ന്യൂദല്‍ഹി: ജിഎംആറില്‍ നിന്നും വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം തിരിച്ചുപിടിക്കാന്‍ മാലി സര്‍ക്കാരിന് അധികാരമുണ്ടെന്ന് സിംഗപ്പൂര്‍ സുപ്രീം കോടതി വ്യക്തമാക്കിയതായി മാലി പ്രസിഡന്റിന്റെ വക്താവ് മസൂദ് ഇമാദ്. മാലിദ്വീപിന് അനുകൂലമായിട്ടാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കരാര്‍ റദ്ദാക്കിയ നടപടിയുമായി മുന്നോട്ട് പോകാന്‍ ഈ ഉത്തരവ് ലഭിച്ചതോടെ മാലി ഭരണകൂടത്തിന് സാധിക്കുമെന്നാണ് ഇതിനര്‍ത്ഥമെന്നും ഇമാദ് പറഞ്ഞു. വിമാനത്താവളത്തിന്റെ നിയന്ത്രണം മാലി സര്‍ക്കാര്‍ കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈ നടപടിയെ തുടര്‍ന്ന് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്.
മാലി സര്‍ക്കാര്‍ കരാറില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് മാലി ദ്വീപില്‍ നിക്ഷേപം നടത്തിയിട്ടുള്ള വിദേശ നിക്ഷേപകര്‍ ആശങ്കയിലാണ്. അതേസമയം എയര്‍പോര്‍ട്ടിന്റെ മേല്‍നോട്ട ചുമതല കൈമാറാന്‍ തയ്യാറാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നിഷേധിച്ചു.
ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ കരാര്‍ റദ്ദാക്കിയ നടപടി സിംഗപ്പൂര്‍ ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് അനുസരിക്കാന്‍ തയ്യാറല്ലെന്ന് മാലി പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി മസൂദ് ഇമാദ് വ്യക്തമാക്കിയിരുന്നു.
ജിഎംആര്‍ ഇന്ഫ്രാസ്ട്രക്ചറുമായിട്ടുള്ള കരാര്‍ മാലിദ്വീപ് സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നില്‍ വിദേശ ഇടപെടല്‍ ഉണ്ടായിട്ടുള്ളതായി സംശയിക്കുന്നുവെന്ന് ജിഎംആര്‍ എയര്‍പോര്‍ട്ട് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സിദ്ധാര്‍ത്ഥ് കപൂര്‍ ആരോപിക്കുന്നു. മാലിയില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം ഉറ്റുനോക്കുകയാണെന്നും ഒന്നും തള്ളിക്കളയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാലി എയര്‍പോര്‍ട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 500 ദശലക്ഷം ഡോളറിന്റെ കരാറാണ് ജിഎംആര്‍ 2010 ല്‍ സ്വന്തമാക്കിയത്. കമ്പനിയ്ക്കെതിരെ കടുത്ത നിലപാടെടുത്തതിന് പിന്നില്‍ ചൈനയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ കപൂര്‍ വിസമ്മതിച്ചു.
ചൈനയുടെ സ്വാധീനത്താലാണോ മാലിദ്വീപ് ജിഎംആറിനോട് മാലി വിട്ടുപോകാന്‍ ഉത്തരവിട്ടതെന്ന ആശങ്ക ഇന്ത്യയ്ക്കുമുണ്ട്. മാലിയിലെ അഡു അറ്റോളിലുള്ള ഗന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ചൈനീസ് കമ്പനികള്‍ക്ക് കണ്ണുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാലിയില്‍ ചൈനീസ് നയതന്ത്ര കാര്യാലയം നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തിയിട്ടുമുണ്ട്. കരാര്‍ റദ്ദാക്കിയ നടപടി സിംഗപ്പൂര്‍ ഹൈക്കോടതി സ്റ്റേ ചെയ്തുവെങ്കിലും തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് മാലി സര്‍ക്കാര്‍ വ്യക്തമാക്കിയത്. നഷ്ടപരിഹാരം നല്‍കാമെന്ന മാലി സര്‍ക്കാരിന്റെ വാഗ്ദാനം ജിഎംആര്‍ നിരസിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: