ന്യൂദല്‍ഹി: സാമ്പത്തിക ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിസര്‍വ് ബാങ്കിന്റെ മധ്യ പാദ വായ്പാ അവലോകന നയം പുറത്ത് വന്നപ്പോഴും ഫലം നിരാശതന്നെ. ആര്‍ബിഐ മുഖ്യ വായ്പാ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറായില്ല. കരുതല്‍ ധനാനുപാത നിരക്കിലും മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് എട്ട് ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് ഏഴ് ശതമാനമായും തുടരും. സിആര്‍ആര്‍ നിരക്കില്‍ ഈ അവലോകനത്തിലും കുറവ് വരുത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും 4.25 ശതമാനമായിത്തന്നെ നിലനിര്‍ത്തി.
പണപ്പെരുപ്പ നിരക്ക് ഉയരാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ നിരക്കുകള്‍ ഉടന്‍ കുറയ്ക്കാന്‍ സാധ്യമല്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു വ്യക്തമാക്കി. വ്യാവസായിക ലോകത്തുനിന്നും ധന മന്ത്രാലയത്തില്‍ നിന്നും നിരക്കുകളില്‍ കുറവ് വരുത്തണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നിരക്കുകള്‍ കുറച്ചാല്‍ വളര്‍ച്ച വീണ്ടെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ ആവശ്യം ഉന്നയിച്ചിരുന്നത്. റിപ്പോ നിരക്ക് എട്ട് ശതമാനമായി നിലനില്‍ക്കുന്നത് വ്യാവസായിക വളര്‍ച്ച മന്ദഗതിയിലാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്കുമ്പോള് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. ബാങ്കുകളുടെ അധിക ഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നല്കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ നിരക്ക്. ബാങ്കുകള്‍ അവരുടെ നിക്ഷേപത്തിന്റെ ചെറിയൊരു ഭാഗം റിസര്‍വ് ബാങ്കില്‍ കരുതല്‍ ധനമായി നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതുണ്ട്. ഇതാണ് സിആര്‍ആര്‍.
റിസര്‍വ് ബാങ്കിന്റെ മൂന്നാം പാദ വായ്പാ നയ അവലോകന യോഗം ജനുവരി 29 നാണ് നടക്കുക. പണപ്പെരുപ്പ നിരക്കില്‍ നേരിയ തോതില്‍ ഇടിവ് പ്രകടമാകുന്നുണ്ടെങ്കിലും റീട്ടെയില്‍ പണപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്നാണ് നില്‍ക്കുന്നത്. ഭക്ഷ്യേതര വസ്തുക്കളുടെ വിലയിലുള്ള വര്‍ധനവും തുടര്‍ന്നും പണപ്പെരുപ്പം നിലനില്‍ക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് ആര്‍ബിഐ അഭിപ്രായപ്പെട്ടു. അടുത്ത രണ്ട് മാസവും പണപ്പെരുപ്പം ഉയരത്തില്‍ തന്നെ തുടരുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.
അതേസമയം ജനുവരിയില്‍ നടക്കുന്ന മൂന്നാം പാദ വായ്പാ അവലോകന നയത്തില്‍ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്മാന് സി.രംഗരാജന് പറഞ്ഞു. പണപ്പെരുപ്പം ചെറുക്കുക എന്നതാണ് ആര്‍ബിഐയുടെ പ്രധാന ലക്ഷ്യമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് രഘുറാം രാജന് അഭിപ്രായപ്പെട്ടു. നവംബറില്‍ പണപ്പെരുപ്പ നിരക്ക് പത്ത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. 7.24 ശതമാനമായിരുന്നു നവംബറില്‍ പണപ്പെരുപ്പ നിരക്ക്. തൊട്ട് മുമ്പത്തെ മാസം ഇത് 7.45 ശതമാനമായിരുന്നു. പണപ്പെരുപ്പ നിരക്ക് താഴ്ന്നതിനെ തുടര്‍ന്ന് ആര്‍ബിഐ നിരക്കുകള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതേസമയം സാമ്പത്തിക വളര്‍ച്ചാ നിരക്ക് നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപകുതിയില്‍ 5.4 ശതമാനമായി താഴ്ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.3 ശതമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: