ന്യൂദല്‍ഹി: വടക്കേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെടുന്ന കൊടുംശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ 24 മണിക്കുറിനിടയില്‍ കുറഞ്ഞത് 30 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഉത്തര്‍പ്രദേശിലെ പല പ്രദേശങ്ങളിലും അന്തരീക്ഷ ഊഷ്മാവ് നാല് ഡിഗ്രിയില്‍ താഴെയാണ്.സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്ച കനത്തു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് വീടില്ലാത്തവര്‍ക്ക് പുതപ്പും കമ്പിളിയും വിതരണം ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 15 ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ വിതരണം സര്‍ക്കാര്‍ ആരംഭിച്ചു. വീടില്ലാത്തവര്‍ക്ക് താമസിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കി കൊടുക്കുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ശീതക്കാറ്റ് രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് അറിയിച്ചിട്ടുണ്ട്.തണുപ്പ് സഹിക്കാനാകാതെ ബീഹാറില്‍ വ്യാഴാഴ്ച 11 പേര് മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. പഞ്ചാബില്‍ മൂന്ന് മരണവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഹിമാചല്‍ പ്രദേശില്‍ പല സ്ഥലങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടായി. ത്രിപുരയില്‍ മൂന്ന് പേര് വീതവും മരിച്ചു.
ത്രിപുരയില്‍ കനത്ത മൂടല്‍മഞ്ഞില്‍ അകപ്പെട്ട വാഹനം കൂട്ടിയിടിച്ചാണ് മൂന്ന് പേര് മരിച്ചത്. തലസ്ഥാനമായ ദല്‍ഹിയില്‍ ശരാശരി 16.6 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്താറുളള സമയമാണ് ഇപ്പോള്‍. പക്ഷേ അതിലും താഴ്ന്ന താപനിലയാണ് ഇപ്പോള്‍. കാശ്മീര്‍ താഴ്വരയിലെ കാര്‍ഗില്‍, ദ്രാസ്, ഗുല്‍മാര്‍ഗ് മേഖലകളില്‍ കനത്ത മഞ്ഞു വീഴ്ച്ച തുടരുന്നു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വെള്ളിയാഴ്ച 70 സെന്റീമീറ്റര്‍ മഞ്ഞു വീഴ്ച്ച ഉണ്ടായതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. കന്സല്വാനില് 86 സെന്റീമീറ്ററും ദ്രാസില്‍ 20ഉം ഗുല്‍മാര്‍ഗില്‍ 21 ഉം കാര്‍ഗിലില്‍ 6 സെന്റീമീറ്ററും മഞ്ഞു വീഴ്ച്ച ഉണ്ടായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച ഉച്ചവരെ മേഖലയില്‍ കനത്ത മഞ്ഞു വീഴ്ച്ച തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ സോനം ലോട്ടസ് പറഞ്ഞു. അതിനിടെ പുതുവല്‍സര ആഘോഷങ്ങള്‍ക്കായി കാശ്മീരിലേക്ക് നിരവധി സഞ്ചാരികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: