ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ അഫ്സല് ഗുരുവിന്റെ അടക്കം ഏഴു ദയാഹര്‍ജികള്‍ പുന:പരിശോധിക്കുന്നതിനായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ആഭ്യന്തരമന്ത്രിക്ക് തിരിച്ചയച്ചു. പി ചിദംബരത്തിനു പകരം സുശീല്‍ കുമാര്‍ ഷിന്‍ഡെ ആഭ്യന്തരമന്ത്രി സ്ഥാനം ഏറ്റെടുത്തതിനെതുടര്‍ന്നാണ് നടപടി. ആഭ്യന്തരമന്ത്രി മാറിയാല്‍ ദയാഹര്‍ജി പുന:പരിശോധനക്ക് മടക്കുന്ന പതിവുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വീശദീകരണം.
അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയ പശ്ചാത്തലത്തില്‍ അഫ്സല് ഗുരുവിന്റെ ദയാഹര്‍ജിയുടെ കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന . ഇതിനായി സമ്മര്‍ദ്ദം ഉയര്‍ന്നിട്ടുണ്ട്.എന്നാല്‍ അഫ്സല് ഗുരുവിന്റെ വധ ശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒട്ടേറെ രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അജ്മല്‍ കസബ് പാക്കിസ്ഥാന് പൗരനാണെങ്കില്‍ അഫ്സല് ഗുരു കാശ്മീര്‍ സ്വദേശിയാണ്. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയാല്‍ കാശ്മീരിലെ പ്രതികരണം എന്തായിരിക്കുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്.
2001 ല്‍ ഡിസംബര്‍ 13 ന് നടന്ന പാര്‍ലമെന്റ് ആക്രമണത്തില്‍ ഗൂഢാലോചന കുറ്റം ചുമത്തി വിചാരണകോടതി അഫ്സലിന് വധശിക്ഷ വിധിക്കുകയായിരുന്നു. ദല്‍ഹി ഹൈക്കോടതിയും സുപ്രിം കോടതിയും വധശിക്ഷ ശരിവച്ചതോടു കൂടി 2006 ഒക്ടോബര്‍ 20 ന് അഫ്സലിനെ തൂക്കിലേറ്റാനായിരുന്നു തീരുമാനം . എന്നാല്‍ അദ്ദേഹത്തിന് ഭാര്യ തബസു ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് നാലിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഫ്സല് ഗുരുവിന്റെ ദയാഹര്‍ജിയില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്ക് ഫയല്‍ കൈമാറിയത്. അഫ്സല് ഗുരുവിന്റെ ദയാഹര്‍ജി തള്ളണമെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ ആവശ്യം.
വധശിക്ഷ വിധിക്കപ്പെട്ട അഫ്സല് ഗുരു ഉള്‍പ്പെടെ ഏഴു പേരുടെ ദയാഹര്‍ജിയില്‍ വീണ്ടും തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആഭ്യന്തരമന്ത്രാലയത്തിന് ഫയല്‍ തിരിച്ചയച്ചിരിക്കുന്നത്. അതേസമയം ഏഴുപേരുടെ ദയാഹര്‍ജികള്‍ ഉടന്‍ തീരുമാനം എടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: