കൊച്ചി: ആയുര്‍വേദ ചികിത്സാ മേഖല വെല്ലുവിളികള്‍ നേരിടുന്നു. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള കടന്നുകയറ്റവും അംഗീകാരവും വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പുമേകിയ ആയൂര്‍വേദ ചികിത്സാ-മരുന്നു മേഖല ബഹുമുഖതല വെല്ലുവിളികള്‍ നേരിടുകയാണ്. മരുന്ന് ക്ഷാമം, അസംസ്കൃത വസ്തു ദൗര്‍ലഭ്യം, വ്യാജമരുന്നുകള്‍, ചികിത്സാരീതികള്‍, പരമ്പരാഗത ശൈലിയില്‍നിന്നുള്ള ചുവടുമാറ്റം, സര്‍ക്കാര്‍ നയം, കോര്‍പ്പറേറ്റ്-സ്വകാര്യ മേഖല കടന്നുകയറ്റം തുടങ്ങി വിവിധതലങ്ങളിലുള്ള വെല്ലുവിളികള്‍ നേരിടുന്ന ആയൂര്‍വേദ മേഖല വന്‍പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ പരമ്പരാഗത ചികിത്സാ രീതിയ്ക്കൊപ്പം സാംസ്ക്കാരികതയുടെ ഭാഗം കൂടിയാണ് ആയൂര്‍വേദ മേഖല. വ്യാവസായിക-സേവന-വിപണന ശൃംഖലയിലൂടെ പ്രതിവര്‍ഷം 10000 കോടിയോളം രൂപയുടെ ക്രയവിക്രയങ്ങള്‍ നടക്കുന്ന ആയൂര്‍വേദ മേഖലയിലെ വെല്ലുവിളി പരമ്പരാഗത ചികിത്സാ രീതിയുടെ ഭാവിയെ തന്നെ തകര്‍ച്ചയുടെ നിഴലിലാഴ്ത്തിയിരിക്കയാണെന്നാണ് റിപ്പോര്‍ട്ട്.
പരമ്പരാഗതമായി പ്രത്യേകകാലഘട്ടങ്ങളില് നടന്നുവരുന്ന ആയൂര്‍വേദ ചികിത്സാ സംവിധാനങ്ങളും രീതികളും വിനോദ സഞ്ചാരത്തിന്റെ മറവില്‍ കാലഭേദമന്യേയുള്ള ചികിത്സക്കായി മാറിക്കഴിഞ്ഞു. വിദേശികള്‍ക്ക് ഏറെപ്രിയംകരമായതോടെ വളര്‍ന്നുവരുന്ന വന്‍ വാണിജ്യ സാധ്യതമുന്നില് കണ്ട്. മുറി വൈദ്യന്മാരും-കോര്‍പ്പറേറ്റ്-സ്വകാര്യ സംരംഭകരും ആയൂര്‍വേദ കേന്ദ്രങ്ങളുമായി സജീവമായത് ചികിത്സാ രീതികളെ അട്ടിമറിക്കപ്പെടുവാനും ഇടയാക്കി. ഇന്ത്യയിലേക്ക് കടന്നുവരുന്ന വിനോദസഞ്ചാരികള്‍ക്ക് തനത് ശൈലിയിലും-പരമ്പരാഗത രീതിയിലുള്ള ചികിത്സകള്‍ ഒഴിവാക്കി ക്യാപ്സൂള്‍ ചികിത്സകള്‍ നടത്തിക്കൊണ്ട് വ്യാജകേന്ദ്രങ്ങള്‍ വളര്‍ന്നുവരികയും പരമ്പരാഗത ആയൂര്‍വേദ കേന്ദ്രങ്ങള്‍ക്ക് വന്‍ വെല്ലുവിളികളുയര്‍ത്തുകയും ചെയ്യുകയാണിന്ന്.
ഇന്ത്യയിലെ മുന്‍നിര വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗോവ, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, ഉത്തരാഞ്ചല്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ കേരളത്തിന്റെ തനത് പരമ്പരാഗത ചികിത്സാ രീതിയായ ആയൂര്‍വേദ കേന്ദ്രങ്ങളുടെ വളര്‍ച്ചയുമായി മുന്നേറിക്കൊണ്ടിരിക്കയാണ്. നാട്ടറിവും നാടന്ശൈലിയുമായുള്ള ആയൂര്‍വേദ മേഖലയെ വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്ന വാണിജ്യവല്‍ക്കരണ നയം വളര്‍ന്നുവരുന്നത് മറ്റൊരു വെല്ലുവിളിയായും മാറുകയാണ്. വേണ്ടത്ര പരിശീലനമോ ചികിത്സാ രീതി പഠനമോ കൂട്ടുമരുന്നുകളോ ഇല്ലാതെ വ്യാജകേന്ദ്രങ്ങളില്‍ വ്യാപകമായി നടക്കുന്നതായി പരമ്പരാഗത കേന്ദ്രങ്ങള്‍ പരാതിപ്പെടുകയാണ്. 10,000 ത്തോളം ആയൂര്‍വേദ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയില്‍ 50 ശതമാനത്തിലേറെയും അനധികൃതവും വ്യാജകേന്ദ്രങ്ങളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള ടൂറിസം നയത്തിന്റെ ഭാഗമായി ആയൂര്‍വേദ കേന്ദ്രങ്ങളെ നികുതി മുക്തമാക്കുന്നത് വ്യാജന്മാര് പെരുകുന്നതിന് കാരണമാകുന്നതായും ബന്ധപ്പെട്ടവര്‍ പറയുന്നു. ചില സംസ്ഥാനങ്ങള്‍ ആയൂര്‍വേദ മരുന്ന് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് വന്‍ തുക സബ്സിഡിയും നല്‍കിവരുന്നുണ്ട്. കൂടാതെ ആയൂര്‍വേദ പഠനകേന്ദ്രങ്ങള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവ സ്ഥാപിക്കുവാനും അന്യസംസ്ഥാനങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ ആയൂര്വേദമേഖലയ്ക്ക് വന്‍ വികസനവും വ്യവസായ ശ്രേണിയുടെ മാനവും നല്‍കിക്കഴിഞ്ഞു.
ആഭ്യന്തര-അന്തര്‍ദ്ദേശീയ മേഖല അംഗീകാരവും വികസന കുതിപ്പുമേകുന്ന ആയൂര്‍വേദ മേഖല നേരിടുന്ന വന്‍ വെല്ലുവിളി അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യമാണെന്ന് മരുന്ന് നിര്‍മാണ കേന്ദ്രങ്ങള്‍ പറയുന്നു. വ്യാപകമായ നഗരവല്‍ക്കരണവും വനനശീകരണവും ഭൂമി കയ്യേറ്റങ്ങളുമെല്ലാം ആയൂര്വേദമേഖലയ്ക്കാവശ്യമായ പച്ചമരുന്ന് സസ്യങ്ങളുടെ നശീകരണത്തിനും പുനര്‍കൃഷി സാധ്യത ഇല്ലാതാക്കുവാനും കാരണമായിക്കഴിഞ്ഞു. കേരളത്തിലെ സഹ്യാദ്രി മലനിരകളും വയലുകളും നാട്ടുപ്രദേശങ്ങളിലെ ചെറുകൃഷിയിടങ്ങളും, നാട്ടുവരമ്പുകളും ഇന്ന് നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്. ഇത് സസ്യ ഔഷധ ചെടികളുടെ ലഭ്യതയ്ക്ക് തിരിച്ചടി നേരിടുകയും ചെയ്തു കഴിഞ്ഞു. മലയാളക്കരയിലെ മലയാളികളുടെ വികസന സങ്കല്പ്പമാറ്റം ആയൂര്വേദമേഖലയുടെ വളര്‍ച്ചയ്ക്ക് വന്‍ തിരിച്ചടിയായി മാറിക്കഴിഞ്ഞു. പച്ചമരുന്ന് ചെടി കൃഷി വാണിജ്യാടിസ്ഥാനത്തില്‍ തുടങ്ങുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുകയാണ്. ഇത് ആയൂര്വേദമരുന്നുല്പ്പാദന ചെലവ് വര്ധിക്കുവാനും മരുന്നുവിലകള്‍ കുതിച്ചുയരുവാനും ഇടയാക്കി കഴിഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനകം അസംസ്കൃത മരുന്ന് ചെടികളുടെ വിലയില്‍ 200 ശതമാനം വരെ വര്‍ധവുണ്ടായതായാണ് ഉല്‍പ്പാദകര്‍ പറയുന്നത്.
ആയൂര്‍വേദ മരുന്നുകളുടെ വില വര്‍ധന വ്യാജമരുന്നുകള്‍ വിപണിയില്‍ കടന്നെത്തുവാനും വഴിയൊരുക്കിക്കഴിഞ്ഞു. കഷായം, എണ്ണകള്‍, തൈലം, ലേഹ്യങ്ങള്‍ എന്നിവ പ്രാദേശികാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിച്ച് പരമ്പരാഗത മരുന്ന് കേന്ദ്രങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പേരില്‍ വിറ്റഴിക്കപ്പെടുന്നതായും വിപണന കേന്ദ്രങ്ങള്‍ പറയുന്നു.
വികസന കുതിപ്പേകുന്ന ആയൂര്‍വേദ മേഖലയില്‍ നിയന്ത്രണങ്ങളുടെ പേരിലുള്ള സര്‍ക്കാര്‍ നയങ്ങളും നടപടികളും പരമ്പരാഗത ചികിത്സാ കേന്ദ്രങ്ങളെപ്പോലും തകര്‍ക്കുന്നതായി മാറുകയാണ്. വ്യാജന്മാരേയും തട്ടിപ്പുകേന്ദ്രങ്ങളെയും ഇല്ലായ്മ ചെയ്യുന്നതിന്റെ പേരില്‍ നടക്കുന്ന ലൈസന്‍സിങ് നിബന്ധനകളും നികുതി നിര്‍ദ്ദേശങ്ങളും മരുന്നു പ്ലാന്റുകളുടെ സംവിധാനങ്ങളും സേവനനിരക്കുകളുടെ വര്‍ധനയുമെല്ലാം യഥാര്‍ത്ഥ ആയൂര്‍വേദ കേന്ദ്രങ്ങള്‍ക്ക് നിലനില്‍പ്പിന്റെ വെല്ലുവിളിയാണുയര്‍ത്തുന്നത്. രാജ്യത്തെ 1300 ഓളം ആയൂര്‍വേദ യൂണിറ്റുകളുടെ വന്‍ ശൃംഖലയെ കണ്ടില്ലെന്ന് നടിച്ചുകൊണ്ടും ഇവരെ ചികിത്സാ സംവിധാനങ്ങള്‍ക്ക് അനുകൂല ഘടകമാക്കി. ആയൂര്‍വേദ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെതെന്നും ആരോപണമുയര്‍ന്നുകഴിഞ്ഞു. നയങ്ങളുടേയും നടപടികളുടേയും മറവില്‍ ആയൂര്വേദകേന്ദ്രങ്ങളെയും മരുന്നു വിപണന ശൃംഖലയെയും പീഡിപ്പിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥ കേന്ദ്രങ്ങളുടെതെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.
വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനമേകിയും പരമ്പരാഗത ചികിത്സാ സംവിധാനത്തെ നിലനിര്‍ത്തിയും വളര്‍ത്തിയുമുള്ള ആയുര്‍വേദചികിത്സാ മേഖലയെ നിലനിര്‍ത്തേണ്ടത് അനിവാര്യമായി മാറിക്കൊണ്ടിരിക്കയാണ്. വ്യാജന്മാരെ ഇല്ലായ്മ ചെയ്തും അനിയന്ത്രിത വില വര്‍ധന ഒഴിവാക്കിയും അസംസ്കൃത ഔഷധ സസ്യ കൃഷി പ്രോത്സാഹിപ്പിച്ചും മലയാളക്കരയുടെ പരമ്പരാഗത ചികിത്സാ രീതിയെ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ തല സംവിധാനമൊരുക്കണമെന്നാണ് ആയൂര്‍വേദ ചികിത്സ-മരുന്ന് നിര്‍മാണ-വിപണന ശൃംഖലകള്‍ സംയുക്തമായി ആവശ്യമുയര്‍ത്തുന്നത്. കോര്‍പ്പറേറ്റ്-സ്വകാര്യ മേഖലയുടെ കൈകളില്‍നിന്ന് ആയൂര്‍വേദ രംഗത്തെ രക്ഷിക്കുവാന്‍ ജനകീയ ബോധവല്‍ക്കരണവും ഉയര്‍ന്നുവരണം.
- എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: