ചെന്നൈ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. ട്വന്റി-20 പരമ്പര സമനിലയില്‍ കലാശിച്ചതിനാല്‍ തല്ക്കാലം മുഖം രക്ഷിച്ചാകും ധോണി ഇന്ന് പുതിയ പടപ്പുറപ്പാടിന് ഇറങ്ങുക.
ആദ്യ മത്സരത്തിന് ഇരുടീമുകളും തയ്യാറെടുത്തുകഴിഞ്ഞു. എന്നാല്‍ ഇന്നത്തെ മത്സരത്തിന് മീതെ മഴ കുടചൂടി നില്‍ക്കുമെന്ന മുന്നറിയിപ്പ് ആരാധകരില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്. മഴദൈവങ്ങള്‍ കനിഞ്ഞാല്‍ ആദ്യപോരാട്ടത്തിന് ചെന്നൈയില്‍ എരിവേറും.
ട്വന്റി-20യിലെ ഫോമും സാധ്യതയും പരിശോധിച്ചാല്‍ ഇന്ത്യ മികച്ച നിലയിലേക്ക് എത്തിയിരിക്കുകയാണെന്ന് കാണാം. കുട്ടിക്രിക്കറ്റിലെ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ ഓപ്പണിംഗ് മികച്ചതായിരുന്നു. ആദ്യ മത്സരത്തില്‍ മധ്യനിരക്ക് താളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ സ്ഥിതി മാറി. മധ്യനിര ഉണര്‍ന്നു. ഒപ്പം യുവരാജിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും കൂടിയായപ്പോള്‍ വിജയം പാക്കിസ്ഥാന് എത്തിപ്പിടിക്കാവുന്നതിനേക്കാള്‍ മുകളിലായി.
ഏകദിന മത്സരത്തില്‍ മികച്ച കൂട്ടുകെട്ടുകള്‍ക്കാണ് പ്രാധാന്യം. വീരേണ്ടര്‍ സെവാഗിന്റെ തിരിച്ചുവരവോടെ ഇന്ത്യന്‍ ഓപ്പണിംഗ് കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് കരുതപ്പെടുന്നത്. മധ്യനിരയില്‍ വിരാട് കോഹ്ലിയും യുവരാജ്സിംഗും രോഹിത് ശര്‍മ്മയും റെയ്നയും പ്രതീക്ഷ നല്കുന്നു. ഇതിനും പുറമെയാണ് ധോണിയുടെ പ്രകടനം.
തുടക്കം ഗംഭീരമായാല്‍ ഒടുക്കം വന്‍ റണ്‍വേട്ട നടത്താന്‍ മധ്യനിരക്കാവും. ബൗളിംഗാവും ഇന്ത്യയെ കുഴക്കുന്ന ഏക പ്രശ്നം. ശരാശരി നിലവാരം പുലര്‍ത്തുന്നത് അശ്വിന് മാത്രമാണ്. മേറ്റ്ല്ലാവരും തങ്ങളുടെ ദിവസത്തിനായി കാത്തിരിക്കുന്നവരാണ്. മികച്ച ഫീല്‍ഡിംഗ് കൊണ്ട് റണ്ചോര്ച്ച തടയുകയാവും ഇന്ത്യ അവലംബിക്കേണ്ട തന്ത്രം.
മറുവശത്ത് മികച്ച മുന്‍നിര ബാറ്റിംഗ്കരുത്തുമായാണ് പാക്നിര തയ്യാറെടുത്തിരിക്കുന്നത്. മിസ്ബാ ഉള് ഹഖിന്റെ നേതൃത്വത്തില്‍ പരമ്പര നേട്ടംതന്നെയാണ് അവര്‍ ലക്ഷ്യമിടുന്നത്. യൂനിസ്ഖാനും ടീമിലെത്തിയിട്ടുണ്ട്. മികച്ച ബൗളിംഗും പുറത്തെടുക്കുന്ന പാക് നിര മഴ തടസമായില്ലെങ്കില്‍ വിജയം മാത്രം ലക്ഷ്യമിട്ടാകും കളത്തിലിറങ്ങുക. രാവിലെ ഒന്‍പത് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: