അമൃതസര്‍: പാക്കിസ്ഥാന് ഭീകരവാദ സംഘടനയായ താലിബാന്റെ ഭീഷണിയെ തുടര്‍ന്ന് അമൃത്സറിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. പാക്-താലിബാന് ഭീകരന് അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പിലാക്കിയതിന്റെ പ്രതികാരമായി ഇന്ത്യയുടെ ചില പ്രദേശങ്ങളില്‍ ആക്രമണം നടത്തുമെന്ന് താലിബാന് ഭീഷണി മുഴക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് സുവര്‍ണക്ഷേത്രം, ജാലിയന്‍വാലാബാഗ്, ദുര്ഗിയാനാ ക്ഷേത്രം, മറ്റ് ചില പ്രത്യേക സ്ഥലങ്ങള്‍ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ സുരക്ഷാ സേനയെ വിന്യസിച്ചു.
നവംബര്‍ 21 തൊട്ട് 24 വരെയുള്ള നാലു ദിവസങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനും പഞ്ചാബിലെ അമൃത്സര്‍, ഫെറോസ്പൂര്‍ ജില്ലകളും തമ്മില്‍ 1,950 ഫോണ്‍ സംഭാഷണങ്ങള്‍ നടന്നിട്ടുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുള്ളതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. നവംബര്‍ 26 ന് പൂനയിലെ യെര്‍വാദ ജയിലില്‍ അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കി കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഫോണ്‍ കോളുകള്‍ ട്രാക്ക് ചെയ്തു തുടങ്ങിയത്.
സാധാരണയായി ഒരുമാസം പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഫോണ്‍കോള്‍ നിരക്ക് 100 തൊട്ട് 200 വരെ മാത്രമേ വരാറുള്ളൂവെന്നും ബന്ധുക്കളോ കലാകാരന്മാരോ കച്ചവടക്കാരോ ആയിരിക്കും സംഭാഷണം നടത്തുന്നതില്‍ ഏറിയ പങ്കെന്നും എന്നാല്‍ ഈ കോളുകളും നിരീക്ഷണത്തിലാണെന്നും ഇന്റലിജന്‍സ് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്നും ജാഗ്രതാ നിര്‍ദ്ദേശങ്ങളൊന്നും സംസ്ഥാന പോലീസിലേക്ക് ലഭിച്ചിട്ടില്ലെന്നും പ്രശ്ന സാധ്യതാ പ്രദേശങ്ങളില്‍ അവരുടെ ഉദ്യോഗസ്ഥ വൃന്ദം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഏത് തീവ്രവാദ ആക്രമണങ്ങളെ കൈകാര്യം ചെയ്യുന്നതിനും പരാജയപ്പെടുത്തുന്നതിനും തങ്ങള്‍ പ്രാപ്തരാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി സുഖബീര്‍ ബാദല്‍ ടിഒഐയെ അറിയിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പഞ്ചാബിന്റേയും രാജസ്ഥാന്റേയും വിവിധ പ്രദേശങ്ങളില്‍ നിന്നായി 350 ല്‍ അധികം രജിസ്റ്റര്‍ ചെയ്യപ്പെടാത്ത പാക്കിസ്ഥാന് സിം കാര്‍ഡുകള്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തിരുന്നു. ആവശ്യമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും താലിബാന്റെ ഭീഷണിയെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നും അമൃത്സര്‍ പോലീസ് കമ്മീഷണര്‍ റാം സിങ് അറിയിച്ചു. പാക്കിസ്ഥാന് വനപാലകരുമായി ബിഎസ്എഫ് നടത്തിയ ചര്‍ച്ചയില്‍ അവരുടെ ഭാഗത്തുനിന്നുള്ള സുരക്ഷ ഉറപ്പാക്കണമെന്നും ജാഗരൂകരായിരിക്കണമെന്നും ആവശ്യപ്പെട്ടതായി ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ ആദിത്യ മിശ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: