എന്‍സിസിയുടെ ദേശീയ ട്രക്കിംഗ് ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ അഞ്ച് എന്‍സിസി കേഡറ്റുകള്‍ മലയാറ്റൂരിലെ മഹാഗണിത്തോട്ടത്തിന് സമീപത്തെ പുഴയില്‍ മുങ്ങിമരിച്ചത് ഇത് ഈ സ്ഥലത്ത് നടക്കുന്ന ആദ്യ ദുരന്തമല്ല. പത്ത് വര്‍ഷത്തിനിടെ ഈ പുഴയില്‍ പൊലിഞ്ഞത് അമ്പത് ജീവനുകളാണ്. സമീപത്തെ പുഴ കാലറ്റംവരെ മാത്രം വെള്ളമുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ്. സ്ഥലഭംഗി കണ്ട് ഫോട്ടോയെടുക്കാന്‍ പാറപ്പുറത്ത് കയറിയ ഒരു വിദ്യാര്‍ത്ഥിയാണ് ആദ്യം പുഴയില്‍ വീണത്. സഹപാഠിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മറ്റ് നാലുപേരുംകൂടി പുഴയില്‍ വീണ് മരിക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ടവര്‍ ദല്‍ഹി ഡയറക്ടറേറ്റില്‍നിന്നുള്ള കേഡറ്റുകളാണ്. ട്രക്കിംഗ് ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ കുട്ടികള്‍ക്കാണ് അപകടമരണം സംഭവിച്ചത്. പുഴയുടെ നടുവില്‍ കമ്പുകള്‍ നാട്ടി അപായസൂചന നല്കുന്ന റിബണ്‍ വലിച്ചുകെട്ടിയിരുന്നത് വകവയ്ക്കാതെ ഇറങ്ങിയ കുട്ടികളാണ് ശക്തമായ അടിയൊഴുക്കില്‍പ്പെട്ട് മരണത്തെ പുല്കിയത്. ഒഴുക്കില്‍പ്പെട്ട കുട്ടികളെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പുഴയില്‍ വീണ മൂന്നുപേരെ വനസംരക്ഷണസമിതി സെക്യൂരിറ്റി ഗാര്‍ഡും സംഘവും മുങ്ങിയെടുത്തെങ്കിലും ആശുപത്രിയിലേക്ക് പോകുംവഴി മരണമടഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്തിയ ആംബുലന്‍സില്‍ ഓക്സിജന്‍ സൗകര്യമില്ലാതിരുന്നതും മരണകാരണമായി. ക്ഷുഭിതരായ നാട്ടുകാര്‍ മലയാറ്റൂര്‍ സെന്ത്തോമസ് ആശുപത്രിയില്‍നിന്നും എത്തിയ ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത് തടഞ്ഞു.
ഇത് മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി പ്രതിഷേധിച്ച നാട്ടുകാര്‍ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാമെന്ന വാഗ്ദാനം നല്‍കിയതിന് ശേഷമാണ് മൃതദേഹം നീക്കിയത്. സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കുവാന് എന്‍സിസി ഡയറക്ടറേറ്റിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മുങ്ങിമരണങ്ങള്‍ സാധാരണയായ ഈ സ്ഥലത്ത് അപകടമേഖലയായിട്ടും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തത് തെളിയിക്കുന്നത് അധികൃതരുടെ അനാസ്ഥയാണെന്നായിരുന്നുവെന്ന് നാട്ടുകാരുടെ പരാതി ന്യായീകരിക്കാവുന്നതാണ്. ഈ മേഖല അപകടസാധ്യതയുള്ളതാണെന്ന് അനേകം മരണങ്ങള് തെളിയിച്ചിട്ടും യാതൊരു സുരക്ഷാ സംവിധാനങ്ങളോ കാവല്ക്കാരോ ഇവിടെയില്ല. മഹാഗണി തോട്ടത്തിനരികെയുള്ള പുഴ വിനോദസഞ്ചാരികളുടെ ഇഷ്ടമേഖലയാണ്. കഴിഞ്ഞ ബുധന്‍ കേരളത്തിന് ദുരന്ത ബുധനായിരുന്നു. കേരളത്തിലും കേരള-കര്‍ണാടക അതിര്‍ത്തിയിലും സംഭവിച്ച അപകടങ്ങളില്‍ മരിച്ചത് ഇരുപതോളം പേരാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ കനത്ത പരാജയമാണ്. സപ്തതി കഴിഞ്ഞ രണ്ട് കാവല്‍ക്കാരും പേരിനൊരു ബോര്‍ഡും ഒഴിച്ചാല്‍ മറ്റൊരു മുന്നറിയിപ്പോ സുരക്ഷാ സംവിധാനമോ ഇവിടെയില്ല. വിദ്യാര്‍ത്ഥികള്‍ ട്രക്കിംഗിന്റെ ഹരത്തില് സ്വയരക്ഷ വിസ്മരിക്കുന്നവരാണ്. മരിച്ച വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനക്കാരാണ്. ക്യാമ്പ് കഴിയുന്നതുവരെ ബന്ധപ്പെട്ടവര്‍ മുന്‍കരുതല്‍ എടുക്കേണ്ടിയിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രതിരോധ മന്ത്രാലയവുമായി ബന്ധമുള്ള എന്‍സിസി വിഭാഗം ക്യാമ്പ് നടത്തിപ്പില്‍ മതിയായ ജാഗ്രത പാലിച്ചില്ലെന്നാണ് ഈ മരണം തെളിയിക്കുന്നത്.
അധികൃതര്‍ ഇത്തരം പരിശീലനങ്ങള്‍ അപരിചിതമായ സ്ഥലത്ത് നടക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. അധികൃതരുടെ ഈ നിസ്സംഗതക്കെതിരെയാണ് ജനരോഷം ഉയര്‍ന്നത്. കേരളത്തിലെ പുഴകള്‍ വിനോദസഞ്ചാരികളായെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപകടക്കെണിയാണ്. പുറമെ ശാന്തമാണെങ്കിലും മണല്‍വാരലും മറ്റും മൂലം കുഴികളും ചുഴികളും ധാരാളമാണ്. വെള്ളം വിദ്യാര്‍ത്ഥികള്‍ക്ക് ഹരമായതിനാല്‍ അവര്‍ ഈ പുഴകളിലേക്കും ചാടി അപകടപ്പെടുന്നത് ഇന്ന് തുടര്‍ക്കഥയാണ്. നീന്തല്‍ അറിയാവുന്നവര്‍പോലും കയങ്ങളില്‍പ്പെട്ട് മരണമടയുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിവിധ പുഴയോരങ്ങളില്‍ സംസ്ഥാനത്ത് പത്ത് പേരോളം മുങ്ങിമരിച്ചിട്ടുണ്ട്. ഇങ്ങനെ അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ഇത് അന്വേഷണം പ്രഖ്യാപിക്കലില്‍ ഒതുങ്ങുകയും വിദ്യാര്‍ത്ഥികള്‍ വിനോദയാത്രക്ക് പോയി മരണത്തിനിരയാകുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങള്‍ സാധാരണയാകുമ്പോള് അപകടമേഖലയായ പുഴയോരങ്ങളില്‍ സംരക്ഷണഭിത്തി കെട്ടാനോ, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കോനോ വനംവകുപ്പോ സര്‍ക്കാരോ തയ്യാറായിട്ടില്ല. ഈ ദുരന്തത്തിലും അന്വേഷണത്തിന് ഉത്തരവിറങ്ങി. തേക്കടി ബോട്ട് ദുരന്തം നിരവധിപേരുടെ ജീവനെടുത്തു. പക്ഷേ അന്വേഷണം ഇഴഞ്ഞു. വാട്ടര്‍ ടൂറിസമുള്ള കേരളത്തില്‍ ജലവിനോദ മേഖലയിലെ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: