ന്യൂദല്‍ഹി: ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍ അഥവാ ഐ എ സി എന്ന പേര് നവംബര്‍ 26ന് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച ശേഷം താനും അണികളും ഉപയോഗിക്കില്ലെന്ന് അരവിന്ദ കേജ്രിവാള് ഇന്നലെ വ്യക്തമാക്കി. സംഘടനയുടെ മുന്‍ പ്രവര്‍ത്തകര്‍ ആ പേര് നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
അണ്ണാ ഞങ്ങളോട് വളരെ അടുപ്പമുള്ള ആളാണ്. അദ്ദേഹത്തോട് അതിരറ്റ ആദരവാണുള്ളത്. നവംബര്‍ 26ന് പുതിയ പാര്‍ട്ടി രൂപീകരിച്ച ശേഷം ഐ എ സി എന്ന പേര് ഉപയോഗിക്കില്ലെന്നും കേജ്രിവാള് ട്വിറ്ററിലൂടെ അറിയിച്ചു. അണ്ണാ ഹസാരെ തന്റെ ഗുരുവാണെന്നും ദിവസവും ഹസാരെയോട് സംസാരിക്കാറുണ്ടെന്നും കേജ്രിവാള് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം ഐ എ സി എന്ന പേര് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അത് ഉപയോഗിക്കില്ലായിരുന്നു. ഹസാരെയും കൂട്ടാളികളും പേര് തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് കേജ്രിവാള് പ്രതികരിക്കുകയായിരുന്നു.
അതേസമയം ഐ എ സി ഹസാരെയ്ക്കൊപ്പമാണെന്ന് ഹസാരെ സംഘാംഗമായ കിരണ്‍ ബേദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഐ എ സി പേരിലാണ് ജനങ്ങളില്‍ നിന്നും സംഭാവനകള്‍ വാങ്ങിയിരുന്നത്. ജനങ്ങള്‍ക്ക് ഇനിയും ആ പേരില്‍ സംഭാവനകള്‍ നല്‍കാം. അരവിന്ദ് കേജ്രിവാളിന്റെ സംഘടനയുടെ പേര് പബ്ലിക് ക്വാസ് റിസര്‍ച്ച് ഫൗണ്ടോഷന്‍ അഥവാ പി സി ആര് എഫ് എന്നാണെന്നും അവര്‍ പറഞ്ഞു.
സംഘടനയുടെ ബാങ്ക് അക്കൗണ്ട് പുതിയ സംയോജക സമിതിയംഗങ്ങളായ ബേദി, സുനിത ഗോദര, ലെഫ്റ്റനന്റ് കേണല്‍ ബ്രിജേന്ദ്ര കോക്കര്‍ എന്നിവരുടെ പേരിലാണെന്ന് ഹസാരെ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. സംഘടനയുടെ ഐ എ സി എന്ന പേര് നിലനിര്‍ത്താന്‍ ഇന്നലെ ഹസാരെ സംഘാംഗങ്ങളുടെ ആദ്യ യോഗത്തില്‍ തീരുമാനമായി. ഹസാരെയല്ല സംഘടന വിട്ടുപോയതെന്നും അരവിന്ദ് കേജ്രിവാളാണ് രാഷ്ട്രീയ പ്രവേശനത്തിനായി ഗ്രൂപ്പുകളിച്ചതെന്നും ബേദി പറഞ്ഞു. അവര്‍ ഉടന്‍ തന്നെ പാര്‍ട്ടിയുടെ പുതിയ പേര് വെളിപ്പെടുത്തും. പിന്നെ പേരിനെ സംബന്ധിച്ച പ്രശ്നങ്ങളുണ്ടാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി ഹസാരെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയെ പുനസ്സംഘടിപ്പിച്ചത് അവര്‍ ആ പേര് ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നതിന്റെ തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: