ചില്ലറവ്യാപാര മേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച് പാര്‍ലമെന്റിലെ ഇരു സഭകളിലും വോട്ടെടുപ്പോടെയുള്ള ചര്‍ച്ചക്ക് സര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്. ഇതോടെ ദിവസങ്ങളായി തുടരുന്ന സഭാ സ്തംഭനത്തിന് താത്കാലികാശ്വാസമായി. ബാക്കികാര്യങ്ങള് സര്‍ക്കാരിന്റെ സമീപനത്തിനനുസരിച്ചാണിരിക്കുന്നത്. ലോക്സഭയില്‍ ഈ വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചക്ക് ഇന്നലെ സ്പീക്കര്‍ മീരാകുമാര്‍ അനുമതി നല്‍കുകയായിരുന്നു. ഇതുസംബന്ധിച്ച് ബി.ജെ.പിയും സിപിഎമ്മും സമര്‍പ്പിച്ച നോട്ടീസ് പരിഗണിച്ചാണ് പാര്‍ലമെന്റ് ചട്ടങ്ങളുടെ 184ാം വകുപ്പ് പ്രകാരം ചര്‍ച്ചക്ക് അനുമതി നല്‍കിയതെന്ന് സ്പീക്കര്‍ അറിയിച്ചു. ഇരുസഭകളിലും ചര്‍ച്ച വോട്ടെടുപ്പോടെയാകണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകസഭയിലെ തീരുമാനത്തിനുശേഷവും രാജ്യസഭയില്‍ തീരുമാനമെടുക്കുന്നതിന് സംശയിച്ച് നിന്നു. രാജ്യസഭയിലും വോട്ടെടുപ്പിനായി പ്രതിപക്ഷം ആവശ്യം ശക്തമാക്കിയതോടെ അധ്യക്ഷന്‍ ഹമീദ് അന്‍സാരി വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷി യോഗത്തിലാണ് ചര്‍ച്ച ആവാമെന്ന തീരുമാനത്തിലെത്തിയത്. അടുത്ത ബുധനാഴ്ചയാവും ചര്‍ച്ച.
വ്യാഴാഴ്ച രാവിലെ പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ്, ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് എന്നിവര്‍ മീരാകുമാറുമായി ചര്‍ച്ച നടത്തിയപ്പോഴും ഒരു തീരുമാനത്തിലെത്താന്‍ സര്‍ക്കാര്‍ മടിച്ചു. ഇപ്പോഴത്തെ നിലയില്‍ ലോക്സഭയില്‍ സര്‍ക്കാറിന് മതിയായ അംഗബലം ഒപ്പിച്ചിട്ടുണ്ട്. ബിജെപി, ഇടതുപാര്‍ട്ടികള്‍ എന്നിവക്കു പുറമെ ജനതാദള്‍യു, ബിജെഡി, എഐഎഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവ കൂടിച്ചര്ന്നോല് പോലും സര്‍ക്കാറിന് ഭൂരിപക്ഷമുണ്ട്. എന്നാല്‍, രാജ്യസഭയില്‍ നില ഭദ്രമല്ല. അതുതന്നെയായിരുന്നു രാജ്യസഭയിലെ ചര്‍ച്ചയ്ക്ക് വഴങ്ങാന്‍ സര്‍ക്കാരിന് താമസം വന്നത്. 244 അംഗ സഭയില്‍ യുപിഎക്ക് 95 എം.പിമാര്‍ മാത്രണുള്ളത്. അവിടെ ബിഎസ്പിയും (15) സമാജ്വാദി പാര്‍ട്ടിയും (ഒമ്പത്) പിന്തുണച്ച് വോട്ടുചെയ്യുകതന്നെ വേണം. ഇല്ലെങ്കില്‍ ദയനീയ പരാജയമാകും ഫലം. എസ്പിയും ബിഎസ്പിയും വേട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന അഭ്യൂഹവുമുണ്ട്. വിഷയത്തില്‍ സര്‍ക്കാറിന് അനുകൂലമായി നിലപാട് മയപ്പെടുത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും ചുവടുമാറ്റിയതായും കേള്‍ക്കുന്നു. വോട്ടെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് എടുത്തിട്ടില്ലന്ന്മ് സ്പീക്കറുടെ തീരുമാനം വന്നശേഷം പറയാമെന്നുമാണ് ടിഎംസി പറഞ്ഞിരിക്കുന്നത്.
വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയെന്ന ആവശ്യത്തിലുടക്കി ശീതകാല സമ്മേളനത്തിെന്റ ആദ്യനാലുദിനം ബഹളത്തില്‍ ഇരുസഭകളും മുങ്ങുകയായിരുന്നു. നടപടികളൊന്നും പൂര്‍ത്തിയാക്കാനായില്ല. ഇതിനിടെ രണ്ടുവട്ടം സര്‍വകക്ഷിയോഗം ചേര്‍ന്നുവെങ്കിലും വോട്ടെടുപ്പിന് സര്‍ക്കാര്‍ വഴങ്ങിയില്ല. ഡി.എം.കെ ഉള്‍പ്പെടെയുള്ള യുപിഎ കക്ഷികളുടെ വോട്ടും പുറത്തുനിന്ന് പിന്തുണക്കുന്ന എസ്പി, ബിഎസ്പി എന്നിവയുടെ സഹായവും ഉറപ്പായ ഘട്ടത്തിലാണ് സര്‍ക്കാര്‍ വോട്ടെടുപ്പിന് വഴങ്ങിയത്. ചില്ലറ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ എതിര്‍ക്കുമ്പോള്‍തന്നെ സഭക്കുള്ളില്‍ സര്‍ക്കാറിനെ സഹായിക്കുകയാണ് യുപിഎ ഘടകകക്ഷികള്‍ ചെയ്യുന്നത്. ജനങ്ങളെ ദ്രോഹിക്കുകയും രാജ്യത്തിന്റെ സമ്പദ്ഘടന അടിയറവ് വയ്ക്കുകയും ചെയ്യുന്ന നയം കോണ്‍ഗ്രസ് തുടരുമ്പോള്‍ അതിനെ താങ്ങുന്ന സമീപനം കള്ളന് കഞ്ഞിവയ്ക്കുന്നതിന് തുല്യമാണ്. ഏതായാലും പ്രതിപക്ഷം പൊരുതിതന്നെയാണ് വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയ്ക്ക് അവസരം നേടിയത്. സര്‍ക്കാരിന്റെ സന്നദ്ധതയാകട്ടെ വൈകിവന്ന വിവേകവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: