കേരളത്തിലെ അത്യപൂര്‍വമായ ഗന്ധര്‍വക്ഷേത്രങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ക്ഷേത്രമാണ് മണിയശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ സ്വാമി ക്ഷേത്രം. വൈഷ്ണവവംശജനായ ഗന്ധര്വന് പ്രധാന ദേവനായികുടികൊള്ളുന്ന ക്ഷേത്രം, പ്രസിദ്ധമായ വൈക്കത്തപ്പന് വാണരുളുന്ന വൈക്കം താലൂക്കില്‍ മറവന്‍ തുരുത്തിലാണ് സ്ഥിതിചെയ്യുന്നത്. വൈക്കത്ത് ചെമ്പ് ടോള്‍ ജംഗ്ഷനില്‍നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ കിഴക്കോട്ട് പോകുമ്പോള്‍ ചിരപുരാതനമായ ഈ ക്ഷേത്രം കാണാം. തിരുവിതാംകൂര്‍ വിശാഖം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് സുപ്രസിദ്ധനായിരുന്ന ശ്രീ നീലകണ്ഠപിള്ള സര്‍വാധികാര്യക്കാരുടെ തറവാടാണ് ‘സ്വാമി’ എന്ന് ഭക്തജനലക്ഷങ്ങളും കുടുംബങ്ങളും വിളിച്ചുപോരുന്ന ആ ശക്തിസ്വരൂപന്റെ ആവാസ സ്ഥലം. പണ്ട് ആ തറവാടിന്റെ അറയ്ക്കകത്ത് ആരാധിച്ചുപോന്നിരുന്ന സ്വാമിയേയും രണ്ട് അമ്മമാരേയും പില്ക്കാലത്ത് ക്ഷേത്രം നിര്‍മിച്ച് പ്രതിഷ്ഠിച്ചു. ഇന്ന് ആ ക്ഷേത്രം, ഒരു മഹാക്ഷേത്രത്തിന്റെ കെട്ടിലും മട്ടിലും ഉയര്‍ന്ന് “സ്വാമി” ആ ദേശദേവനായി ലക്ഷ്മീ നാരായണ സങ്കല്‍പ്പത്തില്‍ കുടികൊള്ളുന്നു.
ഭക്തിക്കും മുക്തിക്കും നാമജപം പോലെ ശക്തവും സരളവുമായ മാര്‍ഗം മറ്റൊന്നില്ലെന്ന ഉപദേശം ഭക്തജനങ്ങള്‍ക്ക് പകര്‍ന്ന് നല്കുന്ന ശക്തിയാണ് ക്ഷേത്രത്തിലെ പ്രധാന ദേവനായ ‘ശ്രീവൈഷ്ണവ ഗന്ധര്‍വസ്വാമി. താംബൂലം, അലങ്കാരങ്ങള്‍, കരിക്ക്, പൂവന്‍പഴം, പാല്‍പ്പായസം മുതലായ നിവേദ്യങ്ങളോട് കൂടിയുള്ള ഗന്ധര്‍വപൂജ വിവാഹതടസങ്ങള്‍ മാറുന്നതിനും, ഐശ്വര്യം സമ്പല്‍സമൃദ്ധി, സന്താനസൗഭാഗ്യം, അഭീഷ്ടകാര്യസിദ്ധി എന്നിവയ്ക്കും മറ്റുമായി ഭക്തജനങ്ങള്‍ നടത്തിപ്പോരുന്നു. വളരെ പ്രസിദ്ധമായ ഈ ഗന്ധര്‍വപൂജ എല്ലാവിധ നന്മകള്ക്കും വഴിയൊരുക്കുന്നു എന്ന് ഭക്തജനങ്ങള്‍ അനുഭവങ്ങളില്‍ക്കൂടി വിശ്വസിച്ചുപോരുന്നു.
ഗണപതി, അയ്യപ്പന്, ത്രിപുരസുന്ദരീദേവി, വെള്ളാം ഭഗവതി, ബ്രഹ്മരക്ഷസ്, യോഗീശ്വരന്, സര്‍പ്പദേവതകള്‍ എന്നിവരുടെ പ്രതിഷ്ഠകള്‍ ഉള്‍പ്പെടെ ക്ഷേത്രപരിസരം ഒരു ദൈവീകശക്തിയുടെ അന്തരീക്ഷം ഭക്തജനങ്ങള്‍ക്ക് നല്കുന്നു. ഗന്ധര്‍വന്‍പാട്ടും സര്‍പ്പക്കളമെഴുത്തും പാട്ടും ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ച് മുടങ്ങാതെ ആണ്ടുതോറും നടത്തിപ്പോരുന്നു.
വാര്‍ഷികദിനമായ മേടമാസരോഹിണിനാളില്‍ ദേശത്തുനിന്നും ഒരു താലപ്പൊലി ഈ ക്ഷേത്രസന്നിധിയില്‍ എത്തുന്നു. ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ് കേരളത്തിനുപുറത്തുനിന്നും, വിദേശങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ എത്തി പൂജകള്‍ചെയ്ത് തൃപ്തരായി മടങ്ങുന്നു. ലക്ഷാര്‍ച്ചന, പൂമൂടല്‍, ഗണപതിക്ക് അപ്പം മൂടല്‍, ഉദയാസ്തമനപൂജ, സര്‍പ്പബലി മുതലായവ ഈ ക്ഷേത്രത്തിലെ പ്രധാനവഴിപാടുകളില്‍ ചിലതാണ്.
എം.വിജയലക്ഷ്മി അമ്മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: