പെരുമ്പാവൂര്‍: മാസങ്ങള്‍ക്കുള്ളില്‍ പെരുമ്പാവൂരില്‍ ഐഎന്‍ടിയുസിയുടെ പേരില്‍ രണ്ട് പ്രകടനങ്ങളും പൊതുയോഗങ്ങളും. ആദ്യത്തേത് കോണ്‍ഗ്രസ് എ വിഭാഗത്തിന്റേത്. ശനിയാഴ്ച നടന്നത് ഐ വിഭാഗത്തിന്റേത്. പെരുമ്പാവൂരിലെ കോണ്‍ഗ്രസില്‍ എയും ഐയും ശക്തിപ്രകടനം നടത്തുമ്പോള്‍ മണിക്കുറുകളോളം പെരുവഴിയിലായത് പൊതുജനങ്ങളാണ്. ഒരു മാസം മുമ്പ് എ വിഭാഗത്തിന്റെ ശക്തി തെളിയിക്കലില്‍ ടി.എച്ച്.മുസ്തഫയും കൂട്ടരും റാലി നടത്തിയിരുന്നു. കഴിഞ്ഞദിവസം നടന്ന ഐ വിഭാഗത്തിന്റെ റാലിക്ക് പി.പി.തങ്കച്ചനും, ടി.പി.ഹസ്സനും മുന്നില്‍ നിന്നു.
രണ്ട് കൂട്ടര് റാലി നടത്തിയെങ്കിലും രണ്ടിലും കൂറെ പേര് പങ്കെടുക്കുകയും ചെയ്തു. ഏറ്റവും വലിയ ഗതാഗത തടസ്സം അനുഭവപ്പെടുന്ന പെരുമ്പാവൂര്‍ ടൗണില്‍ വാഹനങ്ങള്‍ തിരിച്ച് വിടാനാകാതെ ഉദ്യോഗസ്ഥരും വലഞ്ഞു. ഗവ.ആശുപത്രിപ്പടിയിലും, യാത്രിനിവാസിലും ബസ് കാത്ത് നിന്ന നിരവധി പേരാണ് ബസ് കിട്ടാതെ വലഞ്ഞത്. മിക്കബസുകളും റൂട്ട് മാറിയാണ് ഓടിയത്. ഒരു സംഘടനതന്നെ അതിനുള്ളിലെ ഗ്രൂപ്പ് പോരിന്റെ വെളിച്ചത്തില്‍ നിരവധി പരിപാടികളുമായി ജനങ്ങളെ ബുധിമുട്ടിക്കുന്നത് ആദ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.
എ ഗ്രൂപ്പിന്റെ റാലിയില്‍ പി.പി.തങ്കച്ചനെയും, ടി.പി.ഹസ്സനെയും പേരെടുത്ത് പറഞ്ഞ് ടി.എച്ച്.മുസ്തഫ വിമര്‍ശിച്ചിരുന്നെങ്കിലും അതിനൊന്നും മറുപടി പറയാന്‍ യുഡിഎഫ് കണ്‍വീനര്‍ തയ്യാറായില്ല. എന്നാല്‍ ടി.എച്ച്.മുസ്തഫയും കൂട്ടരും നടത്തിയത് കള്ള്കച്ചവടക്കാരുടെയും കള്ളപ്പണക്കാരുടെയും റാലിയായിരുന്നുവെന്ന് ഒരു റീജണല്‍ നേതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന റാലിയിലും സമ്മേളനത്തിലും ഐഎന്‍ടിയുസിയുടെ ദേശീയ, സംസ്ഥാന, ജില്ലാ അദ്ധ്യക്ഷന്മാരെല്ലാം പങ്കെടുത്തിരുന്നു. അതിനാല്‍ തങ്ങളുടേതാണ് യഥാര്‍ത്ഥ ഐഎന്‍ടിയുസി എന്ന് തെളിഞ്ഞതായി ജില്ലാ പ്രസിഡന്റ് ടി.പി.ഹസ്സന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: