കൊച്ചി: ആഗോള ഗതിവേഗ വികസന നഗരമായി കൊച്ചിയും, ഇന്ത്യയുടെ ഭാവി രൂപീകരണ നഗരങ്ങളായി കൊച്ചിയ്ക്കൊപ്പം തിരുവനന്തപുരം-കോഴിക്കോട് നഗരങ്ങളും പട്ടികയിലെത്തി. ആധുനികവല്‍ക്കരണത്തില്‍ നഗരങ്ങളുടെ മുന്നേറ്റം വിലയിരുത്തിയും ഭാവി വികസന സാധ്യതകള്‍ കണ്ടറിഞ്ഞും വ്യവസായ-വാണിജ്യ വിപണന മേഖലകളുടെ മുന്നേറ്റം കണ്ടറിഞ്ഞുമാണ് നഗരപട്ടിക തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങളുടെ ജീവിത ചെലവിന്റെ വര്‍ധന ഇന്ത്യന്‍ നഗരങ്ങളില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാക്കിയതായും അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്നേറ്റ പദ്ധതികള്‍ അനിവാര്യമാണെന്നും വിലയിരുത്തിയാണ് നഗരമുന്നേറ്റ പട്ടിക ഒരുക്കിയിരിക്കുന്നത്.
ലോകത്തെ ഗതിവേഗ വികസന നഗര പട്ടികയില്‍ കൊച്ചിയുടെ സ്ഥാനം 164-ാമത്തെതാണ്. 300 ഓളം നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ കൊല്‍ക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങളെ പിന്നിലാക്കിയാണ് കൊച്ചി പട്ടികയിലിടം നേടിയിരിക്കുന്നത്. ഇന്ത്യയിലെ 37 നഗരങ്ങളാണ് ഗതിവേഗ വികസന സാധ്യത പട്ടികയിലിടം നേടിയിരിക്കുന്നത്. പ്രതിവര്‍ഷം 1.75 ശതമാനം വികസന നിരക്കാണ് കൊച്ചിയുടെതെന്ന് അമേരിക്ക ആസ്ഥാനമായുള്ള സംഘടന വിലയിരുത്തുന്നു. ചൈനയിലെ ബാഖായ് നഗരിയാണ് അഞ്ച് ശതമാനം വികസന നിരക്കുമായി ഒന്നാമത്. അഫ്ഗാനിലെ കാബല്‍, മാലിദ്വീപിലെ ബമ്മക്കോ എന്നിവ ഇന്ത്യന്‍ നഗരങ്ങളെക്കാള്‍ പട്ടികയില്‍ മുന്‍നിരയിലാണ്. ന്യൂദല്‍ഹി, ജയ്പൂര്‍, രാജ്കോട്ട്, സൂറത്ത്, പാറ്റ്ന എന്നിവയ്ക്കൊപ്പം തെക്കെയിന്ത്യയിലെ ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, മധുര എന്നീ നഗരങ്ങളും പട്ടികയിലിടം നേടിയിട്ടുണ്ട്. വാര്‍ഷിക ജനസംഖ്യാ വര്‍ധനവ്, വികസന സാധ്യതകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് ഗതിവേഗപട്ടികയില് കൊച്ചിയുടെ സാധ്യതക്കിടയാക്കിയത്.
ഇന്ത്യയിലെ വികസനമുന്നേറ്റ നഗര പട്ടികയിലാണ് കൊച്ചിയും തിരുവനന്തപുരവും കോഴിക്കോട് നഗരവും ഇടംനേടിയത്. ഭാരതത്തിന്റെ ഭാവി രൂപീകരണ നഗരങ്ങളുടെതാണ് പട്ടിക. ഭാരതത്തിലെ 36 നഗരങ്ങളാണ് പട്ടികയിലുള്ളത്. ജനസംഖ്യ, നഗരസവിശേഷത, സംസ്ക്കാരം, വാണിജ്യ-വ്യവസായ സാധ്യതകള്‍, ടൂറിസം, ഐടി, ബയോ-ടെക്നോളജി, ഗവേഷണം, ഗതാഗത സൗകര്യം തുടങ്ങി ബഹുമുഖ സാധ്യതകള്‍ വിലയിരുത്തിയാണ് മുന്‍നിര പട്ടിക ഒരുക്കിയിരിക്കുന്നത്. 2011ല്‍ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റീസ്ട്രക്ചറിങ് എന്‍വയോണ്‍മെന്റ് ആന്റ് മാനേജ്മെന്റാണ് പഠന വിധേയമാക്കി ഭാരത വികസന മുന്നേറ്റ നഗര പട്ടിക തയ്യാറാക്കിയത്.
കേരളത്തില്‍ തലസ്ഥാന നഗരിയായ തിരുവനന്തപുരം സംസ്ഥാനത്തെ ഐടി കയറ്റുമതി 80 ശതമാനം വിഹിതം സംഭാവന നല്‍കുന്നതായാണ് പഠന റിപ്പോര്‍ട്ട്. 64 വിദ്യാഭ്യാസ സ്ഥാപനങ്ങളും, മെഡിക്കല്‍, ഐടി, ബയോടെക്നോളജി സാധ്യതകളുള്ളതാണ് തിരുവനന്തപുരം നഗരം. സംസ്ക്കാരം, ഗവേഷണമേഖല, ടൂറിസം എന്നിവയുടെ മുന്നേറ്റ സാധ്യതകളും പഠന വിധേയമാക്കിയിട്ടുണ്ട്.
വാണിജ്യ-വ്യവസായ നഗരിയായാണ് കൊച്ചിയുടെ സവിശേഷത വിലയിരുത്തിയിരിക്കുന്നത്. ഐടി, ടൂറിസം, വിദ്യാഭ്യാസ മേഖലയ്ക്ക് വന്‍ വികസന സാധ്യതയുള്ള നഗരമായും കപ്പല്‍ നിര്‍മാണ വ്യവസായം, സമുദ്രോല്‍പ്പന്ന സംസ്ക്കരണം, കയറ്റുമതി കേന്ദ്രം എന്നിവയുടെ മുന്നേറ്റവും കൊച്ചിയ്ക്ക് വന്‍ മുന്നേറ്റമാണ് നല്‍കിയിരിക്കുന്നത്. 20ഓളം വന്‍കിട അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കൊച്ചി കോസ്മോപോളിറ്റന്‍ നഗരമായി വളരുകയാണ്.
അന്താരാഷ്ട്ര ടെര്‍മിനല്‍, തുറമുഖം, ജലഗതാഗത സൗകര്യം എന്നിവ കൊച്ചിയെ കപ്പല്‍ ഗതാഗത മേഖലയുടെ ഹബ്ബാക്കി മാറ്റുവാന്‍ സാധിക്കുമെന്നും തോട്ടവിള കയറ്റുമതി കേന്ദ്രമാക്കാമെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്രതലത്തില്‍ ടൂറിസം മുന്നേറ്റവും അംഗീകാരവും നേടിയ കൊച്ചി ആഗോള ടൂറിസം വികസന സാധ്യത മുന്നേറ്റ നഗരങ്ങളിലൊന്നാണ്. 37 ശതമാനം നിര്‍മാണ മേഖലയും 20 ശതമാനം വാണിജ്യ-വ്യവസായ മേഖലയുടേയും വാര്‍ഷിക സംഭാവന നല്കുന്ന കൊച്ചിയില്‍ ബാങ്കിംഗ് മേഖലയും ആരോഗ്യ സേവന മേഖലയും കുതിപ്പിന്റെ പാതയിലുമാണ്.
സര്‍ക്കാരിന്റെ സൈബര്‍ പാര്‍ക്കും പരിസ്ഥിതി ടൂറിസം സാധ്യതകളുമാണ് കോഴിക്കോട് നഗരത്തെ ഇന്ത്യന്‍ വികസന സാധ്യത പട്ടികയിലെത്തിച്ചത്. 84 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മലബാറിന്റെ പഴയകാല കോര്പ്പറേഷന് നഗരത്തില്‍ വാണിജ്യ സാധ്യതകളും ചെറുകിട തുറമുഖ നഗരങ്ങള്‍ക്കായുള്ള സാധ്യതകളും ഏറെയാണ്. ഇന്ത്യയുടെ ഭാവി രൂപീകരണ നഗര പട്ടികയില്‍ കര്‍ണാടകയില്‍നിന്ന് മംഗലാപുരം, മൈസൂര്‍, ബെല്‍ഗാം എന്നിവയും തമിഴ്നാട്ടില്‍നിന്ന് മധുര, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, സേലം എന്നിവയും ആന്ധ്രയില്‍നിന്ന് വിജയവാഡ, വിശാഖപട്ടണം എന്നിവയുമുണ്ട്.
ഇന്ത്യയുടെ സാമ്പത്തിക-വാണിജ്യ വിപണി, ടൂറിസം, വ്യവസായ സാധ്യത മുന്നേറ്റം വിലയിരുത്തുന്ന പഠനങ്ങളില്‍ കേരള നഗരങ്ങളും പഠനവിഷയമാക്കുന്നത് വന്‍ സാധ്യതയാണ് മലയാളക്കരയ്ക്ക് ലഭിക്കുന്നത്. വികസന-ഗതിവേഗ മുന്നേറ്റ നഗരസാധ്യത പഠനങ്ങള്‍ക്കൊപ്പം അടിസ്ഥാന സൗകര്യ വികസനം, ആളോഹരി വരുമാനം, ആരോഗ്യപരിപാലനം, ആധുനിക വല്‍ക്കരണം എന്നിവയും പഠന വിഷയമാക്കുന്നുണ്ട്. സ്മാര്‍ട്ട്സിറ്റി, എല്‍എന്‍ജി ടെര്‍മിനല്‍, മെട്രോ റെയില്‍, ഫിലിം സിറ്റി തുടങ്ങി ആഗോള നിലവാര പദ്ധതികളുടെ പൂര്‍ത്തീകരണം കൊച്ചി നഗരത്തിന് വന്‍ കുതിപ്പാണുണ്ടാക്കുക. ടൂറിസം വളര്‍ച്ചയ്ക്കൊപ്പം കണ്വെന്ഷന് നഗര സാധ്യതയും കേരളത്തിലെ പഴയകാല വാണിജ്യ-വ്യവസായ-തുറമുഖ നഗരിയായ ‘കൊച്ചി’യെ ആഗോള ശ്രദ്ധാകേന്ദ്രമാക്കുകയും ചെയ്യും. പ്രതിദിനം ഒരു ലക്ഷത്തിലേറെ ജനങ്ങളുടെ പോക്ക് വരവ് നടക്കുന്ന കൊച്ചി സംസ്ഥാനത്തിന്റെ സുപ്രധാന സാമ്പത്തിക നേട്ടത്തിന്റെ നഗരമായും മാറുമെന്നാണ് ആഗോള സംഘടനകളുടെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
- എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: