പത്തനംതിട്ട : വീട്ടില്‍ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കൊലപ്പെടുത്തി ഗൃഹനാഥനെ ബന്ധനസ്ഥനാക്കി വന്‍ കവര്‍ച്ച നടത്തി. മല്ലപ്പള്ളി ആനിക്കാട് മുറ്റത്തുമാവ് പേക്കുഴി മേപ്പുറത്ത് ജോയി ജോസഫിന്റെ ഭാര്യ ആനി (72) ആണ് കൊല്ലപ്പെട്ടത്. ആനിയുടെ കൈയിലെയും കഴുത്തിലെയും ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടിലെ അലമാര തകര്‍ത്ത നിലയിലാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വീടിന്റെ മുകളിലത്തെ നിലയിലേക്ക് റബര്‍ ഷീറ്റുകള്‍ മാറ്റാന്‍ ഇന്നലെ രാവിലെ 10.30 ഓടെ മൂന്ന് അന്യസംസ്ഥാനക്കാരായ തൊഴിലാളികളെ ജോയി വിളിച്ചിരുന്നു. മുകളിലത്തെ മുറിയില്‍ അടുക്കിവച്ച റബര്‍ഷീറ്റുകള്‍ മറിഞ്ഞുവീണെന്ന് പറഞ്ഞ് ഇവര്‍ ജോയിയെ മുകളിലത്തെ മുറിയിലേക്ക് വിളിക്കുകയും വായ പൊത്തി ബന്ധനസ്ഥനാക്കി ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഒരുവിധത്തില്‍ രക്ഷപ്പെട്ട് ജോയി താഴത്തെ നിലയില്‍ എത്തിയപ്പോള്‍ ഭാര്യയെ കണ്ടില്ല.
സമീപവാസികളെ കൂട്ടി നടത്തിയ തെരച്ചിലിലാണ് വീടിന്റെ താഴത്തെ നിലയിലെ ഹാളിന് സമീപമുള്ള ഇടനാഴിയില്‍ ആനിയെ കമിഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍തന്നെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു. നേരിയ ഹൃദയമിടിപ്പ് മാത്രമുണ്ടായിരുന്ന ആനിയെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജോയി ഇവിടെ ചികിത്സയിലാണ്.
പത്തനംതിട്ടയില്‍നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മണം പിടിച്ച പൊലീസ് നായ വീടിന് പിന്നിലെ റബര്‍തോട്ടത്തിലൂടെ സെന്റ് സ്റ്റീഫന്‍സ് സിഎസ്ഐ പള്ളിക്ക് സമീപമെത്തി അവിടെനിന്ന് പുളിക്കാമല ഭാഗത്തേക്കുള്ള റോഡിലൂടെ ഓടി ഓവുമണ്ണിപ്പടിയിലെത്തി നിന്നു. സംഭവവുമായി ബന്ധപ്പെട്ട് 15ഓളം അന്യസംസ്ഥാന തൊഴിലാളികളെയും കരാറുകാരനെയും പൊലീസ് ചോദ്യംചെയ്തു വരുന്നു. ജില്ല പൊലീസ് ചീഫ് കെ.കെ. ബാലചന്ദ്രന്, ഡിവൈഎസ്പി സാബു പി. ഇടിക്കുള എന്നിവരുടെ നേതൃത്വത്തില്‍ വന്‍പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
ആനി പാടിമണ്‍ കുന്തറ കുടുംബാംഗമാണ്. ജോയി നൂറോന്മാവില്‍ റബര്‍ കട നടത്തുകയാണ്. ആന്‍സി (ന്യൂയോര്‍ക്ക്), അനീഷ് (കുവൈത്ത്), എയ്ഞ്ചല്‍ (കാനഡ) എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: