ചെന്നൈ: ചില്ലറവ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് തീര്‍ച്ചയായ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ ഡിഎംകെ നേതാവ് കരുണാനിധി. ചെറുകിട ഇടത്തരം വ്യാപാരികളെ മറന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്ന് അദ്ദേഹം ഇന്നലെ വ്യക്തമാക്കി. തമിഴ്നാട്ടിലെ ചെറുകിട ഇടത്തരം വ്യാപാരികളെ വിദേശനിക്ഷേപം ഗുരുതരമായി ബാധിക്കുമെന്ന് തീര്‍ച്ചയാണ്. അവരുടെ താത്പര്യം മുന്നിര്ത്തിമാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. ഡിഎംകെ പ്രസിഡന്റ് കൂടിയായ കരുണാനിധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഡിഎംകെ എഫ്ഡിഐ വിഷയത്തില്‍ തീരുമാനം പുറത്തുവിടാതെ സസ്പെന്സില് നിര്‍ത്തുകയാണെന്നും അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമോ എന്ന് വ്യക്തമാക്കുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. താന്‍ നൂറോളം സിനിമകള്‍ക്ക് സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ടെന്നും ഒരു സിനിമ വിജയിക്കണമെങ്കില്‍ സസ്പന്‍സ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും കരുണാനിധി ചൂണ്ടിക്കാട്ടി. ഇടതുപാര്‍ട്ടികളെ ഡിഎംകെ പിന്തുണയ്ക്കുമോ അഥവാ പാര്‍ലമെന്റില്‍ സര്‍ക്കാരിന് അനുകൂലമായി ചില പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തെ എതിര്ക്കുന്നിതിനോട് കൂടെച്ചേരുമോ എന്ന ചോദ്യത്തിന് ഡിഎംകെ പാര്‍ലമെന്ററി പാര്‍ട്ടിയംഗങ്ങളോട് ആലോചിച്ചു മാത്രമേ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം അനുവദിക്കുന്ന ബില്ല് നവംബര്‍ 22ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമ്പോള്‍ മാത്രമേ അറിയാനാകൂ എന്നും കരുണാനിധി കൂട്ടിച്ചേര്‍ത്തു. ബില്ല് വോട്ടിനിട്ടാല്‍ യുപിഎയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ഡിഎംകെയുടെ പതിനെട്ട് എംപിമാരുടെ വോട്ടുകള്‍ യുപിഎയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും. പ്രത്യേകിച്ചും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നണി വിട്ടശേഷം. നേരത്തെ എഫ്ഡിഐ അനുവദിക്കാനുള്ള കേന്ദ്രനീക്കത്തെ ഡിഎംകെ പരസ്യമായി എതിര്‍ക്കുകയും അതിനെതിരെ നടന്ന ദേശവ്യാപക ഹര്‍ത്താലിന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.
എഫ്ഡിഐ സംബന്ധിച്ച ബില്ലിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചാല്‍ ഡിഎംകെ അതിനെ പിന്തുണയ്ക്കുമെന്നും കരുണാനിധി പറഞ്ഞു.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതബാനര്‍ജി സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടു വരുമെന്നും ഇടതുപാര്‍ട്ടികള്‍ ബില്ലിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വോട്ടു ചെയ്യുമെന്നും ഉറപ്പായിട്ടുണ്ട്.
നിക്ഷേപ തീരുമാനത്തെ എന്തുവില കൊടുത്തും പാര്‍ലമെന്റില്‍ എതിര്‍ത്തു തോല്‍പ്പിക്കുമെന്ന് ബിജെപി വ്യക്തമാക്കി. ഇതിനായി എന്‍ഡിഎയിലെ ഘടകകക്ഷികളോടും മറ്റു രാഷ്ട്രീയപാര്‍ട്ടികളോടും ചേര്‍ന്ന് തന്ത്രങ്ങളാവിഷ്കരിക്കും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ എഫ്ഡിഐ അനുവദിക്കുന്ന സര്‍ക്കാര്‍ തീരുമാനം രാജ്യം താത്പര്യം മുന്‍നിര്‍ത്തിയുള്ളതല്ലെന്നും അതിനാല്‍ ശക്തിയായി എതിര്‍ക്കുമെന്നും പാര്‍ട്ടിയുടെ മുഖ്യവക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഇക്കാര്യം എന്‍ഡിഎ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യും. ഈ വിഷയത്തില്‍ സമാനചിന്താഗതിയുള്ള മറ്റു രാഷ്ട്രീയപാര്‍ട്ടികളുമായും ബന്ധപ്പെടും. ശീതകാലസമ്മേളനം ആരംഭിക്കുന്നതിന്റെ തലേന്ന് നവംബര്‍ 21ന് എന്‍ഡിഎ ഘടകകക്ഷികളുടെ യോഗം വിളിക്കും. ഈ വിഷയത്തില്‍ സര്‍ക്കാരിനെ നിലത്തിറക്കാന്‍ തന്നെയാണ് ഉദ്ദേശ്യം. ചില്ലറ വില്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കും മുമ്പ് എല്ലാ വശങ്ങളും പരിശോധിക്കുമെന്നാണ് 2011ല്‍ ധനകാര്യമന്ത്രി ലോകസഭയില്‍ ഉറപ്പു നല്‍കിയത്. സമാനമായ പ്രസ്താവന വാണിജ്യകാര്യമന്ത്രി രാജ്യസഭയിലും നടത്തിയിരുന്നു. പ്രസാദ് ചൂണ്ടിക്കാട്ടി.
ഈ വാഗ്ദാനം സര്‍ക്കാര്‍ ലംഘിച്ചതായും ബിജെപി കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിഷേധവുമായി ഏതറ്റം വരെ പോകുമെന്ന് പ്രധാനപ്രതിപക്ഷമായ ബിജെപി വ്യക്തമാക്കിയില്ല. ഇരുസഭകളിലെയും ഭൂരിഭാഗം എംപിമാരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും എന്‍ഡിഎ വിഷയം വോട്ടിനിടണമെന്ന് ആവശ്യപ്പെടില്ലെന്നും കൂട്ടിച്ചേര്‍ത്തു. മമതബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് ബിജെപിയും എന്‍ഡിഎയും രംഗത്തെത്തുമോ എന്ന ചോദ്യത്തിന് അടുത്ത് നടക്കാന്‍ പോകുന്ന എന്‍ഡിഎ യോഗത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എഫ്ഡിഐ തീരുമാനത്തെ എതിര്‍ക്കുമെന്ന് സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്. ഇരുസഭകളിലും വിഷയം വോട്ടിനിടാന്‍ കഴിയാതെ വന്നാല്‍ സര്‍ക്കാരിന് ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമെടുക്കാം. വോട്ടിനിടാതെ വിഷയം ചര്‍ച്ചചെയ്യാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: