ന്യൂദല്‍ഹി: എസ്പി -കോണ്‍ഗ്രസ് നാടകത്തിന്റെ രണ്ടാം ദിവസവും കേന്ദ്ര സര്‍ക്കാരിന് ‘വിജയം.’ പട്ടിക ജാതി വര്‍ഗ്ഗ വിഭാഗക്കാരുടെ ജോലിക്കയറ്റത്തില്‍ സംവരണം നല്കുന്ന ബില്ലിന് ഇത്തവണയും രക്ഷയില്ല. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ രാജ്യസഭയില്‍ 206 ന് 10 എതിര്വോട്ടോടെ പാസായ സംവരണ ബില്ലാണ് സര്‍ക്കാര്‍ എസ്പിയുമായി ഒത്തുകളിച്ച് ഈ ലോക്സഭ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പോലും ആവാത്ത രീതിയിലുള്ള ക്ലൈമാക്സിലേക്ക് സഭാ നടപടികളെ കൊണ്ടെത്തിച്ചത്. ലക്ഷ്യം നിലനില്പ്പാണെങ്കിലും ബില്ല് പാസാക്കാത്തതിലൂടെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെയാണ് വഞ്ചിച്ചിരിക്കുന്നത്.
അതേസമയം, രാജ്യസഭയില്‍ ബില്ലിനെ പിന്തുണച്ച പ്രതിപക്ഷത്തെ ലോക്സഭയില്‍ സംസാരിക്കാന്‍ പോലും ഭരണപക്ഷം അനുവദിച്ചില്ല. ഭേദഗതി വരുത്തിയ ബില്‍ അല്ല സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്ന് പറഞ്ഞ് സംസാരിക്കാന്‍ എഴുന്നേറ്റ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയെ സംസാരിക്കാന്‍ അനുവാദിക്കാത്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇത് ഉര്‍വശി ശാപം ഉപകാരം പോലെ കണ്ട സര്‍ക്കാര്‍ ഇന്നത്തേക്ക് സഭ അവസാനിപ്പിക്കുകയായിരുന്നു.
ബുധനാഴ്ച്ചത്തെ പോലെ സഭാ നടപടികള്‍ ആവര്‍ത്തിച്ച് നിര്‍ത്തിവച്ച് സമയം കഴിക്കുക എന്നതായിരുന്നു സഭയ്ക്ക് ആദ്ധ്യക്ഷം വഹിച്ചവര്‍ ചെയ്തത്. 11 ന് ചേര്‍ന്ന സഭ രണ്ടു പ്രാവശ്യത്തെ നിര്‍ത്തി വയ്ക്കലിനു ശേഷം ഒന്നരയ്ക്കാരംഭിച്ചു. ബഹളം കാരണം വീണ്ടും നിര്‍ത്തി വച്ച സഭ നാലുമണിക്ക് ആരംഭിച്ചെങ്കിലും തുടരാനായില്ല. പിന്നീട് അഞ്ചരയ്ക്ക് ആരംഭിച്ചെങ്കിലും അവസ്ഥ അതുതന്നെ. രാവിലെ സഭ ആരംഭിച്ചതിനു ശേഷം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി വി.നാരായണസ്വാമി ബില്‍ അവതരിപ്പിക്കാന്‍ എഴുന്നേറ്റതോടെ മുദ്രാവാക്യങ്ങളും ബഹളവുമായി എസ്.പി നേതാക്കള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പി.എല്‍.പുനീയ ബില്ലിനെ പിന്തുണച്ച് സംസാരിക്കാന്‍ ആരംഭിച്ചു. എന്നാല്‍ തങ്ങളുടെ ആവശ്യപ്രകാരം വരുത്തിയ ബില്‍ അല്ല സഭയില്‍ അവതരിപ്പിക്കുന്നതെന്ന് പറഞ്ഞ് സംസാരിക്കാനവസരം ചോദിച്ചെങ്കിലും പ്രസംഗംനിര്ത്താതെ പുനിയ പ്രതിപക്ഷത്തെ അപമാനിക്കുകയായിരുന്നു. എസ്്.പി നേതാക്കള്‍ ബഹളം തുടര്‍ന്നുകൊണ്ടിരുന്നതിനാല്‍ സഭ നിര്‍ത്തി വച്ചു. ഉച്ചയ്ക്ക് ചേര്‍ന്നപ്പോള്‍ പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയെ അപമാനിച്ചതിലുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം സഭയെ അറിയിച്ചു. ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ബഹളംവയ്ക്കുകയും സഭയുടെ നടുത്തളത്തിലിറങ്ങുകയും ചെയ്തു. എസ്പി അംഗങ്ങളും ബഹളംവച്ചതോടെ സഭവീണ്ടും തടസ്സപ്പെട്ടു. പിന്നീട് അഞ്ചരയ്ക്ക് വീണ്ടും ചേര്‍ന്നെങ്കിലും അവസ്ഥപഴയതു തന്നെ. അങ്ങനെ ഈസമ്മേളനത്തിലും സംവരണബില്ല് പാസായില്ല. ഏതാണ്ട് വനിതാ ബില്ലിന്റെ അവസ്ഥ.
പരസ്പരം ചെളി വാരിയെറിഞ്ഞും മുഷ്ടി ചുരുട്ടിയും എന്നാല്‍ ആരുടേയും ദേഹം നോവിക്കാതെ രംഗം കൊഴുപ്പിച്ച കോണ്‍ഗ്രസ്-എസ്.പി എം.പിമാര്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ സഭയില്‍ അതേപടി അവതരിപ്പിക്കുകയായിരുന്നു സമ്മേളനത്തിന്റെ അവസാന രണ്ടു നാളുകളില്‍ ചെയ്തത്. പുറത്തു നിന്ന് പിന്തുണയ്ക്കുന്ന സമാജ് വാദി(എസ്.പി) പാര്‍ട്ടിയുടേയും ബഹുജന്‍ സമാജ് വാദി(ബി.എസ്.പി) പാര്‍ട്ടിയുടേയും പിന്തുണ നഷ്ടപ്പെടാതിരിക്കുക എന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യം. പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചില്ലെങ്കില്‍ ബി.എസ്.പിയും ബില്‍ പാസാക്കിയാല്‍ എസ്.പിയും സര്‍ക്കാരിന് നല്കുന്ന പുറത്തുനിന്നുള്ള പിന്തുണ പിന്‍വലിക്കുമെന്നു വന്നപ്പോഴായിരുന്നു ഇത്തരിലുള്ള നാടകം ടെന്‍ ജന്‍പഥില്‍ രൂപം കൊണ്ടത്. ബിഎസ്പി അദ്ധ്യക്ഷ മായാവതിയുടെ അന്ത്യശാസനയുടെ ഫലമായിട്ടായിരുന്നു ഇന്നലെ സമാപിച്ച ശീതകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. എന്നാല്‍ പട്ടികജാതി വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള സംവരണം വന്നാല്‍ എസ്പിയുടെ ശക്തി കേന്ദ്രമായ ഉത്തര്‍പ്രദേശില്‍ പിന്നോക്കക്കാരുടേയും പരമ്പരാഗത മുസ്ലീം വോട്ടുകളും നഷ്ടമാകുമെന്ന ഭീതിയാണ് എസ്പിയെ ബില്ലിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. എസ്പിയുടെ ഇതേ ഭയം കോണ്‍ഗ്രസിനുമുണ്ട്. പിന്നോക്കക്കാര്‍ കൈയ്യില്‍ നിന്നു പോകുമോ എന്ന പേടി. അതേസമയം ബില്ല് പാര്‍ലമെന്റില്‍ എത്തിച്ചുവെന്നും വരുത്തണം. അതേസമയം തിങ്കളാഴ്ച്ച ലോക്സഭയില്‍ പാസായ ബാങ്കിങ് നിയമ ഭേദഗതി ബില്ലും നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന ബില്ലും രാജ്യസഭയില്‍ പാസായി. സിപിഎം നേതാക്കളുടെ എതിര്‍പ്പ് മറികടന്നാണ് നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന ബില്‍ സഭ പാസാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: