അമേരിക്കയിലെ കണക്ടിക്കട്ടിലെ സ്കൂളില്‍ ഇരുപതുകാരന് പിഞ്ചുകുഞ്ഞുങ്ങളെ വെടിവച്ച് കൊന്നെന്ന വാര്‍ത്ത സൃഷ്ടിച്ച ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. അമേരിക്കയുടെ ഹൃദയം തകര്‍ന്നെന്ന പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസ്താവന മാത്രം മതി ദുരന്തത്തിന്റെ തീവ്രത മനസ്സിലാക്കാന്‍. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അളവുകോലില്‍ വിലയിരുത്തിയാല്‍ രാജ്യം പരാജയമാണെന്ന് പ്രസിഡന്റ് തുറന്നുസമ്മതിച്ചു. ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ പോലീസ് ചമയുന്ന വന്സാമ്പത്തികശക്തിയായ അമേരിക്കയിലെ വ്യക്തിബന്ധങ്ങളിലെ ശൈഥില്യവും നിസ്സഹായതയും വ്യക്തമാക്കാന്‍ പ്രസിഡന്റ് ഒബാമയുടെ ഈ വാക്കുകള്‍ക്കപ്പുറം മേറ്റ്ന്തുവേണം. അഞ്ചിനും പത്തിനും ഇടയില്‍ പ്രായമുള്ള 20 പിഞ്ചുകുഞ്ഞുങ്ങളാണ് വെടിയേറ്റ് പിടഞ്ഞുവീണത്. കൊലപാതകിയില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ ടോയ്ലറ്റിലും അലമാരകളിലും വരെ അധ്യാപകര്‍ കുട്ടികളെ അടച്ചിട്ടു. ന്യൂ ടൗണിലുള്ള സാന്‍ഡിഹുക്ക് സ്കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. 20 കുട്ടികളും 6 സ്ത്രീകളുമായി 26 പേരുടെ ജീവനാണ് ആഡത്തിന്റെ തോക്കിന്മുനയില് ഒടുങ്ങിയത്.
നിരാശാബോധവും അരക്ഷിതാവസ്ഥയും വേട്ടയാടുന്ന അമേരിക്കയിലെ യുവതലമുറയുടെ പ്രതിനിധിയായി കൊലയാളി ആഡം ലാന്‍സയെ കാണണം. ഉന്നതമായ ജീവിതസാഹചര്യങ്ങളും വേണ്ടത്ര വ്യക്തിസ്വാതന്ത്ര്യവും ലഭിക്കുന്ന അമേരിക്ക പോലുള്ള ഒരു രാജ്യത്ത് അരക്ഷിതാവസ്ഥയും നിരാശാബോധവും തീര്‍ക്കുന്ന മാനസിക പ്രശ്നങ്ങളാല്‍ കൊടുംകുറ്റകൃത്യങ്ങള്‍ നടക്കുന്നത് ഇത് ആദ്യമായിട്ടല്ല. അമ്മയെ വെടിവച്ചുകൊന്ന് അവര്‍ പഠിപ്പിക്കുന്ന സ്കൂളിലെത്തി നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ക്ക് നേരെ നിര്‍ദാക്ഷിണ്യം വെടിയുതിര്‍ക്കണമെങ്കില്‍ എത്ര തീക്ഷ്ണമായ മാനസികവൈകല്യമായിരിക്കും വെറും ഇരുപതാം വയസ്സില്‍ ആഡം ലാന്‍സ നേരിട്ടിരുന്നതെന്ന് ഊഹിക്കണം. ശാന്തനും അസാധാരണ ബുദ്ധിമാനുമായിരുന്നു ആഡം ലാന്സയെന്നാണ് സഹപാഠികളുടെ സാക്ഷ്യപ്പെടുത്തല്‍. സാമൂഹികബന്ധങ്ങളില്ലാതെ ഒതുങ്ങിക്കഴിയുന്ന പ്രകൃതിക്കാരന്. മികച്ച വിജയത്തിനായി അമ്മ ആഡമില്‍ താങ്ങാവുന്നതിനപ്പുറം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും സഹപാഠികള്‍ പറയുന്നു.
ഭര്‍ത്താവിനെ ഉപേക്ഷിച്ച് തോക്കുകളോട് കൂട്ടുകൂടിയ ഒരമ്മയുടെ മകനാണ് ആഡം. അഞ്ച് തോക്കുകളായിരുന്നു ആഡമിന്റ അമ്മ നാന്‍സി ലാന്സയുടെ കൈവശമുണ്ടായിരുന്നത്. തന്റെ ഷൂട്ടിംഗ് ഭ്രമം അവര്‍ മക്കളിലും അടിച്ചേല്‍പ്പിച്ചിരുന്നു. ഷൂട്ടിംഗ് റേഞ്ചുകളിലും ക്ലബ്ബുകളിലും അമിതാവേശത്തോടെ നാന്‍സി മക്കളുമായി എത്തിയിരുന്നത്രെ. എങ്ങനെ വെടിവയ്ക്കണമെന്ന് കുട്ടിക്കാലത്ത് തന്നെ അവര്‍ മക്കളെ പഠിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. 2009 ലാണ് അധ്യാപികയായ നാന്‍സി ഭര്‍ത്താവ് പീറ്റര്‍ ലാന്സയുമായി ബന്ധം വേര്‍പ്പെടുത്തിയത്. അച്ഛനമ്മമാരുടെ വേര്‍പാട് ആഡമില്‍ വലിയ ആഘാതമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു. ആഡമിന്റെ സഹോദരന് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിനാല്‍ വീട്ടില്‍ ആഡമും അമ്മയും തനിച്ചായിരുന്നു. വെള്ളിയാഴ്ച രാവിലെ അമ്മയെ വെടിവച്ച് കൊന്ന ശേഷം ആഡം അമ്മയുടെ മൂന്നു തോക്കുകളുമെടുത്ത് നേരെ സ്കൂളിലെത്തുകയായിരുന്നു. നൂറ് കണക്കിന് വെടിയുണ്ടകള്‍ കരുതിയായിരുന്നു ആഡത്തിന്റെ അന്ത്യയാത്ര. ഒരക്ഷരം പോലും ഉരിയാടാതെയായിരുന്നു കുഞ്ഞുങ്ങള്‍ക്ക് നേരെ ആഡം തുടര്‍ച്ചയായി നിറയൊഴിച്ചത്. ഒടുവില്‍ സ്വയം നിറയൊഴിച്ച് മരിക്കുമ്പോഴും ആഡം ആ മൗനം തുടര്‍ന്നു.
അന്താരാഷ്ട്രതലത്തില്‍ ചാരിത്ര്യപ്രസംഗം നടത്തുന്ന അമേരിക്കയുടെ നിയമങ്ങള്‍ പലതും കുറ്റവാളികളെ വളര്‍ത്തുന്നവയാണ്. പതിനെട്ട് വയസുകഴിഞ്ഞ ആര്‍ക്കും കാര്യമായ പരിശോധനകളൊന്നുമില്ലാതെ തോക്കുവാങ്ങാമെന്നത് അതിന് ഉത്തമോദാഹരണം. ആഡം ലാന്സയുടെ ആക്രമണത്തിന് ശേഷം ഈ നിയമം പിന്‍വലിക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ദുരന്തത്തിന് ശേഷം വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിരുന്നു. പതിനെട്ടു വയസുകഴിഞ്ഞാല്‍ ഉപാധികളില്ലാതെ തോക്ക് വാങ്ങാന്‍ അനുവദിക്കുന്ന എന്ത് സാമൂഹിക അരക്ഷിതാവസ്ഥയാണ് അമേരിക്ക പോലുള്ള ഒരു രാജ്യത്ത് നില നില്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. കൊള്ളയും കൊലപാതകവും പിടിച്ചുപറിയും നടമാടുന്ന ഏതെങ്കിലും അവികസിത രാജ്യത്തായിരുന്നു ഇത്തരത്തിലൊരു നിയമമെങ്കില്‍ അത് മനസ്സിലാക്കാം. പ്രായപൂര്‍ത്തിയായാല്‍ മാതാപിതാക്കളില്‍ നിന്ന് പൂര്‍ണമായും വേര്‍പെട്ട് തീര്‍ത്തും വ്യക്തിപരമായ ജീവിതം നയിക്കുന്നവരാണ് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലധികവും.
കാലത്തിന് അനുസരിച്ച് മാറണമെന്നത് സ്വയം പ്രതിരോധത്തിനുള്ള മാര്‍ഗം മാത്രമല്ല നിലനില്‍പ്പിന് വേണ്ടിയുള്ള വിട്ടുവീഴ്ച കൂടിയാണ്. സാമൂഹിക ചുറ്റുപാടുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും പുറത്തുകടക്കുന്നതും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും കണക്കില്‍പ്പെടുത്തി അഭിമാനിക്കുന്നവര്‍ ധാരാളമുണ്ടാകും. എന്നാല്‍ അമേരിക്കയിലായാലും കേരളത്തിലായാലും നിലവിലെ സമ്പ്രദായങ്ങളില്‍ നിന്ന് അകന്നുജീവിക്കുന്നവര് സ്വയം പ്രശ്നങ്ങള്‍ നേരിടുന്നതിനൊപ്പം മറ്റുള്ളവര്‍ക്കും വന്‍ പ്രശ്നമാകുമെന്നതിന്റെ നേര്‍ക്കാഴ്ചകളാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍. സ്വന്തം ജീവിതം നഷ്ടപ്പെടുത്തി മറ്റുള്ളവരുടെ ജീവിതത്തിലും ദുരന്തം തീര്‍ത്ത് പ്രതിഷേധിക്കുന്നവരാണിവര്‍. അമേരിക്കയുടെ ചരിത്രമെടുത്താല്‍ എണ്ണിപ്പറയാന്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഒരുപാടുണ്ടാകും.
മതത്തിന്റെ പേരില്‍, നഷ്ടപ്രണയത്തിന്റെ പേരില്‍, മാതാപിതാക്കളോടുള്ള വിദ്വേഷത്തിന്റെ പേരില്‍ സമൂഹത്തിനെ ശിക്ഷിക്കുന്നവര്‍.
സാന്‍ഡിഹുക്ക് സ്കൂളിലെ കൂട്ടമരണത്തിന്റെ ആഘാതം മാറുന്നതിന് മുമ്പുതന്നെയാണ് ഓക്ലഹോമയില്‍ ഹൈസ്കൂളില്‍ വെടിവയ്പിന് പദ്ധതിയിട്ട 18 വയസുകാരനെ അറസ്റ്റ് ചെയ്തത്. സ്വന്തം സ്കൂളില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിടുക മാത്രമല്ല ആക്രമണപദ്ധതിയില്‍ ഭാഗമാകാന്‍ കൂട്ടുകാരെ പ്രേരിപ്പിക്കുകയും ചെയ്തു ഈ കൗമാരക്കാരന്. കഴിഞ്ഞ 20 വര്‍ഷത്തെ റിപ്പോര്ട്ടെടുത്താല് അമേരിക്കയിലെ വിവിധ സ്കൂളുകളില്‍ നടന്ന വെടിവയ്പില്‍ നൂറിലേറെ കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. ഈ വര്‍ഷം തന്നെ അമേരിക്കയില്‍ നടന്ന മറ്റ് രണ്ട് പ്രധാന വെടിവയ്പുകളിലായി 18 പേര് കൊല്ലപ്പെട്ടിരുന്നു. 2007ല്‍ വെര്‍ജീനിയ ടെക് സര്‍വ്വകലാശാലയില്‍ ഒരു വിദ്യാര്‍ത്ഥി 32 പേരെ വെടിവച്ച് കൊന്ന വാര്‍ത്തയും ലോകത്തെ നടുക്കിയിരുന്നു.
ചുരുക്കത്തില്‍ സമൂഹമാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്ന പ്രസ്താവന തിരുത്തേണ്ടിയിരിക്കുന്നു. സ്വന്തം വീട്ടില്‍ ചെറുപ്രായത്തില്‍ സാമൂഹികവിരുദ്ധ മനോഭാവത്തോടെ കുട്ടികള്‍ വളരുകയാണ്. സ്നേഹവും സുരക്ഷയും നല്കി ഉത്തമപൗരന്മാരായി മക്കളെ വളര്‍ത്തേണ്ട അച്ഛനുമമ്മയും പ്രതികളാകുന്ന കാഴ്ചയാണ് പലപ്പോഴും. കുരുത്തക്കേട് കാട്ടുന്ന മകനെ വഴക്കുപറഞ്ഞതിന് നോര്‍വേയില്‍ നിയമനടപടികള്‍ നേരിടുന്ന അച്ഛനുമമ്മയുമായിരുന്നു രണ്ടാഴ്ച മുമ്പ് പത്രങ്ങളിലെ തലക്കെട്ടുകള്‍. ചുരുക്കത്തില്‍ സാമൂഹിക വ്യവസ്ഥകളല്ല വ്യക്തിബന്ധങ്ങളാണ് കുഞ്ഞുങ്ങളുടെ മാനസികഘടനയെ ബാധിക്കുന്നതെന്ന് വേണം കരുതാന്‍. സ്വന്തം കുടുംബത്തില്‍ അരക്ഷിതാവസ്ഥ നേരിടുന്നവന് സമൂഹത്തിന്റെ നിയമങ്ങളോട് പുച്ഛം തോന്നിയേക്കാം. ഒന്നിനോടും പ്രതിബദ്ധതയില്ലാതെ വളരുന്ന കുട്ടി ചിലപ്പോള്‍ തോക്കെടുത്തെന്നും വരാം. അത് അമേരിക്കയിലായാലും മേറ്റ്വിടെയായാലും.
>> രതി എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: