് ബാങ്കുകള്‍ക്ക് അവസരമേകിയും നടത്തിയ ബാങ്കിംഗ് പരിഷ്ക്കരണ ബില്‍ പാസ്സാക്കാന്‍ ഇന്ത്യയുടെ ബാങ്കിംഗ് രംഗം ഭാവിയില്‍ വന്‍ വെല്ലുവിളി നേരിടുന്നതിന് വഴിവെക്കുകയാണ് ചെയ്യുകയെന്ന് പ്രമുഖര്‍ പറയുന്നു.
പൊതുമേഖലാ ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിക്കേണ്ട ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം പ്രതീക്ഷിച്ച് നടപ്പിലാക്കുന്ന വികസനപദ്ധതികള്‍ തിരിച്ചടി നേരിടുമ്പോള്‍ രക്ഷ നേടാന്‍ റെയില്‍വേയും ഊര്‍ജ്ജ മേഖലയടക്കമുള്ള രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങള്‍ സ്വകാര്യ മേഖലയ്ക്കായി തുറന്നു നല്കുന്ന കാഴ്ചയാണ് 2012 ല്‍ ഇന്ത്യന്‍ ഭരണകൂടം പ്രകടമാക്കിയ നയങ്ങളില്‍ ഏറെയുമെന്നാണ് ജനകീയ സംഘടനകള്‍ പറയുന്നത്. ആഭ്യന്തര വിപണിയില്‍ സ്വദേശികള്‍ക്ക് തിരിച്ചടി നല്കുന്ന ഭരണകൂടം 2012 വിദേശ വിപണനരംഗത്ത് വന്‍ പരാജയം ഏറ്റുവാങ്ങുന്ന കാഴ്ചയും പ്രകടമായിരുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ അമിതമായി വിപണിയിലെത്തുന്നത് തടയുവാന്‍ പരാജയപ്പെട്ടതും കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ വിദേശ വിപണിയില്‍ നേരിടുന്ന ഭരണകൂട നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതില്‍ പരാജയപ്പെട്ടതും 2012ല്‍ പ്രകടമായിരുന്നു. അമേരിക്ക, ജപ്പാന്, ഇറ്റലി, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ ഉണ്ടാക്കിയ നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ കയറ്റുമതി മേഖലയില്‍ വന്‍ ആഘാതമാണ് സൃഷ്ടിച്ചത്. മാത്രമല്ല, ആഭ്യന്തര ഉപഭോഗം പരിഗണിക്കാതെ അരി, പഞ്ചസാര, ഗോതമ്പ്, ധാന്യങ്ങള്‍ അടക്കമുള്ളവയുടെ കയറ്റുമതി പ്രോത്സാഹനവും നിയന്ത്രണം ഒഴിവാക്കലും ഇന്ത്യയുടെ ആഭ്യന്തര വിപണിയില്‍ വില വര്‍ധനവിനും പൂഴ്ത്തിവെയ്പ്പിനും ഇടയാക്കിയതും 2012 ന്റെ വിശേഷങ്ങളാണ്.
സാമ്പത്തിക പരിഷ്ക്കരണ പരിപാടികളും ഭരണകൂട പരാജയവും വിപണിയില്‍ സൃഷ്ടിച്ച വില വര്‍ധന പല ഇനങ്ങളുടേയും മുന്‍കാല റെക്കോര്‍ഡു വിലകളെയാണ് മറികടന്നത്. നിത്യോപയോഗ സാധന വിലയില്‍ 2011 വര്‍ഷത്തേക്കാള്‍ മുപ്പത് ശതമാനം വില വര്‍ധനവാണ് വിപണിയില്‍ പ്രകടമായത്. സ്വര്‍ണം, വെള്ളി തുടങ്ങിയവയുടെ വിലയിലും വന്‍ വര്‍ധനവുണ്ടായി. സ്വര്‍ണം ന്യൂയോര്‍ക്ക് വിപണിയില്‍ വര്‍ഷാരംഭത്തില്‍ ഔണ്‍സിന് (31.1 ഗ്രാം) 1553 ഡോളറില്‍നിന്നും വാര്‍ഷിക ഇടപാടില്‍ 1780 ഡോളര്‍ വരെയായി വര്‍ധിച്ചുവെങ്കിലും വര്‍ഷാവസാനം 1655 ഡോളറായി കുറയുകയും ചെയ്തു. (2011 സപ്തംബര്‍ ആറില്‍ 1944 ഡോളറാണ് റെക്കോര്‍ഡ്). ആഭ്യന്തര സ്വര്‍ണ വിപണിയില്‍ സ്വര്‍ണവില പുതിയ റെക്കോര്‍ഡിടുകയും ചെയ്തു. 2012 ജനുവരിയില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് മുംബൈ വിപണി വില 26,850 രൂപയില്‍നിന്ന് 2012 സപ്തംബറില്‍ 32,400 രൂപയെന്ന റെക്കോര്‍ഡിട്ട സ്വര്‍ണം വര്‍ഷാന്ത്യത്തില്‍ 30,655 രൂപ വിലനിലവാരത്തിലെത്തുകയും ചെയ്തു. കേരളത്തില്‍ സ്വര്‍ണവില 2012 ജനുവരിയില്‍ പവന് 22,840 രൂപയില്‍നിന്നും സപ്തംബര്‍ ആദ്യവാരം പവന് 24,160 രൂപ എന്ന പുതിയ റെക്കോര്‍ഡിലെത്തുകയും വര്‍ഷാന്ത്യം പവന് 22,340 രൂപയിലെത്തുകയും ചെയ്തു. വെള്ളി വില 2011 ഏപ്രിലിലെ റെക്കോര്‍ഡ് വിലയായ 75,000 രൂപ (കിലോയ്ക്ക്ാമറികടക്കാനായില്ല. 2012 ജനുവരിയില്‍ വെള്ളി വില കിലോയ്ക്ക് 52,000 രൂപയെന്നത് വില വര്‍ധനവിലൂടെ 64,000 രൂപവരെയെത്തിയെങ്കിലും വര്‍ഷാവസാനം 57,500 രൂപയിലെത്തി ക്ലോസ് ചെയ്യുകയും ചെയ്തു.
രൂപയുടെ മൂല്യത്തില്‍ 2012 വര്‍ഷം ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. 2012 സപ്തംബറില്‍ ഡോളറിനെതിരെ 57 രൂപ 15 പൈസ നിലവാരത്തിലെത്തിയ രൂപയുടെ മൂല്യത്തകര്ച്ചനേരിടാന് ആര്‍ബിഐ ആറ് തവണ ഡോളര്‍ വില്‍പ്പനയ്ക്ക് തയ്യാറായത് ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ വന്‍ ആശങ്കയാണുയര്‍ത്തിയത്.
ക്രൂഡ് ഓയില്‍ വിപണിയിലെ വില നിലവാരം ഇന്ത്യയ്ക്ക് വേണ്ടത്ര മെച്ചം കൊയ്യുവാന്‍ കഴിഞ്ഞില്ല. 2012 വര്‍ഷാരംഭത്തില്‍ ബാരലിന് 128-132 ഡോളര്‍ നിരക്കില്‍നിന്നും വര്‍ഷാന്ത്യം 110 ഡോളര്‍ നിരക്കിലേക്ക് വില കുറഞ്ഞുവെങ്കിലും ആഭ്യന്തര ഇന്ധന ഉപഭോഗ വര്‍ധനവും രൂപയുടെ മൂല്യത്തകര്‍ച്ചയും ഡോളറിന്റെ മൂല്യമേറിയതും കൂടുതല്‍ എണ്ണ ഇറക്കുമതിയും ഇന്ത്യക്ക് തിരിച്ചടിക്ക് കാരണമാവുകയും ചെയ്തു. ഒപ്പം അന്താരാഷ്ട്ര നയത്തിന്റെ ഭാഗമായുള്ള ഇറാന്റെ ഉപരോധത്തിലെ ഇന്ത്യന്‍ നയവും ക്രൂഡ് ഓയില്‍ വിപണിയിലെ ഗുണം ഇന്ത്യയ്ക്ക് ഗുണകരമായില്ല.
ഓഹരി വിപണിയില്‍ 2012 നേട്ടത്തിന്റേതായി മാറി. 2012 ആദ്യത്തെ ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി സൂചിക 4,800 പോയിന്റില്‍നിന്ന് വര്‍ഷാന്ത്യം 5908 പോയിന്റിലെത്തി. 1208 പോയിന്റ് നേടുകയും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 2012 ജനുവരിയിലെ 15700 ല്‍നിന്നും വര്‍ഷാന്ത്യം 19444 പോയിന്റ് നിലവാരത്തിലെത്തി 3744 പോയിന്റ് നേട്ടം കൈവരിച്ചതും വന്‍ കുതിപ്പിന്റെ പ്രകടനമായി മാറി. ബാങ്കിംഗ് ഓഹരി സൂചികയിലും 1000 പോയിന്റിന്റെ നേട്ടമാണ് 2012 വര്‍ഷം നേടിയത്.
ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയമാറ്റവും നിയന്ത്രണവും സാമ്പത്തിക പരിഷ്ക്കരണവും 2012 വര്‍ഷം ഇന്ത്യക്ക് ആഭ്യന്തര വിപണിയേക്കാളേറെ വിദേശ നിക്ഷേപകര്‍ക്കും കോര്‍പ്പറേറ്റ് ശക്തികള്‍ക്കും സ്വകാര്യ മേഖലയ്ക്ക് ഗുണകരമാകുന്ന ഒന്നായി മാറിയപ്പോള്‍ സ്വദേശികള്‍ക്കും സാധാരണക്കാര്‍ക്കും 2012 വര്‍ഷം വില വര്‍ധനവിന്റേയും ആശങ്കയുടേയും വെല്ലുവിളികളുടേയും ദുരിതത്തിന്റേയും വര്‍ഷമായാണ് ഭരണകൂട നയങ്ങള്‍ സമ്മാനിച്ചത്.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: