വൈറ്റില: നഗര നവീകരണ പദ്ധതിയുടെ ഭാഗമായി വൈറ്റിലയില്‍ സ്ഥാപിച്ച തട്ടുകടകള്‍ നീക്കം ചെയ്തതായി ആരോപണം. മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തില്‍ നവംബര്‍ 15ന് വൈറ്റില ജംഗ്ഷനില്‍ ആഘോഷപൂര്‍വ്വം തുടങ്ങിയ തട്ടുകളാണ് ഇന്നലെ പ്രദേശത്തെ കൗണ്‍സിലര്‍ സുനിതാ ഡിക്സന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്റെ മേഖലാ ഓഫീസിലെ ജീവനക്കാരും മറ്റും ചേര്‍ന്ന് നീക്കം ചെയ്തത്. മരട് തോട്ടത്തിപറമ്പ്, കളത്തിപ്പറമ്പ് ശോഭാമധു എന്ന സ്ത്രീ ഉള്‍പ്പടെ അഞ്ചുപേര്‍ക്കാണ് കെഎസ്യുഡിപി പദ്ധതി പ്രകാരം അഞ്ചുതട്ടുകള്ക്ക് ലൈസന്‍സ് നല്‍കിയിരുന്നത്. അരലക്ഷം രൂപ ഉപഭോക്തൃ വിഹിതം അടക്കം രണ്ടുലക്ഷമാണ് ഒരു പെട്ടിക്കടയുടെ വില.
തിരക്കേറിയ ജംഗ്ഷനിലെ വണ്ടിപ്പേട്ടയുടെ ഒരു വശത്തായാണ് അഞ്ചോളം തട്ടുകടകള്‍ മോശമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതിനു പകരമായാണ് ഇതേസ്ഥാനത്ത് വൃത്തിയുള്ള ആധുനിക തട്ടുകടകള്‍ തുടങ്ങുവാന്‍ കോര്പ്പറേഷന് മുന്‍ കയ്യെടുത്ത് നടപടി ആരംഭിച്ചത്. തുടര്‍ന്ന് നല്കിയ ഭക്ഷണശാലകളാണ് നഗരസഭയുടെ ഔദ്യോഗിക നിര്‍ദ്ദേശമില്ലാതെ നീക്കം ചെയ്തതെന്നാണ് തട്ടുകടക്ക് ലൈസന്‍സ് ലഭിച്ചിട്ടുള്ളവര്‍ പറയുന്നത്. എന്നാല്‍ ഇതേ സ്ഥാനത്ത് ലൈസന്‍സ് ഇല്ലാത്ത രണ്ടുതട്ടുകടകള് ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
സമീപത്തുസ്ഥാപിച്ചിരിക്കുന്ന ഇ-ടോയ്ലെറ്റുകള് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടിയാണ് തട്ടുകടകള്‍ നീക്കം ചെയ്തതെന്നാണ് വൈറ്റിലയിലെ കൗണ്‍സിലര്‍ സുനിത പറയുന്നത്. എന്നാല്‍ ഇതേ സ്ഥലത്ത് ലൈസന്‍സ് ഇല്ലാതെ വൃത്തിഹീനമായി ഭക്ഷണം പാകം ചെയ്തുനല്കുന്ന തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടില്ലെന്നു നടക്കുന്നത് എന്തുകൊണ്ടെന്ന് സംശയമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. മാത്രവുമല്ല ഇന്നലെ നീക്കം ചെയ്ത ആധുനിക തട്ടുകടകളുടെ സ്ഥാനത്ത് ഇന്നുരാവിലെ മറ്റുചിലര്‍ പുതിയ കടകള്‍ നിര്‍മ്മിക്കുവാനും തുടങ്ങിയിട്ടുണ്ട്.
തട്ടുകടകള്‍ നീക്കം ചെയ്തതിനെതിരെ ലൈസന്‍സി ശോഭ മധു ഇന്നലെ മേയറെ നേരില്‍കണ്ട് പരാതി അറിയിച്ചു. കടകള്‍ മാറ്റുന്നതിനിടെ അതിനകത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങളും മറ്റും നശിപ്പിച്ചതായും പരാതി ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: